ശബരിമലയ്ക്ക് പോകാനായി മാലയിട്ട വിദ്യാര്‍ത്ഥിയെക്കൊണ്ട് ശുചിമുറി വൃത്തിയാക്കിപ്പിക്കുന്നതിനിടയില്‍ പൊള്ളലേറ്റെന്ന പ്രചാരണം വ്യാജം. കഴിഞ്ഞ ദിവസങ്ങളിലാണ് മാലയിട്ട വിദ്യാര്‍ത്ഥി പൊള്ളലേറ്റ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. മാലയിട്ട് വന്നതിന് സ്കൂളിലെ ശുചിമുറികള്‍ ആസിഡ് ഒഴിച്ച് വിദ്യാര്‍ത്ഥിയെക്കൊണ്ട് കഴുകിച്ചെന്നും ഇതിനിടയില്‍ ആസിഡ് തെറിച്ച് വീണ് കുട്ടിക്ക് പൊള്ളലേറ്റുവെന്നുമായിരുന്നു പ്രചാരണം. തൂത്തുക്കുടിയിലുള്ള ക്രിസ്ത്യന്‍ മാനേജ്മെന്‍റ് നടത്തുന്ന ഗുഡ് ഷെപ്പേര്‍ഡ് സ്കൂളിലാണ് സംഭവമെന്ന രീതിയില്‍ എത്തിയ പ്രചാരണം വന്‍രീതിയിലാണ് സമൂഹമാധ്യമങ്ങളില്‍ പടര്‍ന്നത്. 

മേകല നാഗാര്‍ജ്ജുന റെഡ്ഡി എന്നയാളുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടിലൂടെയായിരുന്നു ചിത്രത്തിന് വന്‍ രീതിയില്‍ പ്രചാരണം ലഭിച്ചത്. എന്നാല്‍ ഈ സംഭവത്തില്‍ നടന്നതെന്താണെന്ന് വ്യക്തമാക്കി ആള്‍ട്ട് ന്യൂസ്. 12000ല്‍ അധികം ആളുകളാണ് ഈ ചിത്രം വിദ്വേഷം പടരുന്ന രീതിയിലുള്ള കുറിപ്പുകളോടെ ഷെയര്‍ ചെയ്തത്. 

എന്നാല്‍ ഈ സ്കൂളില്‍ പ്രധാനാധ്യാപകന്‍റെ നിര്‍ദേശ പ്രകാരം ലാബില്‍ നിന്ന് ആസിഡ് ബോട്ടിലുകള്‍ നീക്കം ചെയ്യുന്നതിന് ഇടയില്‍ 12 കാരനായ ആണ്‍കുട്ടിക്ക് പൊള്ളലേറ്റിരുന്നു.  ഈ കുട്ടിയുടെ ഇടത് കയ്യിലേറ്റ ഈ പൊള്ളലിന്‍റെ ദൃശ്യങ്ങളാണ് വിദ്വേഷം ജനിപ്പിക്കുന്ന കുറിപ്പിനൊപ്പം പങ്കുവച്ചത്. ഇതിന് പിന്നാലെ ഇത്തരം ജോലികള്‍ക്ക് വിദ്യാര്‍ത്ഥികളെ ഉപയോഗിക്കരുതെന്ന് തൂത്തുക്കുടിയിലെ മുഖ്യ വിദ്യാഭ്യാസ ഓഫീസര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. മാലയിട്ട കുട്ടി മാത്രമല്ലായിരുന്നു  അഞ്ച് വിദ്യാര്‍ത്ഥികളെയാണ് ഇതിനായി നിയോഗിച്ചിരുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി. 

മഹാരാജ, പ്രമോദ്, വെല്‍രാജ്, മുരുഗപെരുമാന്‍,ജയകുമാര്‍,വസുരാജന്‍ എന്നീ കുട്ടികളെയാണ് ഹെഡ്മാസ്റ്റര്‍ ഇതിനായി നിയോഗിച്ചത്. ഇതില്‍ മഹാരാജയെന്ന കുട്ടിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഈ സംഭവത്തേക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന വാര്‍ത്തയിലെ മഹാരാജയുടെ ചിത്രമാണ് വര്‍ഗീയവത്കരിച്ച് പ്രചരിപ്പിച്ചത്.