വാഷിങ്ടണ്‍: വിഖ്യാത അമേരിക്കന്‍ നടനും നിര്‍മ്മാതാവും റെസ്‍ലിങ് താരവുമായ ഡ്വെയന്‍ ജോണ്‍സന്‍റെ മരണവാര്‍ത്തയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 'ദ റോക്ക്' എന്ന വിളിപ്പേരുള്ള ഡ്വെയ്ന്‍ അന്തരിച്ചെന്ന വാര്‍ത്തകള്‍ ആരാധകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. എന്നാല്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഈ വാര്‍ത്തയുടെ സത്യാവസ്ഥ മറ്റൊന്നാണ്. 

ഭയാനകമായ ഒരു സ്റ്റണ്ടിനിടെ പരാജിതനായ 47-കാരന്‍ 'ദ റോക്ക്', ഡ്വെയ്ന്‍ അന്തരിച്ചു എന്നാണ് ബിബിസി ന്യൂസിന്‍റെ പേരില്‍ വ്യാപകമായി പ്രചരിക്കുന്ന വാര്‍ത്തയുടെ തലക്കെട്ട്.  ഡ്വെയ്ന്‍ ജോണ്‍സണ്‍ (1972-2019) എന്നെഴുതിയതിന് മുകളില്‍ ആര്‍ഐപി (റെസ്റ്റ് ഇന്‍ പീസ്) എന്നും ചേര്‍ത്തിരിക്കുന്നു. ഡ്വെയ്ന്‍ ജോണ്‍സന്‍റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ ബിബിസിയുടേതെന്ന് തോന്നിപ്പിക്കുന്നതാണ് ലിങ്ക്. ചിത്രത്തില്‍ ബിബിസിയുടെ ലോഗോയും അടങ്ങിയിട്ടുണ്ട്. ഡ്വെയ്നെ രക്ഷപ്പെടുത്തുന്നതില്‍ സ്റ്റണ്ട് ക്രൂ പരാജയപ്പെട്ടെന്നും വാര്‍ത്തയില്‍ പറയുന്നു.

എന്നാല്‍ തലക്കെട്ടില്‍ വാര്‍ത്ത ബിബിസിയുടേതാണെന്ന് പറയുന്നുണ്ടെങ്കിലും വാര്‍ത്തയുടെ ലിങ്ക് TOPNEWS.LIVEBROADCAST.COM എന്ന വ്യാജ വെബ്സൈറ്റിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഒറിജനലിനെ വെല്ലുന്ന യാതൊരു അടിസ്ഥാനവും ഇല്ലാത്ത വ്യാജവാര്‍ത്തയാണിത്. വാര്‍ത്ത തെറ്റാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങളൊന്നും ഡ്വെയ്ന്‍റെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും 'ബൂം' വെളിപ്പടുത്തി. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഈ വ്യാജ ലിങ്ക് ശ്രദ്ധിക്കുകയാണെങ്കില്‍ നിരവധി വൈരുദ്ധ്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. ബിബിസിയുടെ ലോഗോയ്ക്ക് താഴെ 15 മിനിറ്റുകള്‍ക്ക് മുമ്പ് പ്രസിദ്ധീകരിച്ചത് എന്നാണ് കൊടുത്തിട്ടുള്ളത്. ബ്രേക്കിങ് ന്യൂസ് സ്വഭാവമുള്ള വാര്‍ത്തയുടെ ലിങ്ക് കൃത്യമായ ഇടവേളകള്‍ക്ക് ശേഷം തുറന്നു നോക്കിയാലും സമയം രേഖപ്പെടുത്തിയിരിക്കുന്നതില്‍ മാറ്റമില്ലാതെ തുടരുന്നുണ്ടെന്നും 'ബൂം' വ്യക്തമാക്കി. 

വാര്‍ത്തക്കുള്ളിലെ വീഡിയോയ്ക്ക് താഴെ എത്രപേര്‍ വീഡിയോ കണ്ടു എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിലും വ്യത്യാസമുണ്ട്. ലൈവ് വീഡിയോ എന്ന് തോന്നിക്കുന്ന വീഡിയോയ്ക്ക് താഴെ റിയല്‍ ടൈം വ്യൂവേഴ്സ് 29,000 എന്ന് കാണിച്ചിരിക്കുന്നു. എന്നാല്‍ ലൈവ് ഐക്കണ് താഴെ 1.6 മില്യണ്‍ ആളുകള്‍ വീഡിയോ കണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വീഡിയോയില്‍ വാര്‍ത്ത വായ്ക്കുന്ന അവതാരകയെ കാണിക്കുന്നുണ്ടെങ്കിലും പെട്ടെന്ന് തന്നെ വാര്‍ത്ത അവസാനിക്കുന്നു. വാര്‍ത്ത അവസാനിക്കുന്നിടത്ത് ഉള്ളടക്കം ഗ്രാഫിക്സ് സ്വഭാവമുള്ളതാണെന്ന മുന്നറിയിപ്പും കാണിക്കുന്നു.

ഇതേ വ്യാജ വീഡിയോ യൂട്യൂബിലും അപ്‍ലോഡ് ചെയ്തിട്ടുണ്ട്. 'അണ്‍കവര്‍ നൗ' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പേജ് എറര്‍ എന്നാണ് സ്ക്രീനില്‍ തെളിയുന്നത്. നിരവധി തവണ ക്ലിക്ക് ചെയ്യുമ്പോഴും ഇത് ആവര്‍ത്തിക്കുന്നു. 2011- ല്‍ പ്രചരിച്ച മരണവാര്‍ത്തകള്‍ വ്യാജമാണെന്ന് അന്ന് ഡ്വെയ്ന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. എന്നാല്‍ ഡ്വെയ്ന്‍ അന്തരിച്ചെന്ന വ്യാജവാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആശങ്കകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്.