ബിഹാറിലെ കോഴിവളര്‍ത്തു കേന്ദ്രത്തില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയെന്ന പ്രചാരണം വ്യാജം. ഹിന്ദി ദിനപത്രമായ ദൈനിക് ജാഗ്രണിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്നായിരുന്നും സമൂഹമാധ്യമങ്ങളിലെ അവകാശവാദം. മൃഗസംരക്ഷണ വകുപ്പ് കോഴികളിലെ വൈറസ് ബാധ സ്ഥിരീകരിച്ചെന്നായിരുന്നു പ്രാദേശിക പത്രത്തിന്‍റേത് എന്ന പേരില്‍ നടന്ന പ്രചാരണത്തില്‍ അവകാശപ്പെട്ടിരുന്നത്.

കോഴികളില്‍ കൊറോണ വൈറസിന്‍റെ സൈന്നിധ്യമുള്ളതിനാല്‍ കോഴിയിറച്ചി കഴിക്കരുതെന്ന് ബിഹാറിലെ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയതായും പ്രചാരണം വിശദമാക്കിയിരുന്നു. ശനിയാഴ്ച സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയതെന്നായിരുന്നു പ്രചാരണം.

ഏപ്രില്‍ 12 ന് പുറത്തിറങ്ങിയ വാര്‍ത്താകുറിപ്പിലെ വിവരങ്ങളെന്ന പേരിലുള്ള പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് വസ്തുതാ പരിശോധക വെബ്സൈറ്റായ ബൂം ലൈവ് വ്യക്തമാക്കുന്നു. ദൈനിക് ജാഗ്രണിന്‍റേതാണ് എന്ന പേരില്‍ വ്യാജ വാര്‍ത്തയാണ് പ്രചരിച്ചിരുന്നത്. പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് ബിഹാര്‍ ആരോഗ്യ വകുപ്പും വ്യക്തമാക്കി.