ദില്ലി: "ഈ നിർഭയ നമ്പർ നിങ്ങളുടെ ഭാര്യ, പെൺമക്കൾ, സഹോദരിമാർ, അമ്മമാർ, സുഹൃത്തുക്കൾ, നിങ്ങൾക്കറിയാവുന്ന എല്ലാ സ്ത്രീകൾക്കും അയയ്ക്കുക..ഇത് സൂക്ഷിച്ച് വയ്ക്കാൻ അവരോട് ആവശ്യപ്പെടുക .. എല്ലാ പുരുഷന്മാരും നിങ്ങൾക്ക് അറിയാവുന്ന എല്ലാ സ്ത്രീകളോടും ഇക്കാര്യം പങ്കിടുക..9833312222.." ഈ സന്ദേശമാണ് കഴിഞ്ഞ കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ചിലർ ഇത് തങ്ങളുടെ ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുമുണ്ട്.

എന്നാൽ ഇത് നിർഭയ നമ്പർ അല്ലെന്നും സർക്കാർ റെയിൽവേ പൊലീസിന്റെ (ജിആർപി) നമ്പർ ആണെന്നുമാണ് ആൾട്ട് ന്യൂസ് കണ്ടെത്തിയിരിക്കുന്നത്. 2015ലാണ് 9833312222 എന്ന നമ്പറിൽ ഒരു ഹെൽപ് ലൈൻ ആരംഭിച്ചത്. ഇത് മുംബൈയിൽ മാത്രമാണ് ലഭ്യം. സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട സന്ദേശങ്ങളോ ചിത്രങ്ങളോ വീഡിയോകളോ വാട്ട്‌സ്ആപ്പ് വഴി അയയ്ക്കാൻ റെയിൽ‌വേ യാത്രക്കാർക്ക് ഈ നമ്പർ ഉപയോഗിക്കാം. എന്നാൽ, ഈ നമ്പർ ഇപ്പോൾ പ്രവർത്തനക്ഷമമല്ലെന്ന് ആൾട്ട് ന്യൂസ് കണ്ടെത്തിയിട്ടുണ്ട്. മുംബൈ നഗരത്തെ സംബന്ധിച്ചിടത്തോളം ഹെൽപ്പ് ലൈൻ നമ്പർ 103 ആണ്.  മുംബൈ, നവി മുംബൈ, താനെ എന്നിവിടങ്ങളിലും ഈ നമ്പർ ബാധകമാണ്. മഹാരാഷ്ട്രയിൽ ഹെൽപ്പ് ലൈൻ നമ്പർ 1091 ആണ്.

നിർഭയ കേസിന് പിന്നാലെ 2013 ജനുവരിയിൽ സമാരംഭിച്ച മൂന്ന് അക്ക ടോൾ ഫ്രീ നമ്പർ - 181 ആണ്. തുടക്കത്തിൽ ദില്ലിയിലാണ് ഈ നമ്പർ ഹെൽലൈൻ ആയി ആരംഭിച്ചതെങ്കിലും ഇപ്പോൾ നിരവധി സംസ്ഥാനങ്ങൾ ഇത് ഉപയോ​ഗിച്ച് വരുന്നു. ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്ക് മാത്രമുള്ള മറ്റൊരു നമ്പറാണ് 1091, ഇത് രാജ്യമെമ്പാടുമുള്ള സംസ്ഥാന സർക്കാരുകൾ അംഗീകരിച്ചിട്ടുണ്ട്.