തെരഞ്ഞെടുപ്പില്‍ ഛോട്ടാരാജന്‍റെ സഹോദരനായ ദീപക് നികാല്‍ജേയുടെ പിന്തുണയ്ക്കാനുള്ള റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (അതാവാലെ)യുടെ തീരുമാനത്തിന് പിന്നാലെയായിരുന്നു ചിത്രം വ്യാപകമായി പ്രചരിച്ചത്. 

ദില്ലി: അധോലോക നേതാവ് ഛോട്ടാ രാജനൊപ്പമുള്ള യുവാവായ മോദിയുടെ ചിത്രം വ്യാജം. ഒക്ടോബറില്‍ നടന്ന മഹാരാഷ്ട്രയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഛോട്ടാരാജന്‍റെ സഹോദരനായ ദീപക് നികാല്‍ജേയുടെ പിന്തുണയ്ക്കാനുള്ള റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (അതാവാലെ)യുടെ തീരുമാനത്തിന് പിന്നാലെയായിരുന്നു ചിത്രം വ്യാപകമായി പ്രചരിച്ചത്. ഛോട്ടാ രാജനുമായി പ്രധാനമന്ത്രിക്കുള്ള ബന്ധമാണ് ദീപകിനെ പിന്തുണയ്ക്കാന്‍ എന്‍ഡിഎ ഘടകകക്ഷി തീരുമാനിച്ചതെന്നായിരുന്നു പ്രചാരണങ്ങളിലെ ആരോപണം. 

ചിത്രങ്ങളില്‍ പിന്നിലുള്ള ആള്‍ ദേവേന്ദ്ര ഫട്നാവിസ് ആണെന്നും വരുത്തി തീര്‍ക്കാനും പ്രചാരണങ്ങളില്‍ ശ്രമമുണ്ടായിരുന്നു.
എന്നാല്‍ ചിത്രത്തിലുള്ളത് ഛോട്ടാ രാജന്‍ അല്ലെന്നാണ് ബൂം ലൈവിന്‍റെ കണ്ടെത്തല്‍. ചിത്രത്തില്‍ ഫ്ട്നാവിസിന്‍റെയും ഛോട്ടാ രാജന്‍റെയും മുഖം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് ബൂം ലൈവ് കണ്ടെത്തി.

അധോലോക നേതാവ് ഛോട്ടാ രാജന്‍റെ സഹോദരന് ബിജെപി സീറ്റ് നല്‍കിയെന്ന കുറിപ്പോടെയായിരുന്നു പ്രചാരണം. 2014 സെപ്തംബറില്‍ ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വാര്‍ത്തയിലെ ചിത്രമായിരുന്നു വ്യാജപ്രചാരണത്തിനായി ഉപയോഗിച്ചത്.

മോദിയുടെ വിശ്വസ്തനായ സുരേഷ് ജാനി ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ മോദിയെ സ്വീകരിക്കുന്ന ചിത്രമാണ് ഫോട്ടോഷോപ്പ് ചെയ്ത് വ്യാജ പ്രചാരണം നടത്തിയത്. 1993ലേതാണ് ചിത്രം. വ്യാജ കുറിപ്പോടെ 2015 മുതല്‍ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചാരത്തിലുണ്ടെന്നും ബൂം ലൈവ് കണ്ടെത്തി. 

Scroll to load tweet…