റോം: പൂക്കള്‍ കൊണ്ട് അലങ്കരിച്ച ശവപ്പെട്ടികളില്‍ സൂക്ഷിച്ചിരിക്കുന്നത് കൊവിഡ് വ്യാപനത്തില്‍ ഇറ്റലിയില്‍ മരിച്ചവരുടെ മൃതദേഹങ്ങളാണെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ് ഒരു ചിത്രം. ശവപ്പെട്ടികള്‍ക്ക് സമീപം പ്രിയപ്പെട്ടവരുടെ വിയോഗത്തില്‍ വിലപിക്കുന്ന രണ്ട് യുവതികളെയും ചിത്രത്തില്‍ കാണാം. വ്യാജവാര്‍ത്തകള്‍ വ്യാപകമാകുന്ന കൊവിഡ് കാലത്ത് ഈ ചിത്രം യാഥാര്‍ത്ഥ്യമോ?

2020 മാര്‍ച്ച് 24നാണ് ചിത്രം ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. ഇത് 150ലധികം ആളുകള്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്. കൊവിഡ് ബാധിച്ച് ഇറ്റലിയില്‍ ആയിരക്കണക്കിന് പൗരന്‍മാര്‍ മരണമടഞ്ഞതോടെ ജനങ്ങള്‍ക്ക് മുമ്പില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജിസപേ കോന്‍ഡെ വിതുമ്പുകയാണെന്ന് പറഞ്ഞു കൊണ്ട് തുടങ്ങുന്ന കുറിപ്പ് ഇന്തോനേഷ്യന്‍ ഭാഷയിലാണ് എഴുതിയിരിക്കുന്നത്. മരിച്ചവരുടെ കണക്കുകള്‍ നിരത്തിയ കുറിപ്പില്‍ ഇനി ദൈവത്തിന്റെ കരുണയ്ക്കായി പ്രാര്‍ത്ഥിക്കാം എന്നും പറയുന്നു. ഈ കുറിപ്പിനൊപ്പമാണ് ചിത്രം പ്രചരിച്ചത്.

എന്നാല്‍ ഈ ഫോട്ടോ വ്യാജമാണെന്നും 2009ല്‍ ഇറ്റലിയിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങളാണ് ചിത്രത്തിലുള്ളതെന്നും 'എഎഫ്പി'യുടെ ഫാക്ട് ചെക്ക് വിഭാഗം കണ്ടെത്തി. 2009ല്‍ 'ലോസ് ഏഞ്ചല്‍സ് ടൈംസി'ല്‍ ഇതേ ചിത്രം പ്രസിദ്ധീകരിച്ചെന്നും ഇത് ആ വര്‍ഷം ഉണ്ടായ ഭൂകമ്പത്തില്‍ മരണമടഞ്ഞവരുടെ ശവപേടകങ്ങളാണെന്നും 'എഎഫ്പി ഫാക്ട് ചെക്ക്' ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് വഴി കണ്ടെത്തി. ഇതോടെ ഒരു വ്യാജവാര്‍ത്തയുടെ കൂടി സത്യം പുറത്തുവരികയാണ്.