Asianet News MalayalamAsianet News Malayalam

'രണ്ട് വര്‍ഷം വിദേശയാത്ര വേണ്ട'; ലോക്ക് ഡൗണിന് ശേഷം പാലിക്കേണ്ട 21 കാര്യങ്ങള്‍; അറിയിപ്പ് സത്യമോ?

ലോക്ക് ഡൗണിന് ശേഷം പാലിക്കേണ്ട 21 കാര്യങ്ങള്‍ എന്ന പേരില്‍ ഒരു അറിയിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഐസിഎംആർ(ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേർച്ചിന്‍റെ പേരിലാണ് ഈ സന്ദേശം പ്രചരിക്കുന്നത്.

ICMR lists 21 dos and donts post lockdown is Fake
Author
Delhi, First Published May 17, 2020, 4:33 PM IST

ദില്ലി: രാജ്യത്ത് കൊവിഡ് 19 വ്യാപനം തടയാന്‍ ഏർപ്പെടുത്തിയ ലോക്ക് ഡൌണ്‍ എന്ന് അവസാനിക്കുമെന്ന് വ്യക്തമല്ല. എന്നാല്‍, 'ലോക്ക് ഡൗണിന് ശേഷം പാലിക്കേണ്ട 21 കാര്യങ്ങള്‍' എന്ന പേരില്‍ ഒരു അറിയിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഐസിഎംആർ(ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേർച്ചിന്‍റെ പേരിലാണ് മലയാളത്തിലടക്കം സന്ദേശം പ്രചരിക്കുന്നത്. ഇതിന്‍റെ വസ്തുത തിരക്കാം. 

പ്രചാരണം ഇങ്ങനെ

ICMR New Delhi പുറത്തിറക്കിയത് എന്ന തലക്കെട്ടോടെയാണ് 21 കാര്യങ്ങളടങ്ങിയ സന്ദേശം ഫേസ്‍ബുക്കും വാട്‍സ്ആപ്പും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ലോക്ക് ഡൌണിന് ശേഷം ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ 21 കാര്യങ്ങളാണിവ എന്ന് സന്ദേശത്തില്‍ പറയുന്നു. ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ ഈ കുറിപ്പ് പ്രചരിക്കുന്നുണ്ട്. മലയാളത്തിലുള്ള പോസ്റ്റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് വിഭാഗത്തിന് ലഭിച്ചു. 

ICMR lists 21 dos and donts post lockdown is Fake

 

'*ശ്രദ്ധിച്ച് വായിക്കുക*

*മെഡിക്കൽ വിദഗ്ദർ മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശങ്ങൾ.*

1. അടുത്ത രണ്ട് വർഷത്തേയ്ക്ക് വിദേശയാത്രകൾ മാറ്റിവയ്ക്കുക.
2. ഒരു വർഷത്തേയ്ക്ക് പുറത്ത് നിന്ന് ഭക്ഷണം കഴിക്കാതിരിക്കുക.
3. മുഖ്യമല്ലാത്ത വിവാഹങ്ങൾ, ചടങ്ങുകൾ ഒഴിവാക്കുക.
4. അനാവശ്യ യാത്രകൾ ഒഴിവാക്കുക.
5. ജനക്കൂട്ടമുള്ള സ്ഥലങ്ങളിൽ അടുത്ത ഒരു വർഷം പോകാതിരിക്കുക.
6. സാമൂഹിക അകൽച്ചാ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുക.
7. ചുമ ഉള്ളവരിൽ നിന്ന് അകലം പാലിക്കുക.
8. മാസ്ക്ക് ധരിക്കുക.
9. ഇനിയുള്ള ഒരാഴ്ച കൂടുതൽ ജാഗ്രത പുലർത്തുക.
10. വ്യക്തി ശുചിത്വം പാലിക്കുക.
11. സസ്യാഹാരം തിരഞ്ഞെടുക്കുക.
12. സിനിമ, മോളുകൾ, തിരക്കുള്ള ചന്ത, പാർക്ക്, പാർട്ടികൾ എന്നിവ അടുത്ത ആറ് മാസത്തേക്ക് കഴിയുന്നതും ബഹിഷ്ക്കരിക്കുക.
13. പ്രതിരോധശക്തി വർദ്ധിപ്പിക്കുക.
14. ബാർബർ ഷോപ്പ്, ബ്യൂട്ടി പാർലർ എന്നീ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ഗൗനിക്കുക.
15. അനാവശ്യ കൂടിക്കാഴ്ചകൾ വേണ്ട. പൊതുസ്ഥലങ്ങളിൽ ആളുകളുമായി അകലം പാലിക്കുക.
16. കൊറോന മൂലമുള്ള ഭീഷണി ഉടൻ തീരില്ല.
17. ബെൽറ്റ്, മോതിരം, വാച്ച് എന്നിവ ധരിക്കണമെന്നില്ല.
18. തുവാലയ്ക്ക് പകരം ടിഷ്യൂ പേപ്പറും സാനിറ്റൈസറും കരുതുക.
19. പാദരക്ഷകൾ വീടിന് വെളിയിൽ സൂക്ഷിക്കുക.
20. വീട്ടിൽ കയറുന്നതിന് മുമ്പ് കൈയ്യും കാലും കഴുകുക.
21. രോഗിയുമായി ഇടപഴകിയെന്ന് സംശയിക്കുന്ന പക്ഷം നന്നായി കുളിക്കുക.

