Asianet News MalayalamAsianet News Malayalam

കേരളത്തില്‍ സിഎഎ അനുകൂല റാലിക്കെതിരെ ഇടതുപക്ഷ ആക്രമണമെന്ന് വ്യാജ പ്രചാരണം; ദൃശ്യം എടപ്പാള്‍ ബൈക്ക് റാലിയുടേത്

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് റാലി നടത്തിയ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരെ കേരളത്തിലെ ഇടതുപക്ഷം ആക്രമിച്ചു എന്ന തലക്കെട്ടിലാണ് ദൃശ്യം പ്രചരിക്കുന്നത്

False Claim Pro CAA Rally Attacked In Kerala
Author
Edappal, First Published Jan 10, 2020, 3:31 PM IST

എടപ്പാള്‍: ശബരിമല സ്‌ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങള്‍ നടന്ന സമയത്തെ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ തലക്കെട്ടുകളില്‍ പ്രചരിക്കുന്നു. മലപ്പുറം എടപ്പാളില്‍ ശബരിമല യുവതീപ്രവേശനത്തെ എതിര്‍ത്ത് ബൈക്ക് റാലി നടത്തിയവരെ ഒരുവിഭാഗം ഓടിക്കുന്ന വീഡിയോയാണ് തെറ്റിദ്ധരിപ്പിക്കുന്ന കുറിപ്പുകളോടെ ഇപ്പോള്‍ പ്രചരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് റാലി നടത്തുന്നവരെ കേരളത്തിലെ ഇടതുപക്ഷം ആക്രമിക്കുന്നു എന്ന അവകാശവാദത്തോടെയാണ് വീഡിയോ ഇപ്പോള്‍ പ്രചരിക്കപ്പെടുന്നത്.

'സിഎഎ(CAA) അനുകൂലികളെ കമ്മ്യൂണിസ്റ്റുകള്‍ ആക്രമിക്കുന്നു'- പ്രചരണമിങ്ങനെ

"പൗരത്വ നിയമ ഭേദഗതിയെയും(CAA) ദേശീയ പൗരത്വ രജിസ്റ്ററിനെയും(NRC) അനുകൂലിച്ച് സമാധാനപരമായി ബൈക്ക് റാലി നടത്തുന്ന ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരെ കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ ആക്രമിച്ചതിങ്ങനെയാണ്. ദേശീയഗാനത്തിന്‍റെയും ദേശീയപതാകയുടെയും മറവില്‍ ദേശീയവാദികളാകാന്‍ ശ്രമിക്കുന്ന ഇടതുപക്ഷക്കാരുടെ മുഖം അധികകാലം മറയ്‌ക്കാനാവില്ല"- ഗീതിക സ്വാമി എന്ന ട്വിറ്റര്‍ യൂസറുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു. ലോകത്തെ ഏറ്റവും വലിയ ബൈക്ക് റാലി(#WorldBiggestBikeRally), ഇടതുപക്ഷം അര്‍ബുദമാണ്(#LEFTISTS_ARE_CANCER) എന്നീ ഹാഷ്‌ടാഗുകളും ട്വീറ്റിനൊപ്പമുണ്ടായിരുന്നു. 

നിരവധി പേരാണ് ശബരിമല കര്‍മസമിതി നടത്തിയ ബൈക്ക് റാലിയുടെ 47 സെക്കന്‍റ് ദൈര്‍ഘ്യമുള്ള ദൃശ്യം ഷെയര്‍ ചെയ്തിരിക്കുന്നത്. ഫേസ്‌ബുക്ക് ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ തെറ്റായ തലക്കെട്ടില്‍ വൈറലായിട്ടുണ്ട്. 

വീഡിയോ എടപ്പാളില്‍ നിന്നുതന്നെ, പക്ഷേ...

ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ ഒരു വര്‍ഷം മുന്‍പുള്ളതാണ് എന്ന് പരിശോധനകളില്‍ വ്യക്തമായിട്ടുണ്ട്. എടപ്പാളില്‍ 2019 ജനുവരി മൂന്നാം തിയതി ശബരിമല യുവതീപ്രവേശനത്തെ എതിര്‍ത്ത് നടന്ന റാലിയുടെ ദൃശ്യമാണ് ഇപ്പോഴത്തേത് എന്ന അവകാശവാദത്തോടെ നിരവധിപേര്‍ പ്രചരിപ്പിക്കുന്നത്. ഇതിന് പൗരത്വ നിയമ ഭേദഗതിയുമായി ഒരു തരത്തിലും ബന്ധമില്ല. 

എടപ്പാളില്‍ അന്ന് സംഭവിച്ചത്

ശബരിമല യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി സംസ്ഥാനവ്യാപകമായി നടത്തിയ ഹര്‍ത്താലിനിടെയായിരുന്നു സംഭവം. എടപ്പാള്‍ ജംഗ്ഷനില്‍ വച്ച് സിപിഎം-സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്‍റെ ദൃശ്യം അന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എടപ്പാള്‍ ടൗണില്‍ സംഘടിച്ചുനിന്ന ഒരു വിഭാഗവും അവിടേക്ക് ബൈക്കുകളിലെത്തിയ മറ്റൊരു സംഘവും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഈ ദൃശ്യമാണ് ഇപ്പോള്‍ വ്യാജ തലക്കെട്ടുകളില്‍ പൗരത്വ നിയമ ഭേദഗതികളുമായി കൂട്ടിക്കുഴച്ച് സാമൂഹ്യമാധ്യമങ്ങളില്‍ കറങ്ങുന്നത്. 

എടപ്പാളിലെ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ കാണാം

Follow Us:
Download App:
  • android
  • ios