ദില്ലി: വീഡിയോ കോണ്‍ഫറന്‍സ് ആപ്ലിക്കേഷനായ സൂം ആപ്പിന് ബദലായി സര്‍ക്കാര്‍ സംവിധാനമൊരുങ്ങിയെന്ന പ്രചാരണം അടിസ്ഥാനരഹിതം. സേ നമസ്തേ എന്ന പേരില്‍ പുതിയ വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പ് എത്തുമെന്നായിരുന്നു പ്രചരണത്തിലുണ്ടായിരുന്നത്. സൂം ആപ്പിന് ബദലായുള്ള സംവിധാനത്തിന്‍റെ ബീറ്റ വേര്‍ഷന്‍ ലോഞ്ച് ചെയ്തുവെന്നതായിരുന്നു സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി നടന്ന പ്രചാരണം.

എന്നാല്‍ പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് പിഐബി വ്യക്തമാക്കി. ആന്‍ഡ്രോയിഡ് ഐഒഎസ് ഉപയോഗിക്കുന്നവര്‍ക്ക് ഉപയോഗിക്കാവുന്ന രീതിയിലാണ് ആപ്പ് നിര്‍മ്മിച്ചിരിക്കുന്നതെന്നും വിവിധ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യക്കാരായ ഉപയോക്താക്കള്‍ക്ക് വേണ്ടിയാണ് ഈ ആപ്പെന്നുമായിരുന്നു പ്രചാരണം അവകാശപ്പെട്ടത്. ഇന്‍സ്ക്രിപ്റ്റ് എന്ന സ്ഥാപനമായിരുന്നു ആപ്പിന് പിന്നിലെന്നും ബീറ്റ വേര്‍ഷന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഇന്‍സ്ക്രിപ്റ്റ് സിഇഒ അനുജ് ഗാര്‍ഗ് പ്രതികരിച്ചെന്നുമായിരുന്നു വ്യാപക പ്രചാരണങ്ങള്‍. ഉപയോക്താക്കളുടെ വിവരങ്ങളും ഡേറ്റകളും സുരക്ഷിതമായിരിക്കുമെന്നും ആപ്പിന്‍റെ നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടതായും നിരവധിപ്പേരാണ് അവകാശപ്പെട്ടത്.

നേരത്തെ വീഡിയോ കോണ്‍ഫറന്‍സ് ആപ്ലിക്കേഷനായ സൂം ആപ്പ് സുരക്ഷിതമല്ലെന്നും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്നും സർക്കാർ ഉദ്യോഗസ്ഥർക്ക്  കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. അഞ്ച് ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ സൂം വില്‍പനയ്ക്ക് വച്ചിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഈ നിർദേശം. സൂം സുരക്ഷിതമല്ലെന്ന് ഇന്ത്യന്‍ കംമ്പ്യൂട്ടർ എമർജന്‍സി റെസ്പോണ്‍സ് ടീം(Cert-In) ആഭ്യന്തര മന്ത്രാലയത്തെ നേരത്തെ അറിയിച്ചിരുന്നു. രാജ്യത്ത് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ(വർക്ക് ഫ്രം ഹോം) മീറ്റിംഗിനും ആശയവിനിമയത്തിനുമായി ആശ്രയിക്കുന്ന പ്രധാന ആപ്ലിക്കേഷനുകളില്‍ ഒന്നാണ് സൂം. ലോക്ക് ഡൌണ്‍ കാലത്ത് ഏറ്റവും ജനകീയമായ സൂം ആപ്പ് ഗിള്‍ പ്ലേ സ്‌റ്റോറിലെ ചാര്‍ട്ടുകളില്‍ ഒന്നാമതെത്തിയിരുന്നു.

ഉപയോക്താക്കളുടെ സമ്മതമില്ലാതെ ഫെയ്സ്ബുക്കിലേക്ക് ഉപയോക്തൃ ഡേറ്റ കൈമാറുന്നത്, വിൻഡോസ് ഉപയോക്തൃ ഡേറ്റയും പാസ്‌വേഡും മോഷ്ടിക്കാൻ ഹാക്കർമാരെ അനുവദിക്കുന്ന സുരക്ഷാപിഴവ് എന്നീ പ്രശ്നങ്ങള്‍ സൂം ആപ്പില്‍ ഉണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇവയുടെയെല്ലാം പശ്ചാത്തലത്തിലാണ് സേ നമസ്തേയുടെ ബീറ്റ വേര്‍ഷനേക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് വ്യാപക പ്രചാരണം ലഭിച്ചിരുന്നു. ഇതോടെയാണ് പിഐബി വിഷയത്തില്‍ വസ്തുത വ്യക്തമാക്കിയത്.