ദില്ലി: കൊവിഡ് 19നെ തുടർന്ന് രാജ്യം പൂർണമായും ലോക്ക്ഡൌണ്‍ ചെയ്യുമെന്ന സൂചന നല്‍കുന്ന ശബ്ദ സന്ദേശം വ്യാജം. ലോകാരോഗ്യസംഘടനയും (WHO) ആരോഗ്യ മന്ത്രാലയവും ലോക്ക്ഡൌണിനെ കുറിച്ച് ചർച്ച ചെയ്യുന്ന ഓഡിയോ ക്ലിപ് എന്ന പേരിലാണ് സന്ദേശം വാട്‍സാപ്പിലൂടെ പ്രചരിച്ചത്. ഈ ഓഡിയോ ക്ലിപ്പ് വ്യാജവും പ്രചരിപ്പിക്കുന്നത് കുറ്റകരവുമാണെന്ന് പ്രസ് ഇന്‍ഫർമേഷന്‍ ബ്യൂറോ അറിയിച്ചു. മറ്റുള്ളവർക്ക് ഇത് ഫോർവേഡ് ചെയ്യരുതെന്ന് പ്രസ് ഇന്‍ഫർമേഷന്‍ ബ്യൂറോ നിർദേശം നല്‍കി.

കൊവിഡ് 19 വ്യാപനം ശക്തമായതിനാല്‍ രാജ്യം പൂർണമായും ലോക്ക്ഡൌണ്‍ ചെയ്യുമെന്ന് അഭ്യൂഹങ്ങള്‍ ശക്തമാണ്. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് ഇതിനുവേണ്ടിയാണ് എന്ന് പ്രചാരണങ്ങളുണ്ടായി. എന്നാല്‍‌ നരേന്ദ്ര മോദി ലോക്ക്ഡൌണ്‍ പ്രഖ്യാപനം നടത്തിയില്ല. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത 'ജനതാ കർഫ്യൂ' ലോക്ക്ഡൌണിനുള്ള മുന്നൊരുക്കമാണ് എന്ന കിംവദന്തിയും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമെന്ന പ്രചാരണം പ്രസാര്‍ ഭാരതി സിഇഒ ശശി ശേഖര്‍ വ്യാഴാഴ്‍ച നിഷേധിച്ചിരുന്നു. രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് ചില മാധ്യമങ്ങളില്‍ ഊഹാപോഹങ്ങള്‍ വരുന്നതായും എന്നാല്‍ അത് ശരിയല്ലെന്നുമാണ് പ്രസാര്‍ ഭാരതി വ്യക്തമാക്കിയത്.