തിരുവനന്തപുരം: അവധിയില്‍ നാട്ടിലെത്തി ലോക്ക്ഡൌണ്‍ മൂലം തിരികെ പോകാന്‍ സാധിക്കാത്ത പ്രവാസി മലയാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മടങ്ങിയെത്തുന്ന പ്രവാസികളെ സഹായിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ ഇത്തരമൊരു കുറിപ്പ് പ്രചരിച്ചത്. എന്നാല്‍ പ്രചാരണം വ്യാജമാണെന്നും വിശ്വസിക്കകരുതെന്നും മറ്റൊരു പ്രചാരണവും നടന്നു. ഇതിനിടയിലാണ് പ്രചാരണത്തില്‍ വ്യക്തതയുമായി പിആര്‍ഡി എത്തുന്നത്. 

 

ജനുവരി ഒന്നിന് ശേഷം തൊഴില്‍ വിസ, കാലാവധി കഴിയാത്ത പാസ്പോര്‍ട്ട് എന്നിവയുമായി നാട്ടിലെത്തുകയും ലോക്ക്ഡൌണ്‍ കാരണം മടങ്ങിപ്പോകാന്‍ കഴിയാതെ വരികയും ചെയ്ത പ്രവാസികള്‍ക്കും മാര്‍ച്ച് 26ന് ശേഷം നാട്ടിലെത്തി യാത്രാവിലക്ക് നീങ്ങുംവരെ നാട്ടില്‍ കഴിയുന്ന പ്രവാസികള്‍ക്കും 5000 രൂപ ധനസഹായമായി നല്‍കുമെന്ന് പിആര്‍ഡി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക വകുപ്പ് വഴി നടപ്പാക്കുന്ന സഹായ സംവിധാനമാണ് ഇതെന്നും പിആര്‍ഡി കൂട്ടിച്ചേര്‍ത്തു. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനമില്ലാത്തവയാണെന്ന് ചുരുക്കം.