ദില്ലി: ദില്ലിയിൽ നിയമസഭാ തെരഞ്ഞെടുപ്പ്  പ്രചാരണങ്ങൾ ചൂടുപിടിക്കുന്നതിനിടെ ആംആദ്മി പാര്‍ട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്‍റേതെന്ന പേരില്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്ന കെജ്രിവാളിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ചർച്ചാ വിഷയമായിരിക്കുന്നത്.

അന്നു രജ്‍പുത് എന്ന വ്യക്തിയുടെ ഫേസ്ബുക്കിലായിരുന്നു വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്.  'എഎപി നിലപാട് മാറ്റിയോ. കോണ്‍ഗ്രസിന് വോട്ട് ചോദിക്കുന്നു. ദില്ലിക്കാര്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് കെജ്രിവാള്‍ പറയുന്നു' എന്ന് അന്നു രജ്‍പുത് ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

എന്നാൽ, ഈ വീഡിയോ വ്യാജമാണെന്ന് ഇന്ത്യ ടുഡെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 2017 ജനുവരി 30ന് കെജ്രിവാള്‍ പുറത്തിറക്കിയ വീഡിയോ ആണിതെന്നാണ് ഇന്ത്യ ടുഡെയുടെ കണ്ടെത്തല്‍. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലാണ് കെജ്രിവാള്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ഈ വീഡിയോ എഡിറ്റ് ചെയ്താണ് ഇപ്പോള്‍ കോണ്‍ഗ്രസിന് അനുകൂലമാക്കിയിരിക്കുന്നത്. 

ആര്‍എസ്എസ്, അകാലിദള്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞ രണ്ടുദിവസമായി എല്ലാ വീടുകളിലും കയറിയിറങ്ങുന്നു. ഇത്തവണ തങ്ങള്‍ക്ക് വോട്ട് ചെയ്യരുതെന്നും കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്നും കെജ്രിവാള്‍ പറയുന്നതായാണ് വ്യാജ വീഡിയോയിലൂടെ പ്രചരിപ്പിക്കുന്നത്. അന്ന് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. പിന്നീട്, 2017 ഫെബ്രുവരി 2ന് വിശദീകരണവുമായി കെജ്രിവാള്‍ മറ്റൊരു വീഡിയോ ഇറക്കി. കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ താന്‍ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും വീഡിയോ എഡിറ്റ് ചെയ്തതാണെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു. ദില്ലിയില്‍ തെരഞ്ഞെടുപ്പ് ചൂട് കൂടുമ്പോള്‍ വ്യാജ വീഡിയോകളുടെ എണ്ണവും കൂടുകയാണ്.