ഫേസ്ബുക്കിലും ട്വിറ്ററും അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ കഴിഞ്ഞ കുറച്ചുദിവസമായി പ്രചരിക്കുന്ന ചിത്രമാണ് തിരിച്ചിറപ്പള്ളി പഞ്ചവര്‍ണ്ണസ്വാമി ക്ഷേത്ര ചുമരിലെ കല്‍ച്ചിത്രങ്ങള്‍. ആദ്യമായി നാരായണ മൂര്‍ത്തി ഗോലപ്പട്ടി എന്ന വ്യക്തിയാണ് ഈ നാല് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റില്‍ ഇദ്ദേഹം അവകാശപ്പെട്ടത് ഇതാണ്.

ആരാണ് സൈക്കിള്‍ കണ്ടുപിടിച്ചത്, 2000 കൊല്ലം മുന്‍പ് നമ്മുടെ നാട്ടില്‍ ബഹിരാകാശ യാത്രികനുണ്ടായിരുന്നോ? ഉത്തരമാണ് തിരിച്ചറപ്പള്ളി പഞ്ചവര്‍ണ്ണസ്വാമി ക്ഷേത്ര ചുമരിലെ കല്‍ചിത്രങ്ങള്‍. ഇവിടെ സൈക്കിളും, ബഹിരാകാശ യാത്രികനും ഉണ്ടായിരുന്നു. ആധുനിക ശാസ്ത്രം പറയുന്നു ഇതൊക്കെ 200 കൊല്ലം മുന്‍പ് യൂറോപ്പുകാരന്‍ മാക്മില്ലന്‍ കണ്ടുപിടിച്ചതാണെന്ന്.

ഈ ചിത്രങ്ങളും പോസ്റ്റുകളും നിരവധിപ്പേരാണ് ഷെയര്‍ ചെയ്തിട്ടുള്ളത്. 

എന്നാല്‍ ഇതില്‍ യാഥാര്‍ത്ഥ്യമുണ്ടോ?, ആള്‍ട്ട് ന്യൂസ് നടത്തിയ ഫാക്ട് ചെക്കില്‍ ഇത് സംബന്ധിച്ച് തെളിഞ്ഞ കാര്യങ്ങള്‍ ഇതാണ്. ഈ ചിത്രങ്ങളെ നാല് ചിത്രങ്ങളായി കണക്കിലെടുക്കാം. ഒരോന്നും റിവേസ് സെര്‍ച്ച് നടത്താം.

1. സൈക്കിള്‍ ഓടിക്കുന്ന വ്യക്തി 1

ഈ ചിത്രം ഇന്ത്യയില്‍ തന്നെയല്ല, ഇത് സ്ഥിതി ചെയ്യുന്ന ഇന്തോനേഷ്യയിലെ ബാലിയിലെ കുബുട്ടാമ്പാന്‍ എന്ന സ്ഥലത്തെ  പുര മഡ്വവ കരങ്ങ് ക്ഷേത്രത്തിലാണ്, ബാലിക്കാരുടെ ഈ അമ്പലത്തില്‍ ഏറെ കല്‍ചിത്രങ്ങള്‍ കാണാം.

ആദ്യമായി ബാലിയില്‍ സൈക്കിള്‍ ഉപയോഗിച്ച ഡെച്ച് കലാകാരമന്‍റെ ഓര്‍മ്മയ്ക്ക് വേണ്ടിയാണ് ഇത് ഇവിടെ കൊത്തിവച്ചത് എന്നാണ് ഡേവിഡ് ഷെവിറ്റ് എഴുതിയ  2003ലെ ബുക്ക്  ബാലിയും ടൂറിസവും എന്ന പുസ്തകം പറയുന്നു. ബാലിയില്‍ ഭൂകമ്പം സംഭവിച്ചപ്പോള്‍ ഇത് പിന്നീട് പുതുക്കിയിരുന്നു. ഇതിലെ സൈക്കിളിന്‍റെ ചക്രങ്ങളില്‍ താമരയ്ക്ക് സമാനമായ ചിത്രപ്പണികള്‍ ചെയ്തു.

2.സൈക്കിള്‍ ഓടിക്കുന്ന മനുഷ്യന്‍

ഈ ചിത്രം ശരിക്കും തിരിച്ചിറപ്പള്ളി പഞ്ചവര്‍ണ്ണസ്വാമി ക്ഷേത്ര ചുമരിലെ കല്‍ച്ചിത്രം തന്നെയാണ്. 21 ജൂലൈ 2018 ല്‍ പ്രവീണ്‍ മോഹന്‍ എന്ന വ്യക്തി ഇത് സംബന്ധിച്ച് ചെയ്ത യൂട്യൂബ് വീഡിയോ അധികരിച്ച് വിവിധ മാധ്യമങ്ങള്‍ 2000 കൊല്ലം പഴക്കമുള്ള ക്ഷേത്രത്തില്‍ സൈക്കിളോടിക്കുന്ന മനുഷ്യന്‍റെ കല്‍ച്ചിത്രം എന്ന രീതിയില്‍ വാര്‍ത്ത നല്‍കിയിട്ടുണ്ട്. ഇംഗ്ലീഷ് മാധ്യമങ്ങളായ മിറര്‍ പോലും ഉണ്ട്. എന്നാല്‍ ഇതിനെല്ലാം മുന്‍പ് 2015 ല്‍ തന്നെ ഇത് സംബന്ധിച്ചുള്ള സംശയങ്ങള്‍ ഹിന്ദു പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ചരിത്രകാരന്‍ ഡോ.ആര്‍.കലൈകോവന്‍ പറയുന്നുണ്ട്.

