അഹമ്മദാബാദ്: ഗുജറാത്തില്‍ കൊവിഡ് 19 ലോക്ക് ഡൗണില്‍ പട്ടിണിയിലായതിനാല്‍ രണ്ട് പെണ്‍മക്കളെ കൊന്നശേഷം അമ്മ ആത്മഹത്യ ചെയ്തു എന്ന കുറിപ്പോടെ ഒരു വീഡിയോ പ്രചരിക്കുകയാണ്. ഗുജറാത്തിലെ മോര്‍ബിയില്‍ മെയ് രണ്ടിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ലോക്ക് ഡൗണ്‍ പട്ടിണിമൂലമാണ് ക്രൂരമായ കൊലപാതകം നടന്നത് എന്നുള്ള പ്രചാരണങ്ങളിലെ വസ്‌തുത പരിശോധിക്കാം. 

പ്രചരിക്കുന്ന വീഡിയോ

 

രണ്ട് പെണ്‍മക്കളെ കൊന്നശേഷം അമ്മ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ഫേസ്‌ബുക്കില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നത്. ലോക്ക് ഡൗണ്‍ മൂലമുള്ള പട്ടിണിയെ തുടര്‍ന്നാണ് യുവതി ഇങ്ങനെ ചെയ്തത് എന്നും കുറിപ്പില്‍ ചേര്‍ത്തിരിക്കുന്നു. (അസ്വസ്ഥതയുണ്ടാക്കുന്ന വീഡിയോ വാര്‍ത്തയ്‌ക്കൊപ്പം ചേര്‍ക്കുന്നില്ല)

വസ്‌തുത ഇങ്ങനെ

 

പ്രചരിക്കുന്ന വീഡിയോയ്‌ക്കൊപ്പമുള്ള തലക്കെട്ട് വ്യാജമാണെന്നും നിലവിലെ കൊവിഡ് ലോക്ക് ഡൗണുമായി ഇതിന് ബന്ധമൊന്നുമില്ല എന്നതാണ് സത്യാവസ്ഥ. 

വസ്‌തുതാ പരിശോധനാ രീതി

വീഡിയോയ്‌ക്ക് ആസ്പദമായ സംഭവം നടന്നത് മെയ് രണ്ടിനാണ് എന്ന് റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ വ്യക്തമായി. ന്യൂസ് 18 ഗുജറാത്തും ടൈംസ് ഓഫ് ഇന്ത്യയും ഈ ദാരുണ കൊലപാതകത്തെ കുറിച്ച് വാര്‍ത്ത നല്‍കിയിട്ടുണ്ട്. ജിം ട്രെയിനറായ ഭര്‍ത്താവിന് വിവാഹേതര ബന്ധമുണ്ട് എന്ന സംശയത്താല്‍ കുട്ടികളെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

 

കേസില്‍ അന്വേഷണം പൂര്‍ത്തിയായതായും ഭര്‍ത്താവിന്‍റെ വിവാഹേതര ബന്ധം സംശയിച്ചാണ് യുവതി കൊലപാതകത്തിന് മുതിര്‍ന്നതെന്നും മോര്‍ബി എസ്‌പി കരന്‍രാജ് വഗേല ദ് ക്വിന്‍റിനോട് വ്യക്തമാക്കി. പട്ടിണിയും സാമ്പത്തിക പരാധീനതയുമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്ന ആരോപണം എസ്‌പി തള്ളി. ഭര്‍ത്താവ് വര്‍ക്കൗട്ടിന് പോയസമയത്ത് യുവതി ഒന്‍പതും അഞ്ചും വയസുള്ള പെണ്‍മക്കളെ കഴുത്തുഞെരിച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. 

നിഗമനം

കൊവിഡ് 19 ലോക്ക് ഡൗണിനെ തുടര്‍ന്നുണ്ടായ തൊഴിലില്ലായ്‌മയും പട്ടിണിയുമാണ് ഗുജറാത്തില്‍ മൂന്നുപേരുടെ ജീവനെടുത്തത് എന്നായിരുന്നു പ്രചാരണങ്ങള്‍. എന്നാല്‍, മറ്റൊരു കാരണത്താലാണ് മൂന്ന് ജീവനുകള്‍ പൊലിഞ്ഞത് എന്ന് വസ്‌തുതാ പരിശോധനയില്‍ വ്യക്തമായിരിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഇതുവരെ ചെയ്‌ത ഫാക്‌ട് ചെക്ക് സ്റ്റോറികള്‍ വായിക്കാം