കൊറോണ വൈറസ് ബാധ തടയാന്‍ രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ കിണഞ്ഞ് ശ്രമിക്കുന്നതിന് ഇടയില്‍ നിരവധി വ്യാജ പ്രചാരണങ്ങളെ കൂടിയാണ് നേരിടേണ്ടി വരുന്നത്. പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തതിന് പിന്നാലെ അത്തരത്തില്‍ വന്ന പ്രചാരണമാണ് കൊറോണ വൈറസിന് 12 മണിക്കൂര്‍ മാത്രമാണ് ആയുസ് എന്നത്.  മാര്‍ച്ച് 22ന്  പതിനാല് മണിക്കൂറായിരുന്നു ജനതാ കര്‍ഫ്യൂ. ആളുകളുടെ സാമൂഹ്യ ഇടപെടലുകള്‍ കുറക്കാനും അതുവഴി വൈറസിന്‍റെ വ്യാപനം തടയാനും വേണ്ടി നടത്തിയ പ്രഖ്യാപനമായിരുന്നു ജനത കര്‍ഫ്യു. 

12 മണിക്കൂര്‍ മാത്രമാണ് വൈറസ് പടരുകയെന്നും അതിനാലാണ് കര്‍ഫ്യൂ 14 മണിക്കൂര്‍ എന്നാണെന്നുമാണ് വന്‍തോതില്‍ നടത്തുന്ന പ്രചാരണം. എന്നാല്‍ ഈ പ്രചാരണം വ്യാജമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. വിവിധ പ്രതലങ്ങളില്‍ വൈറസിന്‍റെ ആയുസ് വ്യത്യസ്തമാണ്. ഏതാനും മണിക്കൂറുകള്‍ മുതല്‍ പല ദിവസങ്ങള്‍ വരെ വൈറസിന് ആയുസുണ്ടാവുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. പ്രതലം, വായുവിലെ ജലത്തിന്‍റെ സാന്നിധ്യം എന്നിവയെല്ലാം ഇതിനെ ബാധിക്കുന്ന ഘടകങ്ങളാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. കാര്‍ഡ് ബോര്‍ഡ് പ്രതലത്തില്‍ ഇരുപത്തിനാല് മണിക്കൂര്‍ വരെ വൈറസിന് നിലനില്‍ക്കാനാവും. എന്നാല്‍ വായുവില്‍ ഇത് മൂന്ന് മണിക്കൂര്‍ വരെയാണ്. 

എന്നാല്‍ പ്ലാസ്റ്റിക്, മെറ്റല്‍ പ്രതലങ്ങളില്‍ കൊറോണ വൈറസിന് രണ്ട് മുതല്‍ മൂന്ന് ദിവസം വരെ കഴിയാനാവുമെന്നാണ് അമേരിക്കയിലെ നാഷണല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ  പഠനത്തില്‍ വ്യക്തമായത്. ഗ്ലാസ് പ്രതലങ്ങളില്‍ ഒന്‍പത് ദിവസം വരെ കൊറൊണ വൈറസിന് നില്‍ക്കാനാവുമെന്ന് ദി ജേര്‍ണല്‍ ഓഫ് ഹോസ്പിറ്റല്‍ പഠനത്തില്‍ വ്യക്തമാവുന്നു. പ്രതലങ്ങള്‍ കൃത്യമായി വൃത്തിയാക്കുന്നതും വൈറസ് വ്യാപനം തടയാന്‍ ഉചിതമാണെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.