വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 26 ലക്ഷം കടക്കുമ്പോള്‍ ദിനംപ്രതി ഉയരുന്ന മരണസംഖ്യയിലും പുറത്തുവരുന്ന പുതിയ കൊവിഡ് കേസുകളിലും ആശങ്കയിലാണ് ലോകജനത. ഇതിനിടെ കൊവിഡ് ബാധിച്ച് മരിച്ചവരുടേത് എന്ന രീതിയില്‍ പല ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചു. ഇതില്‍ ഏറെയും വ്യാജ വാര്‍ത്തകളും ഫോട്ടോകളുമായിരുന്നു. ഏറെ വേദനിപ്പിക്കുന്ന അത്തരത്തില്‍ ഒരു ചിത്രം കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ ഉള്ളു പൊള്ളിക്കുകയാണ്.  

'കൊവിഡിന്റെ ഏറ്റവും മോശമായ മൂന്നാമത്തെ ഘട്ടത്തില്‍ മരണം മുമ്പില്‍ കണ്ട് ചികിത്സയില്‍ തുടരുന്ന അമ്മ അവസാനമായി മാറോട് ചേര്‍ത്ത് പിടിച്ച പിഞ്ചു കുഞ്ഞിന്റെ ചിത്രം' എന്ന കുറിപ്പോടെയാണ് ഈ ചിത്രം പ്രചരിക്കുന്നത്. ഹിന്ദിയിലാണ് കുറിപ്പെഴുതിയിരിക്കുന്നത്. 'കൊവിഡ് ബാധിച്ച് മരണാസന്നയായ സ്ത്രീ അവസാന ആഗ്രഹമായി ഡോക്ടറോട് ആവശ്യപ്പെട്ടത് തന്റെ 18 മാസം പ്രായമുള്ള കുഞ്ഞിനെ കാണണം എന്നതായിരുന്നു. അവരുടെ ആഗ്രഹം സാധിച്ചുകൊടുക്കാനായി ഡോക്ടര്‍മാര്‍ ആ സ്ത്രീയുടെ ശരീരം മുഴുവന്‍ പൊതിഞ്ഞു, കുഞ്ഞ് അമ്മയുടെ മാറിലമര്‍ന്നു...'ഇത്തരത്തില്‍ ആരെയും വേദനിപ്പിക്കുന്ന ഒരു കുറിപ്പാണ് ചിത്രത്തോടൊപ്പം പ്രചരിച്ചത്. വാട്‌സാപ്പിലും ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം ഈ ചിത്രം വ്യാപകമായി പ്രചരിച്ചു. നിരവധി പേര്‍ കണ്ണീരൊഴുക്കി, കമന്റ് ചെയ്തു, വന്‍തോതില്‍ ചിത്രം ഷെയര്‍ ചെയ്യപ്പെട്ടു.

ഇതിന്റെ വാസ്തമറിയാന്‍ 'ബൂംലൈവ്' റിവേഴ്‌സ് ഇമേജ് പരിശോധന നടത്തി. ലോകത്തിലെ പല ഭാഗങ്ങളില്‍ നിന്നുമുള്ള ചിത്രങ്ങള്‍ സൂക്ഷിക്കുന്ന 'മാഗ്നം ഫോട്ടോസി'ല്‍ ഇതിനായി തെരഞ്ഞു. 1985 ല്‍ യുഎസിലെ സിയാറ്റിലില്‍ ബേര്‍ട് ഗ്ലിന്‍ എന്ന പ്രശസ്ത ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രമാണിത്. മജ്ജ മാറ്റി വെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയില്‍ തുടരുന്ന സ്ത്രീയും അവരുടെ കുഞ്ഞുമാണ് ചിത്രത്തിലുള്ളത്.

ഫ്രെഡ് ഹച്ചിന്‍സണ്‍ ക്യാന്‍സര്‍ സെന്ററില്‍ നിന്നുള്ള ചിത്രമാണിത്.  ഗ്ലിന്നിന്റെ ഫോട്ടോബുക്കിലും ഈ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. കൊവിഡ് 19 വൈറസിനെ കണ്ടെത്തുന്നതിനും വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പെടുത്ത ഒരു ചിത്രമാണ് ഇപ്പോള്‍ സാഹചര്യം ചൂഷണം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.