പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തില്‍ പൊലീസുകാരും പങ്കെടുത്തോ? ചിത്രത്തിന്‍റെ സത്യാവസ്ഥ ഇതാണ്. 

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുകയാണ്. പ്രതിഷേധങ്ങള്‍ക്കൊപ്പം തന്നെ വ്യാപകമാകുകയാണ് ജനങ്ങളില്‍ ആശങ്ക ഉണ്ടാക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയ വഴിയുള്ള വ്യാജ പ്രചാരണങ്ങളും. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കൊപ്പം പൊലീസുകാരും പങ്കെടുക്കുന്നു എന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഒരു ചിത്രമാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. 'നോ സിഎഎ, നോ എന്‍ആര്‍സി' എന്ന പോസ്റ്റര്‍ ഉയര്‍ത്തിപ്പിടിച്ച് പ്രതിഷേധിക്കുന്ന പൊലീസിനെയും ചിത്രത്തില്‍ കാണാം. നിലവിലെ സാഹചര്യത്തില്‍ വ്യാപകമായി പ്രചരിക്കുന്ന ഈ ചിത്രം സത്യമാണോ? 

പൗരത്വ നിയമ ഭേദഗതിയെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും എതിര്‍ത്തു കൊണ്ടുള്ള മുദ്രാവാക്യങ്ങള്‍ എഴുതിയ മൂന്ന് പോസ്റ്ററുകളാണ് പൊലീസുകാര്‍ കയ്യിലേന്തിയിട്ടുള്ളത്. എന്നാല്‍ സൂക്ഷ്മ പരിശോധനയില്‍ ഈ ചിത്രം മോര്‍ഫ് ചെയ്തതാണെന്ന് കണ്ടെത്തിയതായി 'ബൂംലൈവ്' റിപ്പോര്‍ട്ട് ചെയ്തു. 2019 നവംബര്‍ അഞ്ചിന് ദില്ലി തീസ് ഹസാരി കോടതി വളപ്പില്‍ നടന്ന പൊലീസ്-അഭിഭാഷക സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് ദില്ലി പൊലീസ് ആസ്ഥാനത്ത് പൊലീസുകാര്‍ നടത്തിയ സമരത്തിന്‍റെ ചിത്രമാണിത്. പൊലീസുകാര്‍ ഉയര്‍ത്തിയ പോസ്റ്ററുകളിലെ വാചകങ്ങള്‍ക്ക് പകരം പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തുകൊണ്ടുള്ള മുദ്രാവാക്യങ്ങള്‍ മോര്‍ഫ് ചെയ്ത് ചേര്‍ക്കുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ പ്രചാരണങ്ങളില്‍ ഒന്നുമാത്രമാണിത്.