ദില്ലി: വായുവില്‍ ഉയര്‍ന്നുനില്‍ക്കുന്ന കൂറ്റന്‍ പാറ. അങ്ങനെയൊന്ന് ഉണ്ടോ...ഉണ്ട് എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം. പാറയുടെ ചിത്രം കണ്ടതും ആളുകള്‍ക്ക് അമ്പരപ്പ് അടക്കാനായില്ല. ടണ്‍കണക്കിന് ഭാരമുള്ള കൂറ്റന്‍പാറയാണ് ആയിരക്കണക്കിന് വര്‍ഷങ്ങളായി വായുവില്‍ നില്‍ക്കുന്നത് എന്നാണ് അവകാശവാദം.

'വായുവിലെ പാറ' സാമൂഹ്യമാധ്യമങ്ങളില്‍ പറപറന്നപ്പോള്‍

ഗോപിദാസ് ദേബ്‌നാഥ് എന്നയാളുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ. ജറുസലേമില്‍ ഒരു ഫ്ലോട്ടിംഗ് പാറയുണ്ട്. വായുവില്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി ഈ പാറ ഉയര്‍ന്നുനില്‍ക്കുകയാണ്. ഒട്ടേറെ ഗവേഷകര്‍ ഈ പാറയെ കുറിച്ച് പഠിച്ചെങ്കിലും കാരണം ഇപ്പോഴും അവ്യക്തം. ഈ പാറയെ കുറിച്ച് ആര്‍ക്കെങ്കിലും കൂടുതലായി അറിയോ എന്ന ചോദ്യത്തോടെയാണ് ഗോപിദാസിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്. വിശ്വാസ്യത കൂട്ടാനായി വായുവിലെ പാറയുടെ ചിത്രവും നല്‍കിയിട്ടുണ്ട്. 

വായുവിലെ പാറ സത്യമോ?

ഇന്ത്യ ടുഡേയുടെ വസ്‌തുതാ പരിശോധനയില്‍ തെളിഞ്ഞത് ഇങ്ങനെയൊരു പാറ ഇല്ല എന്നാണ്. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം ആരോ ഫോട്ടോഷോപ്പ് ചെയ്തതാണ്. 

ചിത്രത്തെ കുറിച്ചുള്ള രണ്ട് വസ്‌തുതകള്‍
1. ഇത് വായുവില്‍ ഉയര്‍ന്നുനില്‍ക്കുന്ന പാറയല്ല, വലിയ പാറയെ മൂന്ന് ചെറിയ കല്ലുകള്‍ താങ്ങിനിര്‍ത്തിയിരിക്കുകയാണ്. 
2. ഈ പാറ സ്ഥിതി ചെയ്യുന്നത് ഇസ്രയേലിലല്ല, സൗദി അറേബ്യയിലാണ്. 

2016ല്‍ അല്‍ അഹ്‌സ എന്ന വ്ലോഗര്‍ വായുവിലെപാറയ്‌ക്ക് പിന്നിലെ വസ്‌തുത പുറത്തുകൊണ്ടുവന്നിരുന്നു. കൂറ്റന്‍പാറയെ താങ്ങിനിര്‍ത്തിയിരിക്കുന്ന മൂന്ന് കല്ലുകള്‍ ഈ വീഡിയോയില്‍ തുറന്നുകാട്ടിയിട്ടുണ്ട്. ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രത്തിലെ അതേ പാറയാണ് വീഡിയോയിലുള്ളത്. ഈ വീഡിയോയില്‍ നിന്നൊരു ചിത്രം എടുത്ത് ഫോട്ടോഷോപ്പ് ചെയ്ത് വായുവിലെപാറ എന്ന പേരില്‍ പ്രചരിപ്പിക്കുകയായിരുന്നു.