ദില്ലി: ഇന്ത്യന്‍ പൊലീസുകാരെ തെരുവിലൂടെ ഓടിക്കുന്ന പശുക്കള്‍ എന്ന തലക്കെട്ടോടെ ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ വീഡിയോയ്‌ക്ക് പിന്നിലെ വസ്‌തുത ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ആരോപിക്കപ്പെട്ടതുപോലെ പശുക്കള്‍ പൊലീസുകാരെ ഓടിക്കുകയല്ല ചെയ്തത് എന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. 
 
പാക് രാഷ്‌ട്രീയ നിരീക്ഷകനായ സയിദ് ഹമീദ് ഒരു കുറിപ്പോടെയാണ് വീഡിയോ ട്വീറ്റ് ചെയ്തത്. 'ക്രിയാത്മകമായ പ്രത്യാക്രമണം. ഇന്ത്യയില്‍ ഒരു ഗ്രാമം പൊലീസുകാര്‍ റെയ്‌ഡ് ചെയ്യാനെത്തിയപ്പോള്‍ ജനങ്ങള്‍ രക്ഷാകവചമായി പശുക്കളെ ഉപയോഗിച്ചു' എന്നാണ് സയിദ് വീഡിയോയ്‌ക്കൊപ്പം കുറിച്ചത്. സയിദ് ഹമീദിന്‍റെ ട്വീറ്റ് നിരവധി പേര്‍ ഏറ്റെടുക്കുകയും റീ-ട്വീറ്റ് ചെയ്യുകയും ചെയ്തു. 

എന്നാല്‍ വസ്‌തുതാനിരീക്ഷണ വെബ്‌സൈറ്റായ ആള്‍ട്ട്‌ന്യൂസിന്‍റെ കണ്ടെത്തല്‍ ഈ വീഡിയോ തെറ്റായി പ്രചരിപ്പിക്കപ്പെട്ടതാണ് എന്നാണ്. മഹാരാഷ്‌ട്രയിലെ കാര്‍ഷികോത്സവമായ ബൈൽ പോളായില്‍ നിന്നുള്ള ദൃശ്യങ്ങളാണ് തെറ്റായ തലക്കെട്ടുകളോടെ പ്രചരിക്കപ്പെട്ടത്. ഓഗസ്റ്റ് 30ന് ട്വീറ്റ് ചെയ്ത യഥാര്‍ത്ഥ വീഡിയോ യൂട്യൂബിലും ലഭ്യമാണ്. 

ഓഗസ്റ്റ് 30നാണ് മഹാരാഷ്‌ട്രയുടെ ഉള്‍ഗ്രാമങ്ങളില്‍ ബൈൽ പോളാ ആഘോഷിച്ചത്. ചത്തീസ്‌ഗഢിലെയും മധ്യപ്രദേശിലെയും വിവിധ പ്രദേശങ്ങളിലും ഈ ആഘോഷം അരങ്ങേറി. കേരളത്തിലെ കാളയോട്ടത്തിന് സമാനമായ ഈ ആഘോഷത്തില്‍ കാളകള്‍ക്കും പിന്നാലെയോടിയെത്തുന്ന കര്‍ഷകര്‍ക്കും വഴിയൊരുക്കുക മാത്രമാണ് പൊലീസ് ചെയ്തത്. ബൈൽ പോളാ ആഘോഷത്തിന്‍റെ വിവിധ ദൃശ്യങ്ങള്‍ യൂട്യൂബില്‍ ലഭ്യമാണ്.