ദില്ലി: ഇന്ത്യ വിട്ടുപോയി പുതിയ രാജ്യം പ്രഖ്യാപിച്ചെന്ന് പ്രഖ്യാപനത്തോടെയാണ് സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. ഇക്വഡോറിന് സമീപം സ്വകാര്യദ്വീപ് വാങ്ങി കൈലാസമെന്ന രാജ്യം സ്ഥാപിച്ചെന്ന് പ്രഖ്യാപിച്ച നിത്യാനന്ദയുടെ പേരിലുള്ള സൈറ്റില്‍ നിന്ന് ലഭിച്ച ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് സാമ്യതയുള്ള ഒരാള്‍ നിത്യാനന്ദയുടെ കാലില്‍ വീണ് അനുഗ്രഹം വാങ്ങുന്നതായിരുന്നു ആ ചിത്രം. പല രീതിയിലുള്ള വ്യാഖ്യാനങ്ങളാണ് ആ ചിത്രത്തിന് ഉണ്ടായത്. എന്നാല്‍ ആ ചിത്രത്തിലുള്ളത് അമിത് ഷായാണോ? അല്ലെന്നാണ് ഇന്ത്യ ടുഡേയുടെ ആന്‍റി ഫേക്ക് ന്യൂസ് വാര്‍ റൂം കണ്ടെത്തിയിരിക്കുന്നത്. സുബിര്‍ രാജന്‍ മാവുങ്കല്‍ എന്നയാളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് ചിത്രം തെറ്റിധരിപ്പിക്കുന്ന തലക്കെട്ടുകളോടെ പ്രത്യക്ഷപ്പെട്ടത്. 

തമിഴ്നാട്ടിലാണ്  ഈ ചിത്രത്തിന് വന്‍തോതില്‍ പ്രചാരണം ലഭിച്ചത്. എന്നാല്‍ 2017 ജൂലൈ 9 ന് മൗറിഷ്യസ് ഹൈ കമ്മീഷണര്‍ ജഗദീശ്വര്‍ ഗോബര്‍ദ്ധന്‍ നിത്യാനന്ദയെ സന്ദര്‍ശിച്ചപ്പോഴുള്ളതാണ് ചിത്രം. ഗുരു പൂര്‍ണിമ ആഘോഷങ്ങളുടെ സമയത്ത് ബെംഗലുരുവിലെ ആശ്രമത്തിലെത്തി ജഗദീശ്വര്‍ ഗോബര്‍ദ്ധന്‍ നിത്യാനന്ദയെ സന്ദര്‍ശിക്കുന്നതിന്‍റെ ചിത്രങ്ങളാണ് അമിത് ഷായുടേതെന്ന പേരില്‍ പ്രചരിപ്പിച്ചത്.

ലൈംഗികക്കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായ നിത്യാനന്ദ അന്വേഷണം നടക്കുന്നതിനിടെയാണ് രാജ്യം വിട്ടത്.