ദില്ലി: കൊവിഡ് 19 മഹാമാരി സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ നിര്‍ണായക പ്രഖ്യാപനങ്ങള്‍ നടത്തിവരികയാണ്. ഈ സാഹചര്യത്തില്‍, 1990- 2020 കാലഘട്ടത്തില്‍ തൊഴില്‍ ചെയ്തവര്‍ക്ക് 1,20,000 രൂപ ധനസഹായം ലഭിക്കും എന്നൊരു സന്ദേശം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. 

പ്രചാരണം ഇങ്ങനെ

'1990- 2020 കാലഘട്ടത്തില്‍ തൊഴിലെടുത്തവര്‍ക്ക് കേന്ദ്ര ധനമന്ത്രാലയത്തില്‍ നിന്ന് 1,20,000 രൂപ ലഭിക്കാന്‍ അവകാശമുണ്ട്. ഈ പണം പിന്‍വലിക്കാന്‍ പട്ടികയില്‍ നിങ്ങളുടെ പേരുണ്ടോ എന്ന് പരിശോധിക്കുക'. ധനസഹായത്തിന് അര്‍ഹരാണോ എന്ന് പരിശോധിക്കാനുള്ള ലിങ്ക് സഹിതമാണ് വാട്‌സ്ആപ്പ് സന്ദേശം പ്രചരിക്കുന്നത്. 

വസ്‌തുത

എന്നാല്‍, തൊഴില്‍ മന്ത്രാലയം ഒരുലക്ഷത്തിഇരുപതിനായിരം രൂപ നല്‍കുന്നതായുള്ള സന്ദേശം വ്യാജമാണ് എന്നതാണ് വസ്തുത. 

വസ്‌തുതാ പരിശോധനാ രീതി

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയില്‍ ജോലി ചെയ്തയാളുകള്‍ക്ക് 1,20,000 രൂപ നല്‍കുന്നതായുള്ള പ്രചാരണം വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ(പിഐബി) ആണ് വ്യക്തമാക്കിയത്. പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നതുപോലൊരു പ്രഖ്യാപനം കേന്ദ്ര സര്‍ക്കാര്‍ നടത്തിയിട്ടില്ല എന്നാണ് പിഐബിയുടെ ട്വീറ്റ്. സന്ദേശത്തിനൊപ്പം നല്‍കിയിരിക്കുന്ന ലിങ്ക് വ്യാജമാണെന്നും തെളിഞ്ഞു. സര്‍ക്കാര്‍ വെബ്‌സൈറ്റുകളുടെ യുആര്‍എല്ലിലുള്ള .gov വ്യാജ സന്ദേശത്തില്‍ നല്‍കിയിരിക്കുന്ന ലിങ്കിനൊപ്പമില്ല. ഇത്തരം തട്ടിപ്പുകളില്‍ വീഴരുത് എന്ന് പിഐബി അഭ്യര്‍ത്ഥിച്ചു. 

നിഗമനം

1990 മുതല്‍ 2020 വരെ തൊഴിലെടുത്തവര്‍ക്ക് 1,20,000 രൂപ ധനമന്ത്രാലയം നല്‍കുന്നതായുള്ള പ്രചാരണം വ്യാജമാണ്. ഇത്തരമൊരു ധനസഹായം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. 

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഇതുവരെ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​

'രാജ്യത്ത് ലോക്ക് ഡൗണ്‍ ഓഗസ്റ്റ് 10 വരെ, ഇനിയും അഞ്ച് ഘട്ടം'; വിജ്ഞാപനം യാഥാര്‍ഥ്യമോ

Fact Check- ഉത്തര കൊറിയയില്‍ നിന്ന് മുങ്ങി കിം തായ്‌വാനിലോ? വൈറലായ വീഡിയോ ചര്‍ച്ചയാകുമ്പോള്‍