ചൂട് വെള്ളം കുടിക്കുന്നത് നോവല്‍ കൊറോണ വൈറസില്‍ നിന്ന് സംരക്ഷിക്കുമെന്നാണ് പ്രചാരണത്തിന്‍റെ അവകാശവാദം. അടുത്ത ഏഴുദിവസം തിളപ്പിച്ച വെള്ളം കുടിക്കണമെന്നും പ്രചാരണം ആവശ്യപ്പെടുന്നു.

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയില്‍ തെറ്റായ സന്ദേശങ്ങള്‍ കുറച്ചൊന്നുമല്ല ആളുകളെ കുഴപ്പത്തിലാക്കുന്നത്. ബിഎംസി വിതരണം ചെയ്യുന്ന വെള്ളത്തിന് ഗാഢത കൂടുതലുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ അടുത്ത ഏഴുദിവസം വെള്ളം തിളപ്പിച്ച് ഉപയോഗിക്കണമെന്നതാണ് ഇത്തരത്തില്‍ വന്ന പ്രചാരണങ്ങളില്‍ അവസാനത്തേത്. പത്രക്കുറിപ്പടക്കമാണ് പ്രചരണം. കൊവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൌണില് വലഞ്ഞ ആളുകള്‍ ഈ പ്രചാരണം കൂടിയായതോടെ കടുത്ത ആശങ്കയിലുമായി.

എന്നാല്‍ രണ്ട് വര്‍ഷം പഴക്കമുള്ള പത്രവാര്‍ത്തയാണ് ഇത്തരത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. പഴയ വാര്‍ത്തയും കൊവിഡ് 19 നെ കുറിച്ചുള്ള തെറ്റായ വിവരവുമാണ് ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ചൂട് വെള്ളം കുടിക്കുന്നത് നോവല്‍ കൊറോണ വൈറസില്‍ നിന്ന് സംരക്ഷിക്കുമെന്നാണ് പ്രചാരണത്തിന്‍റെ അവകാശവാദം. അടുത്ത ഏഴുദിവസം തിളപ്പിച്ച വെള്ളം കുടിക്കണമെന്നും പ്രചാരണം ആവശ്യപ്പെടുന്നു. 

2018 മെയ് ആറിനുള്ള പത്രവാര്‍ത്തയാണ് ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നതെന്ന് വസ്തുതാ പരിശോധക വെബ്സൈറ്റായ ബൂം ലൈവ് കണ്ടെത്തി. ദി ഫ്രീ പ്രസ് ജേര്‍ണലില്‍ വന്ന രണ്ട് വര്‍ഷം മുന്‍പുള്ള അറിയിപ്പാണ് ഇത്. നിലവിലെ സാഹചര്യത്തില്‍ വെള്ളം ചൂടാക്കി ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ബൃഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ബൂംലൈവിനോട് വ്യക്തമാക്കി.