വത്തിക്കാന്‍: കൊറോണ വ്യാപകമായ ഇറ്റലിയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്കും രണ്ട് സഹായികള്‍ക്കും കൊറോണ സ്ഥിരീകരിച്ചുവെന്ന വാര്‍ത്തയുടെ വാസ്തവം എന്താണ്. നേരത്തെ മാര്‍പ്പാപ്പയ്ക്ക് കൊറോണയില്ലെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഞായറാഴ്ച പ്രാര്‍ത്ഥന ലൈവ് സ്ട്രീം വഴി നടത്തിയതിന് പിന്നാലെയാണ് വീണ്ടും പ്രചാരണം വ്യാപകമായത്. നിരവധിപ്പേരാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് കൊറോണ ബാധിച്ചതായുള്ള വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. 

എന്നാല്‍  പ്രചാരണം വ്യാജമാണെന്നും മാര്‍പ്പാപ്പയെ ബാധിച്ചിരിക്കുന്നത് സാധാരണ ജലദോഷമാണെന്നുമാണ് എഎഫ്പി ഫാക്ട് ചെക്ക് വിശദമാക്കുന്നത്. ഫേസ്ബുക്ക്, ട്വിറ്റര്‍, റെഡിറ്റ് എന്നിവയിലടക്കം പ്രചാരണം വ്യാപകമായതോടെയാണ് എഎഫ്പി ഫാക്ട് ചെക്ക് പുറത്തുവരുന്നത്.

      

ഫെബ്രുവരി 26 ന് എടുത്ത ചിത്രങ്ങളോടൊപ്പമാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് കൊറോണയാണെന്ന പ്രചാരണം വ്യാപകമാവുന്നത്. എണ്‍പത്തിമൂന്നുകാരനായ മാര്‍പ്പാപ്പയ്ക്ക് സാധാരണ ജലദോഷമാണെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചു. 

വത്തിക്കാന്‍ വക്താവ് മത്തിയോ ബ്രൂണി ഇക്കാര്യം വിശദമാക്കി കുറിപ്പും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇറ്റാലിയന്‍ പത്രമായ മെസഞ്ചരോ മാര്‍പ്പാപ്പയുടെ പരിശോധന ഫലം പ്രസിദ്ധീകരിച്ചിരുന്നു.