ലോക്ക്ഡൗൺ ഉണ്ടെങ്കിലും ഇല്ലെങ്കിലും അടുത്ത 6-12 മാസങ്ങൾ ഈ മുൻകരുതലുകൾ പിന്തുടരുക.

ഈ സന്ദേശം മറ്റുള്ളവരുമായി പങ്കുവയ്ക്കുമല്ലോ.

നന്ദി. 🙏🙏🙏'

വസ്‍തുത

ഐസിഎംആർ ദില്ലിയുടെ പേരില്‍ മലയാളത്തില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ് എന്നതാണ് യാഥാർഥ്യം. ഇംഗ്ലീഷിലുള്ള പ്രചാരണം വ്യാജമാണെന്ന് ഫാക്‌ട് ചെക്ക് വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസും കണ്ടെത്തി.  

ICMR lists 21 dos and donts post lockdown is Fake

 

പരിശോധനാ രീതി

ICMR lists 21 dos and donts post lockdown is Fake

ഐസിഎംആറില്‍ നിന്നുള്ള എല്ലാ നിർദേശങ്ങളും വെബ്‌സൈറ്റിലെ മീഡിയ വിഭാഗത്തില്‍ നിന്ന് വാർത്താ കുറിപ്പിലൂടെയാണ് അറിയിക്കാറ് എന്ന് ഗോരഖ്പൂരിലെ ഐസിഎംആർ റിജീയനല്‍ മെഡിക്കല്‍ റിസേർച്ച് സെന്‍ററിന്‍റെ ഡയറക്ടറും ന്യൂ ദില്ലിയിലെ ഐസി‌എം‌ആർ ആസ്ഥാനത്തുള്ള റിസർച്ച് മാനേജ്‌മെന്റ്, പോളിസി- പ്ലാനിംഗ് ആന്‍ഡ് കോർഡിനേഷൻ വിഭാഗം മേധാവിയുടെ അധിക ചുമതലയും വഹിക്കുന്ന ഡോ. രജനി കാന്ത് വ്യക്തമാക്കി. ആള്‍ട്ട് ന്യൂസ് ശേഖരിച്ച വിവരങ്ങളെയാണ് ഇതിനായി ആശ്രയിച്ചത്.  

നിഗമനം

ലോക്ക് ഡൗണിന് ശേഷം ചെയ്യേണ്ടതും പാടില്ലാത്തതുമായ 21 കാര്യങ്ങളുടെ ഐസിഎംആര്‍ പ്രസിദ്ധീകരിച്ച പട്ടിക എന്ന പേരില്‍ വിവിധ ഭാഷകളില്‍ പ്രചരിക്കുന്ന കുറിപ്പ് വ്യാജമാണ്. ഐസിഎംആർ ഇത്തരത്തില്‍ ഒരു സന്ദേശം പുറത്തിറക്കിയിട്ടില്ല എന്ന് വസ്തുതാ പരിശോധനയില്‍ വ്യക്തമായി. 

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​

Follow Us:
Download App:
  • android
  • ios