രണ്ടായിരം രൂപയുടെ നിരവധി കെട്ടുകളുമായി ആര്‍എസ്എസ് നേതാവിന്‍ കാര്‍ പിടികൂടിയതിന്‍റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഗുജറാത്ത്, ആര്‍എസ്എസ്, രണ്ടായിരം രൂപ എന്നെല്ലാം കണ്ട സമൂഹമാധ്യങ്ങളിലുള്ളവര്‍ ഒന്നും നോക്കാതെ ഷെയര്‍  ചെയ്ത ചിത്രങ്ങള്‍ രണ്ടാമതൊന്ന് ആലോചിക്കാന്‍ പോകാതെ ഗ്രൂപ്പുകളിലും ഫേസ്ബുക്ക് പേജുകളിലും ഷെയര്‍ ചെയ്തു. ആര്‍എസ്എസ് നേതാവ് കേതന്‍ ദേവിന്‍റെ കാറില്‍ നിന്നാണ് നോട്ട് കെട്ടുകള്‍ പിടികൂടിയത് എന്നായിരുന്നു പ്രചാരണം. 

Images shared with a fake claim.

റിസര്‍വ്വ് ബാങ്ക് നോട്ട് അച്ചടിക്കുന്നത് നിര്‍ത്തി ഇവരെ ചുമതലയേല്‍പ്പിക്കണം എന്ന കുറിപ്പടക്കമായിരുന്നു പിടിച്ചെടുത്ത നോട്ടുകെട്ടുകളുടെ ചിത്രം പങ്കുവച്ചിരുന്നത്. കാര്‍ഡ് ബോര്‍ഡ് ബോക്സില്‍ അടുക്കി വച്ചിരിക്കുന്ന രണ്ടായിരത്തിന്‍റെ നോട്ടുകെട്ടുകളുടെ ചിത്രങ്ങളാണ് വ്യപകമായി പ്രചരിച്ചത്. നോട്ടുകള്‍ പിടിച്ചെടുത്ത് ഉദ്യോഗസ്ഥര്‍ സംസാരിക്കുന്ന ചിത്രങ്ങളും പ്രചരിച്ചു. എന്നാല്‍ ഈ പ്രചാരണങ്ങള്‍ വ്യാജമാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് നടത്തിയ ഫാക്ട് ചെക്കില്‍ കണ്ടെത്തി. 

2019 നവംബര്‍ 2 ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്ത് വിട്ട ഒരു ചിത്രമാണ് ആര്‍എസ്എസിനെതിരായ പ്രചാരണത്തിനായി ഇപയോഗിച്ചത്. തെലങ്കാനയില്‍ കണ്ടെത്തിയ വ്യാജ നോട്ടുകളുടെ ചിത്രമുപയോഗിച്ചായിരുന്നു വ്യാജ പ്രചാരണം. തെലങ്കാനയില്‍ വ്യാജ നോട്ട് പിടിച്ചെടുത്ത സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു.