തായ്‌വാന്‍: കൊവിഡ് 19 മഹാമാരിക്ക് മുന്നില്‍ ഭയന്നുവിറച്ചു നില്‍ക്കുകയാണ് ലോകം. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും പടര്‍ന്നുപിടിച്ച വൈറസിന്‍റെ ഉത്ഭവം ചൈനയിലെ വുഹാന്‍ ആണെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍ കൊവിഡിന് ഇതുവരെ വാക്‌സിനോ മരുന്നോ കണ്ടെത്താന്‍ ശാസ്‌ത്ര ലോകത്തിനായിട്ടില്ല. ഇതിനിടെ എത്തിയ ഒരു പ്രചാരണം വലിയ ചര്‍ച്ചയായിരിക്കുകയാണ്. 

പ്രചാരണം ഇത്

തായ്‌വാന്‍ നാഷണല്‍ സര്‍വകലാശാലയിലെ ഡോക്‌ടര്‍മാര്‍ കൊവിഡിനെ കുറിച്ച് ഒരു രഹസ്യം കണ്ടെത്തി എന്നാണ് പ്രചാരണം. കൊറോണ വൈറസ് എയ്‌ഡ്‌സിന്‍റെയും സാര്‍സിന്‍റെയും സങ്കലന വൈറസാണ് എന്ന് ഫേസ്‌ബുക്ക് പോസ്റ്റുകളില്‍ പറയുന്നു. 

'തായ്‌വാന്‍ നാഷണല്‍ സര്‍വകലാശാലയിലെ ഡോക്‌ടര്‍മാരുടെ സംഘം നല്‍കിയ വിവരമാണ്. സാര്‍സ്, എയ്‌ഡ്‌സ് എന്നിവരുടെ കോമ്പിനേഷന്‍ ആണ് കൊറോണഎന്ന് ഒട്ടേറെ ഡോക്‌ടര്‍മാര്‍ പറയുന്നു. ശരീരത്തിന്‍റെ പ്രതിരോധശേഷി പൂര്‍ണമായി തകര്‍ന്നു. സാര്‍സ് ശ്വാസകോശത്തെ മാത്രമാണ് ബാധിക്കുന്നത്, പ്രതിരോധശേഷി തകര്‍ക്കുന്നില്ല. എന്നാല്‍ എയ്‌ഡ്‌സ് പ്രതിരോധശേഷി ഇല്ലാതാക്കുന്നു. കൊവിഡ് രോഗികളുടെ പരിശോധനാ  ഫലം വ്യക്തമാക്കുന്നത് കൊറോണ വൈറസ് എയ്‌ഡ്‌സിന്‍റെയും കൊവിഡിന്‍റെയും സങ്കലനമാണ് എന്നാണ്'- എന്നിങ്ങനെ നീളുന്നു വൈറല്‍ പോസ്റ്റിലെ വാദങ്ങള്‍. 

വസ്‌തുത

എന്നാല്‍, പ്രചരിക്കുന്ന സന്ദേശത്തില്‍ കഴമ്പില്ല എന്നാണ് ശാസ്‌ത്ര ലോകം വ്യക്തമാക്കുന്നത്. തൊറ്റായ പ്രചാരണം നടക്കുന്ന നിരവധി പോസ്റ്റുകളാണ് ഫേസ്‌ബുക്കിലുള്ളത്. 

വസ്‌തുതാ പരിശോധനാ രീതി

വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പിയുടെ ഫാക്‌ട് ചെക്ക് വിഭാഗമാണ് ഇത് കണ്ടെത്തിയത്. തായ്‌വാന്‍ നാഷണല്‍ സര്‍വകലാശാലയിലെ ഡോക്‌ടര്‍മാരുടെ പ്രതികരണങ്ങളല്ല വൈറല്‍ സന്ദേശത്തില്‍ ഉള്ളത് എന്ന് വ്യക്തമായി. ഇത്തരം പ്രചാരണങ്ങള്‍ വിശ്വസിക്കരുത് എന്ന് തായ്‌വാന്‍ നാഷണല്‍ സര്‍വകലാശാല അധിക‍ൃതര്‍ വ്യക്തമാക്കി. തായ്‌വാന്‍ ഫാക്‌ട് ചെക്ക് നെറ്റ്‌വര്‍ക്കായ മൈഗോപെന്‍(mygopen) ഉം വസ്‌തുത പുറത്തുകൊണ്ടുവന്നിരുന്നു. 

നിഗമനം

കൊറോണ വൈറസ് സാര്‍സിന്‍റെയും എയ്‌ഡ്‌സിന്‍റെയും കോമ്പിനേഷന്‍ ആണെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിട്ടില്ല. തായ്‌വാന്‍ നാഷണല്‍ യൂണിവേഴ്‌‌സിറ്റിയുടെ പേരില്‍ നടക്കുന്ന പ്രചാരണങ്ങള്‍ വ്യാജമാണ്. 

Read more: പൗരന്‍മാര്‍ക്ക് അക്കൗണ്ടിലൂടെ 1.25 രൂപ നല്‍കിയെന്ന് അമിത് ഷാ പറഞ്ഞോ; പ്രചാരണങ്ങളിലെ വാസ്‌തവം