ദില്ലി: രാജ്യത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ ചൂടുപിടിച്ച പ്രക്ഷോഭങ്ങളുടെ അടയാളമായി മാറിയ ഒരു ചിത്രമുണ്ട്. ജയിലഴികള്‍ക്കരികെ ഒരമ്മ തന്‍റെ ഭര്‍ത്താവിന്‍റെ കൈകളിലിക്കുന്ന കുട്ടിയെ മുലയൂട്ടുന്നതാണ് ചിത്രം. ഇന്ത്യയിലെ തടങ്കല്‍ പാളയത്തില്‍ നിന്നുള്ളതാണ് ചിത്രം എന്നായിരുന്നു ഇത് പ്രചരിപ്പിച്ചവരുടെ അവകാശവാദം. 

'ഇനിയും കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകള്‍ നമുക്ക് വേണ്ട. ചിത്രത്തിലെ ദമ്പതികള്‍ ബംഗ്ലാദേശില്‍ നിന്നുള്ളവരാണ്. അമ്മയായ യുവതി മുസ്ലിം ആണ്. ഇന്ത്യയിലെ എന്‍ആര്‍സി മൂലം കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പില്‍ കഴിയുകയാണ് അവര്‍. എന്നാല്‍ അതിനിടയിലും കുട്ടിക്ക് മുലപ്പാല്‍ ഉറപ്പിക്കുകയാണ് അമ്മ. മോദിയുടെ ഇന്ത്യയില്‍ ഇത്തരം ചിത്രങ്ങള്‍ ഇനി ഏറെ കാണാം". എന്ന തലക്കെട്ടില്‍ ചോട്ടു ഖാന്‍ എന്നയാള്‍ ട്വീറ്റ് ചെയ്തു. ട്വിറ്ററില്‍ മാത്രമല്ല, ഫേസ്‌ബുക്കിലും വാട്‌സാപ്പിലും വൈറലായിരുന്നു ഈ ചിത്രം. 

കണ്ണീര്‍പൊഴിച്ച ചിത്രത്തിന് പിന്നില്‍

ഈ ചിത്രം ഇന്ത്യയില്‍ നിന്നു പോലമല്ല എന്നാണ് ഇന്ത്യ ടുഡേ വാര്‍ റൂമിന്‍റെ കണ്ടെത്തല്‍. അര്‍ജന്‍റീനയില്‍ എവിടെയോ നിന്നുള്ളതാണ് ചിത്രം. എന്നാല്‍ അടുത്തകാലത്തൊന്നും എടുത്തതല്ല ഈ ചിത്രം എന്ന് വ്യക്തം. കഴിഞ്ഞ ആറ് വര്‍ഷമായി ഈ ചിത്രം വിവിധ വെബ്‌സൈറ്റുകളില്‍ കാണാം. എങ്കിലും ഇന്ത്യയുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല എന്നതാണ് വസ്‌തുത.