ലണ്ടന്‍: ലോകമെമ്പാടും കൊവിഡ് 19 വൈറസ് പിടിമുറുക്കുമ്പോള്‍ മഹാമാരിയെ ചെറുക്കാനുള്ള പോരാട്ടങ്ങള്‍ക്ക് വലിയ വെല്ലുവിളിയാകുകയാണ് കൂണുപോലെ മുളച്ചു പൊന്തുന്ന വ്യാജവാര്‍ത്തകള്‍. ജീവനക്കാരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ എലിസബത്ത് രാജ്ഞിയെ കൊട്ടാരത്തില്‍ നിന്ന് മാറ്റിയെന്നും ചാള്‍സ് രാജകുമാരന് കൊവിഡ് സ്ഥിരീകരിച്ചെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ബക്കിങ്ഹാം കൊട്ടാരത്തെ ചുറ്റിപ്പറ്റിയാണ് 'വ്യാജന്മാര്‍'. ഇതിനിടെ എലിസബത്ത് രാജ്ഞിക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന തരത്തില്‍ നിരവധി വാര്‍ത്തകളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

എലിസബത്ത് രാജ്ഞിക്ക് കൊവിഡ് ബാധിച്ചതായി ബക്കിങ്ഹാം കൊട്ടാരം സ്ഥിരീകരിച്ചെന്ന വാര്‍ത്തകള്‍ നൈജീരിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. 'എലിസബത്ത് രാജ്ഞിയുടെ കൊവിഡ് പരിശോധനാഫലം പോസിറ്റീവാണെന്ന് രാജകൊട്ടാരം സ്ഥിരീകരിച്ചു' എന്ന തലക്കെട്ടോടെയാണ് ഇതേപ്പറ്റിയുള്ള ലേഖനം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. മാര്‍ച്ച് 28ന് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് 1500ലധികം ആളുകളാണ് ഷെയര്‍ ചെയ്തത്. 

എന്നാല്‍ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ ഒതുങ്ങുന്നതല്ല ഇത്. എലിബത്ത് രാജ്ഞിയുടെ കൊവിഡ് രോഗബാധയെപ്പറ്റി നിരവധി വ്യാജവാര്‍ത്തകള്‍ നൈജീരിയ കേന്ദ്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമാകുന്നതായി വാര്‍ത്താ ഏജന്‍സിയായ 'എഎഫ്പി' കണ്ടെത്തി. 

നൈജീരിയന്‍ വെബ്‌സൈറ്റായ 'ബ്ലൂന്യൂസ്' എലിസബത്ത് രാജ്ഞി മാസ്‌ക് ധരിച്ച ചിത്രം ഉള്‍പ്പെടെയാണ് വാര്‍ത്ത പുറത്തുവിട്ടത്. എലിസബത്ത് രാജ്ഞിക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നും ആരോഗ്യനില തൃപ്തികരമാണെന്നും  ഇവര്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. 

2017ല്‍ ക്രിസ്മസ് ദിനത്തില്‍ പള്ളിയിലെത്തിയ എലിബത്ത് രാജ്ഞിയുടെ ചിത്രങ്ങള്‍ 'ദി ഡെയ്‌ലി മെയില്‍' ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ ചിത്രമാണ് ലേഖനത്തിനൊപ്പം ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് 'എഎഫ്പി' കണ്ടെത്തിയതായി 'ബൂംലൈവ്' റിപ്പോര്‍ട്ട് ചെയ്തു. 

എലിസബത്ത് രാജ്ഞിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് രാജകൊട്ടാരം അറിയിച്ചിട്ടില്ല എന്ന് മാത്രമല്ല 93കാരിയായ രാജ്ഞിയുടെ ആരോഗ്യനില തൃപ്തികരണമാണെന്നും ബക്കിങ്ഹാം കൊട്ടാരം വ്യക്തമാക്കിയിരുന്നു. ജീവനക്കാരില്‍ ഒരാളുടെ കൊവിഡ് പരിശോധനാഫലം പോസിറ്റീവായതോടെ മാര്‍ച്ച് 19 മുതല്‍ ഫിലിപ്പ് രാജകുമാരനൊപ്പം വിന്‍ഡ്‌സോര്‍ കാസിലിലാണ് എലിസബത്ത് രാജ്ഞി താമസിക്കുന്നത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക