ദില്ലി: പൗരത്വഭേദഗതി വിഷയത്തില്‍ ജാമിയ മിലിയ ഇസ്ലാമിയയിലുണ്ടായ പ്രതിഷേധങ്ങളും പൊലീസ് നടപടിയും ചര്‍ച്ചയാകുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തയാണ് മഫ്ത്തിയില്‍ പൊലീസ് നടപടിയില്‍ പങ്കെടുത്തയാള്‍ എബിവിപി-ആര്‍എസ്എസ് പ്രവര്‍ത്തകനാണ് എന്ന വാദം. ഇത് സംബന്ധിച്ച അനവധി ഫേസ്ബുക്ക്, ട്വിറ്റര്‍ പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു. വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയും മറ്റും ചെയ്ത ഇയാള്‍ ചുവപ്പ് ടീ ഷര്‍ട്ടും, നീല ജീന്‍സും ആണ് ധരിച്ചിരുന്നത്. പുറത്തുവന്ന ചില ചിത്രങ്ങളില്‍ തങ്ങളുടെ അടിയേറ്റു വീണ സുഹൃത്തായ വിദ്യാര്‍ത്ഥിയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ഇയാള്‍ അടിക്കാന്‍ ഒരുങ്ങുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

എന്നാല്‍ ഈ പ്രചരണത്തിന്‍റെ സത്യം എന്താണ് എന്നതാണ് ദ പ്രിന്‍റ് പുറത്തുവിടുന്നത്. ഇയാള്‍ ദില്ലി പൊലീസിന് പുറത്തുനിന്നുള്ളയാളാണെന്ന വാദം പൊലീസ് തള്ളുകയാണ് ഇപ്പോള്‍. ഇയാള്‍ ദില്ലി പൊലീസിന്‍റെ വാഹന മോഷണം തടയാനുള്ള വിഭാഗത്തിലെ കോണ്‍സ്റ്റബിളാണ് ഇയാള്‍ എന്നാണ് ദില്ലി പൊലീസ് പറയുന്നത്. ദക്ഷിണ ദില്ലി ആസ്ഥാനമാക്കിയാണ് ഇയാളുടെ പ്രവര്‍ത്തനം. 

അതേ സമയം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ അനുസരിച്ച് ഇയാള്‍ പൊലീസുകാരന്‍ അല്ലെന്നും ആര്‍എസ്എസ് പ്രവര്‍ത്തകനും, എബിവിപി സംസ്ഥാന എക്സിക്യൂട്ടിവ് അംഗവുമായ ഭരത് ശര്‍മ്മയാണ് എന്നാണ് അവകാശപ്പെട്ടത്.  എന്നാല്‍ ദ പ്രിന്‍റിനോട് സംസാരിച്ച ദില്ലി പൊലീസ് സെന്‍ട്രല്‍ ഡിസിപി എംഎസ് രണ്‍ദാവ ഇത് നിഷേധിച്ചു.

ദില്ലി പൊലീസിനെ മോശമാക്കി കാണിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചരണങ്ങളില്‍ ഒന്നാണ് ഇത്. ചിത്രത്തിലെ വ്യക്തി സൗത്ത് ദില്ലി പൊലീസിലെ എഎടിഎസ് വിഭാഗത്തിലെ കോണ്‍സ്റ്റബിളാണ്. പ്രസ്തുത ദിവസം സംഭവ സ്ഥലത്തെ ക്രമസമാധന പരിപാലനത്തിനായി വിന്യസിച്ചതാണ് - ഡിസിപി പറയുന്നു.

പൊലീസായിട്ടും എന്താണ് ഇയാള്‍ യൂണിഫോം ധരിക്കാത്തത് എന്ന ചോദ്യത്തിന് പൊലീസ് മറുപടി ഇതായിരുന്നു - സ്പെഷ്യല്‍ സെല്‍ അയതിനാല്‍ ഇവര്‍ക്ക് യൂണിഫോം നിര്‍ബന്ധമില്ല. ഇവരെ ഇത്തരം സംഘര്‍ഷ സ്ഥലങ്ങളില്‍ വിന്യസിക്കുന്നതിനാല്‍ യൂണിഫോം ധരിക്കാനുള്ള സമയം ലഭിക്കാറില്ല.

അതേ സമയം മറ്റൊരു ട്വിറ്റര്‍ ഉപയോക്താവ് നേരത്തെ പൊലീസുകാരനായി സൂചിപ്പിച്ച എബിവിപി നേതാവ് ഭരത് ശര്‍മ്മ ഒരു ദില്ലി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുന്നു എന്ന് പറയുന്ന വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍‌ ഇതില്‍ കാണുന്ന വ്യക്തിയും പൊലീസ് കോണ്‍സ്റ്റബിളും ഒരാളാല്ലെന്ന് പൊലീസ് പറയുന്നു. എന്നാല്‍ വീഡിയോയില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുന്നയാള്‍ ഭരത് ശര്‍മ്മയാണോ എന്ന് ഉറപ്പില്ലെന്നും, ഇത് അന്വേഷിക്കുകയാണെന്നുമാണ് പൊലീസ് പറയുന്നത്.