ദില്ലി: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്‍റും സിപിഐ നേതാവുമായ കനയ്യ കുമാറിനെതിരെ വ്യാജ പ്രചാരണം. ചത്തീസ്‌ഗഢിലെ 76 സിആര്‍പിഎഫ് ജവാന്‍മാരുടെ കൊലപാതകം കനയ്യയും ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും അടക്കമുള്ള വിദ്യാര്‍ഥികള്‍ ക്യാംപസില്‍ ആഘോഷിച്ചു എന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ തെറ്റായി പ്രചരിക്കുന്നതെന്ന് ആള്‍ട്ട് ന്യൂസ് കണ്ടെത്തി. 

ദന്തേവാഡ സംഭവം 2010ല്‍

ചത്തീസ്‌ഗഢിലെ ദന്തേവാഡയില്‍ 2010 ഏപ്രില്‍ ആറിന് നടന്ന മാവോയിസ്റ്റ് ആക്രമണത്തിലാണ് 76 സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് ജീവന്‍ നഷ്‌ടമായത്. മാവോയിസ്റ്റുകളെ വധിക്കുന്നതിനെ എതിര്‍ത്ത് ഏപ്രില്‍ 12ന് ജെഎന്‍യുവില്‍ 'ഫോറം എഗൈന്‍സ്റ്റ് വാര്‍ ഓണ്‍ പീപ്പിള്‍' എന്ന സംഘടനയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു. എന്നാല്‍ ദന്തേവാഡ ആക്രമണത്തെ ആഘോഷിക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്ന് ആരോപിച്ച് എബിവിയും എന്‍എസ്‌യുവും അന്ന് ക്യാംപസില്‍ പ്രതിഷേധിച്ചിരുന്നു. 

ഈ പ്രതിഷേധം എന്‍ഡിടിവി അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏപ്രില്‍ അഞ്ചിന് പരിപാടി നടത്താനാണ് തീരുമാനിച്ചിരുന്നതെന്നും ചില കാരണങ്ങളാല്‍ നീട്ടിവെക്കുകയായിരുന്നു എന്നും സംഘടനാ പ്രതിനിധികള്‍ വ്യക്തമാക്കി. പരിപാടി നടത്താന്‍ സംഘടന മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ലെന്നും ദന്തേവാഡ സംഭവുമായി ഇതിന് ബന്ധമില്ലെന്നും എന്‍ഡി‌ടിവിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പ്രചരിക്കുന്ന ചിത്രം 2016ലേത്

ഔട്ട്‌ലുക്ക് 2019 മെയ് 13ന് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ ഈ ചിത്രം നല്‍കിയിട്ടുണ്ട്. ഫോട്ടോ ജേണലിസ്റ്റായ സഞ്ജയ് റാവത്താണ് ചിത്രം പകര്‍ത്തിയത്. 2016ലാണ് ഈ ചിത്രം താന്‍ പകര്‍ത്തിയത് എന്ന് സഞ്ജയ് റാവത്ത് ആള്‍ട്ട് ന്യൂസിനോട് സ്ഥിരീകരിച്ചിട്ടുണ്ട്. 2016ലെ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെര‍ഞ്ഞെടുപ്പിലെ വിജയാഘോഷത്തിന്‍റേതാണ് ചിത്രം. 

മാത്രമല്ല, 2010ല്‍ നടന്ന സംഭവത്തിന്‍റെ പേരിലാണ് കനയ്യ കുമാറിന്‍റെയും കൂട്ടരുടെയും പേരില്‍ വ്യാജ പ്രചാരണം നടക്കുന്നത്. കനയ്യ ജെഎന്‍യുവില്‍ പഠിച്ചതാവട്ടെ 2011 മുതല്‍ 2019 വരെയും. അതായത് ദന്തേവാഡ സംഭവം നടക്കുമ്പോള്‍ കനയ്യ ജെഎന്‍യു വിദ്യാര്‍ഥി പോലുമായിരുന്നില്ല. കനയ്യയുടെയും സുഹൃത്തുക്കളുടെയും പേരില്‍ വ്യാജ പ്രചാരണം മുന്‍പും ഉണ്ടായിട്ടുണ്ട്.