ദില്ലി: ലോക്സഭയിലെ ശീതകാല സമ്മേളനത്തിന്‍റെ അവസാന ദിനം കലുഷിതമാക്കിയത് രാഹുല്‍ ഗാന്ധി മുന്‍പ് നടത്തിയ ഒരു പ്രസ്താവനയായിരുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ, റേപ്പ് ഇന്‍ ഇന്ത്യ എന്ന പരാമര്‍ശത്തെ തുടര്‍ന്നുള്ള ബിജെപി വനിതാ എം പിമാരുടെ പ്രതിഷേധമായിരുന്നു ലോക്സഭയുടെ ശീതകാല സമ്മേളനത്തിന്‍റെ അവസാനദിനത്തില്‍ കത്തിപ്പടര്‍ന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചായിരുന്നു ഈ പ്രതിഷേധമെന്നാണ് ആള്‍ട്ട് ന്യൂസ് നടത്തിയ ഫാക്ട് ചെക്കില്‍ കണ്ടെത്തിയത്.  

സ്മൃതി ഇറാനി സഭയില്‍ പറഞ്ഞത്

രാജ്യത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു നേതാവ് ഇന്ത്യന്‍ വനിതകളെ ബലാത്സംഗം ചെയ്യപ്പെടണമെന്ന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇങ്ങനെയാണോ ഒരു നേതാവ് രാജ്യത്തെ ജനങ്ങള്‍ക്ക് സന്ദേശം നല്‍കുന്നത്. ബലാത്സംഗമെന്ന ഹീനകൃത്യത്തെ രാഹുല്‍ ഗാന്ധി രാഷ്ട്രീയ നാടകത്തിന്‍റെ ഭാഗമാക്കി. ഗാന്ധി കുടുംബത്തില്‍ നിന്നുമുള്ള ഒരു പുത്രന്‍ ബലാത്സംഗത്തെക്കുറിച്ച് ഇപ്രകാരം പറഞ്ഞത് രാജ്യത്തിന് തെറ്റായ സന്ദേശം നല്‍കും. രാജ്യത്തെ എല്ലാ പുരുഷന്മാരും ബലാത്സംഗം ചെയ്യാന്‍ അവസരം നോക്കി ഇരിക്കുകയാണോ. ഒരു രാഷ്ട്രീയ നേതാവില്‍ നിന്ന് ഉണ്ടാവുന്ന ഏറ്റവും മോശം പ്രഖ്യാപനമായിരുന്നു രാഹുല്‍ ഗാന്ധിയില്‍ നിന്നുണ്ടായത് എന്നായിരുന്നു കേന്ദ്ര ടെക്സ്റ്റെയില്‍സ് മന്ത്രി സ്മൃതി ഇറാനി സഭയില്‍ ചോദിച്ചത്.

തുടര്‍ന്ന് രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സഭ കലുഷിതമാവുകയും അസമില്‍ നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാതെ സഭ പിരിയുകയും ആയിരുന്നു.

രാഹുല്‍ ഗാന്ധി ഝാര്‍ഖണ്ഡിലെ പ്രസംഗത്തില്‍ പറഞ്ഞത്
 
എന്നാല്‍ രാഹുല്‍ ഗാന്ധി യഥാര്‍ത്ഥത്തില്‍ എന്താണ് പറഞ്ഞത്. ഝാര്‍ഖണ്ഡിലെ ഗോഢയില്‍ നടന്ന റാലിക്കിടെയാണ് ബിജെപി വനിതാ എംപിമാര്‍ ക്ഷമാപണം ആവശ്യപ്പെടുന്ന പ്രസ്താവന നടക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ഇപ്രകാരമായിരുന്നു.

'നരേന്ദ്ര മോദി പറഞ്ഞിരുന്നു മെയ്ക്ക് ഇന്‍ ഇന്ത്യ, പറഞ്ഞിരുന്നില്ലേ? ഇപ്പോ നിങ്ങള്‍ എവിടെ വേണമെങ്കിലും നോക്കൂ, മെയ്ക്ക് ഇന്‍ ഇന്ത്യ അല്ല സഹോദരാ, റേപ്പ് ഇന്‍ ഇന്ത്യ.  എവിടെ നോക്കിയാലും റേപ് ഇന്‍ ഇന്ത്യയാണ്. പത്രം തുറന്ന് നോക്കൂ, ജാര്‍ഖണ്ഡില്‍ സ്ത്രീയെ ബലാത്സം ചെയ്തു. ഉത്തര്‍ പ്രദേശിലേക്ക് നോക്കൂ, നരേന്ദ്രമോദിയുടെ എംഎല്‍എ സ്ത്രീയെ ബലാത്സംഗം ചെയ്തു. അതിന് ശേഷം വാഹനത്തിന് അപകടമുണ്ടായി. നരേന്ദ്രമോദി ഒരു വാക്ക് ശബ്ദിച്ചില്ല. എല്ലായിടത്തും എല്ലാ ദിവസവും റേപ് ഇന്‍ ഇന്ത്യ ആണ് നടക്കുന്നത്. നരേന്ദ്ര മോദി പെണ്‍കുട്ടികളെ പഠിപ്പിക്കൂ, പെണ്‍കുട്ടികളെ രക്ഷിക്കൂ എന്നാണ് പറഞ്ഞത്. എന്നാല്‍ ആരില്‍ നിന്നാണ് രക്ഷിക്കേണ്ടത് എന്ന കാര്യം മോദിജി പറഞ്ഞില്ല. ബിജെപി എംഎല്‍എമാരില്‍ നിന്നാണ് രക്ഷപ്പെടുത്തേണ്ടത്'.