ഗുവാഹത്തി: അസമിലെ തടങ്കല്‍പാളയത്തില്‍ മുസ്ലിംകള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങള്‍ എന്ന കുറിപ്പുമായി  കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ ഒരു വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. പൊലീസുകാര്‍ തടവുകാരോട് മോശമായി പെരുമാറുന്നതും തല്ലിയോടിക്കുന്നതുമാണ് ആറുമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. വൈറലാകുന്ന ഈ വീഡിയോയുടെ യാഥാര്‍ത്ഥ്യമെന്താണ്?

'അസമിലെ തടങ്കല്‍ പാളയത്തില്‍ മുസ്ലിംകള്‍, അള്ളാഹു അവരെ രക്ഷിക്കട്ടെ' എന്ന അടിക്കുറിപ്പോടെ പ്രചരിച്ച വീഡിയോ 24 മണിക്കൂര്‍ കൊണ്ട് 11,000 തവണയിലധികം ഷെയര്‍ ചെയ്യപ്പെട്ടു. 108,000 പേരോളം ഫേസ്ബുക്കിലൂടെ ഈ വീഡിയോ കണ്ടു. പൗരത്വ നിയമഭേദഗതിക്കെതിരെയും എന്‍ആര്‍സിക്കെതിരെയും വ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുമ്പോഴാണ് ഈ വീഡിയോ വൈറലായത്. 

സൂക്ഷ്മ പരിശോധനയില്‍ വീഡിയോയില്‍ TruthLanka.com എന്ന ഇപ്പോള്‍ നിഷ്ക്രിയമായ ശ്രീലങ്കന്‍ വൈബ്സൈറ്റിന്‍റെ വാട്ടര്‍മാര്‍ക്ക് ബൂം ലൈവ് കണ്ടെത്തി. കീവേര്‍ഡ്സ് ഉപയോഗിച്ചുള്ള സെര്‍ച്ചില്‍ ഈ വീഡിയോയുടെ സ്ക്രീന്‍ഷോട്ട് ഏഷ്യ ടൈംസില്‍ 2019 ജനുവരി 17 ന് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തി. 2018 നവംബറില്‍ ശ്രീലങ്കയില്‍ സര്‍ക്കാര്‍ ഭരണം നിഷ്ക്രിയമായപ്പോഴുള്ള വീഡിയോയാണ് അസം തടങ്കല്‍ പാളയത്തിലെ മുസ്ലിംകള്‍ എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്ന വ്യാജ വീഡിയോ മാത്രമാണിത്.