ഒരു ടിക്കറ്റിന് മൂന്ന് ടിക്കറ്റ് തുക ഈടാക്കി പ്രവാസികളെ പിഴിയുന്ന എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ സാമൂഹ്യ അകലം പാലിക്കുന്നില്ലെന്നായിരുന്നു വീഡിയോ പ്രചാരണം

വിദേശങ്ങളില്‍ കുടുങ്ങിപ്പോയ ആളുകളെ തിരികെയെത്തിക്കാന്‍ പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ സാമൂഹ്യ അകലം പാലിക്കുന്നില്ലെന്ന വീഡിയോ പ്രചാരണം വ്യാജം. സാമൂഹ്യ അകലം പാലിക്കാനായി ഒരു നിരയില്‍ ഒരു യാത്രക്കാരനെ മാത്രമാണ് അനുവദിക്കുക എന്ന കാരണം നിരത്തി മൂന്ന് സീറ്റുകളുടെ തുക ഈടാക്കിയ ശേഷം എല്ലാ സീറ്റുകളിലും ആളുകളുമായി പോകുന്ന എയര്‍ ഇന്ത്യ വിമാനം എന്ന കുറിപ്പോടെയായിരുന്നു വീഡിയോ പ്രചരിച്ചത്. പ്രവാസികളെ തിരികെയെത്തിക്കുന്ന ശ്രമങ്ങള്‍ക്കിടെ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. എയര്‍ ഇന്ത്യ ആളുകളെ പിഴിയുന്നുവെന്ന പേരില്‍ പ്രചരിച്ച 45 സെക്കന്‍റ് വീഡിയോ തെറ്റിധരിപ്പിക്കുന്നതാണെന്ന് വസ്തുതാ പരിശോധക വെബ്സൈറ്റായ ബൂം ലൈവാണ് കണ്ടെത്തിയത്. 

വന്ദേ ഭാരത് മിഷന് സംഭവിച്ച ഗുരുതര പാളിച്ചയാണ് സംഭവമെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. എന്നാല്‍ വീഡിയോയിലുള്ളത് എയര്‍ ഇന്ത്യ വിമാനമല്ലെന്നതാണ് വസ്തുത. പാകിസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സിന്‍റേതാണ് എയര്‍ ഇന്ത്യയുടേതെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ. കറാച്ചിയില്‍ നിന്ന് ടൊറൊന്‍റോയിലേക്ക് പോയ വിമാനത്തില്‍ നിന്നുള്ളതായിരുന്നു ദൃശ്യങ്ങള്‍.

Scroll to load tweet…

ഏപ്രില്‍ മാസത്തില്‍ നടന്ന സംഭവത്തേക്കുറിച്ച് പാകിസ്ഥാന്‍ ഇന്‍റര്‍ നാഷണല്‍ എയര്‍ലൈന്‍സ് വിശദീകരണവും നല്‍കിയിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ആളുകളെ വിമാനത്തില്‍ കൊണ്ടുപോയതെന്നും മാസ്കും ഗ്ലൌസുമടക്കമുള്ള സംവിധാനങ്ങള്‍ ഉണ്ടായിരുന്നുവെന്നും പാകിസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിശദമാക്കി. തിരികെ വരുമ്പോള്‍ യാത്രക്കാര്‍ കാണില്ലെന്നതുമൂലമാണ് യാത്രക്കാരില്‍ നിന്ന് അമിത ചാര്‍ജ്ജ് ഈടാക്കിയതിന് പാക് എയര്‍ലൈന്‍ നല്‍കുന്ന വിശദീകരണം. ഈ വീഡിയോ എയര്‍ ഇന്ത്യയുടേതാണെന്ന പ്രചാരണത്തിനെതിരെ എയര്‍ ഇന്ത്യയും രംഗത്തെത്തി. വിദേശരാജ്യങ്ങളില്‍ കൊവിഡ് 19 മഹാമാരിക്കിടെ കുടുങ്ങിയ പ്രവാസികളെ തിരികെയെത്തിക്കാനുള്ള നടപടികള്‍ മെയ് 7 മുതലാണ് വന്ദേ ഭാരത് മിഷനിലൂടെ ആരംഭിച്ചത്. 

Scroll to load tweet…