ഈ അമ്പലത്തില്‍ പ്രാര്‍ത്ഥിച്ച ശേഷം ഞാന്‍ ചുറ്റും നോക്കിയപ്പോഴാണ് കൗതുകരമായ, സൈക്കിളില്‍ പോകുന്ന മനുഷ്യന്‍റെ കല്‍ച്ചിത്രം കണ്ടത്. എങ്ങനെ ഈ പുരാതന ക്ഷേത്രത്തില്‍ ഈ കല്‍ച്ചിത്രം വന്നു എന്നത് തീര്‍ത്തും അന്ന് അജ്ഞാതമായിരുന്നു. ഔദ്യോഗികമായി ഒന്നും ഇത് സംബന്ധിച്ച് എഴുതിവച്ചതായും കണ്ടില്ല. അതിനാല്‍ അതിന് പിന്നിലെ കാര്യം അന്വേഷിച്ചു. 1800 കളിലാണ് സൈക്കിള്‍ ജര്‍മ്മനിയില്‍ കണ്ടുപിടിക്കുന്നത്, 1920 കളില്‍ ഇത് തിരിച്ചറപ്പള്ളിയില്‍ എത്തി, ആളുകള്‍ ഉപയോഗിക്കുന്നുണ്ട്. എങ്കിലും അത് അന്ന് വലിയ കൗതുകമായിരുന്നു. 1920ലാണ്  തിരിച്ചിറപ്പള്ളി പഞ്ചവര്‍ണ്ണസ്വാമി ക്ഷേത്രം പുനരുദ്ധാരണം നടത്തുന്നത്. അത്തരത്തില്‍ പുനരുദ്ധാരണ സമയത്ത് അത്തരത്തില്‍ കൗതുകം ജനിച്ച കലാകാരന്‍ കൊത്തിവച്ചതാകാം ഇത്.

ഫാക്ട് ചെക്കിംഗ് സൈറ്റ് എസ്എം ഹോക്സ്ലെയര്‍ ഇത് സംബന്ധിച്ച് സെന്‍റര്‍ ഫോര്‍ ഹിസ്റ്റോറിക്ക് റിസര്‍ച്ച് മേധാവിയുമായി സംസാരിച്ചു. ഇവരുടെ അഭിപ്രായത്തില്‍ സൈക്കിള്‍ യാത്രികന്‍റെ കല്‍ച്ചിത്രം നൂറ്റാണ്ടുകളുടെ പഴക്കം ഇല്ലെന്നാണ് പറയുന്നത്. ക്ഷേത്രത്തിലെ മറ്റ് പഴയരൂപങ്ങളുടെയും ചിത്രത്തിന്‍റെയും അത്ര പഴക്കം ഈ ചിത്രത്തിന് ഇല്ല. അതിനാല്‍ തന്നെ ബ്രിട്ടീഷ് കാലത്ത് നടത്തിയ പുനരുദ്ധാരണ സമയത്ത് സ്ഥാപിക്കപ്പെട്ടതാകാം എന്നാണ് സിഎച്ച്ആര്‍ അധികൃതര്‍ പറയുന്നത്.

3. മൊബൈല്‍ ഫോണ്‍

സ്പെയിനിലെ ലാ റിയോജ പ്രവിശ്യയിലെ കലഹോറ കത്രീട്ടറിലെ ഒരു ചുമര്‍ കല്‍ച്ചിത്രമാണ് ഇത്. 1990 കളില്‍ ഈ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആരാധനാലയം പുതുക്കി പണിതിരുന്നു. ആ സമയത്ത് ആധുനിക ലോകത്തെ ചില കാര്യങ്ങള്‍ ഡിസൈനില്‍ ചേര്‍ത്താണ് പുന:നിര്‍മ്മിച്ചത്. അത്തരത്തില്‍ ചുമരില്‍ കയറിയതാണ് നോക്കിയ 90 മോഡല്‍ ഫോണിന്‍റെ മാതൃക. 1996ലാണ് ഇത് ചുമരില്‍ സ്ഥാനം പിടിച്ചത്.

4. ബഹിരാകാശ സ‌ഞ്ചാരി

സ്പെയിനിലെ തന്നെ സലമാന്‍ഞ്ച എന്ന ആരാധനാലയത്തിലാണ് ഈ ബഹിരാകാശ സ‌ഞ്ചാരിയുടെ കല്‍ച്ചിത്രം ഉള്ളത്. 12-13 നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഈ ആരാധനാലയം 1992ല്‍ പുതുക്കി പണിതപ്പോഴാണ്. 1900 കളുടെ പ്രതീകം എന്ന നിലയില്‍ ബഹിരാകാശ സഞ്ചാരിയുടെ കല്‍ച്ചിത്രം വച്ചത്. 

പ്രചരിപ്പിക്കപ്പെടുന്ന നാല് ചിത്രങ്ങളില്‍ മൂന്നും ഇന്ത്യയില്‍ പോലും അല്ലെന്നാണ് വസ്തുത അന്വേഷണത്തില്‍ തെളിയുന്നത്. ഒന്ന് തിരിച്ചിറപ്പള്ളി പഞ്ചവര്‍ണ്ണസ്വാമി ക്ഷേത്ര ചുമരിലെ കല്‍ച്ചിത്രമാണെങ്കിലും. ആ ചിത്രത്തിന് പോസ്റ്റില്‍ അവകാശപ്പെടുന്ന കാലപ്പഴക്കം ഇല്ലെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. അതിനാല്‍ തന്നെ പ്രചരിക്കുന്ന കാര്യങ്ങള്‍ തീര്‍ത്തും വാസ്തവ വിരുദ്ധമാണ്.