ടോക്കിയോ: കൊവിഡ് 19നെ പ്രതിരോധിക്കാന്‍ വാക്സിനും മരുന്നും ഏഷ്യന്‍ രാജ്യങ്ങള്‍ കണ്ടെത്തിയോ. സാമൂഹ്യമാധ്യമങ്ങളില്‍ തകൃതിയായി നടക്കുന്ന പ്രചാരണങ്ങള്‍ പറയുന്നത് ജപ്പാന്‍, ഫിലിപ്പീന്‍സ് ഗവേഷകർ ഇവ കണ്ടെത്തിയെന്നാണ്. 

ജപ്പാന്‍ 'അവിഗാന്‍' എന്ന പേരില്‍ ഒരു വാക്സിന്‍ കണ്ടെത്തിയെന്ന് മാർച്ച് 29ന് പ്രത്യക്ഷപ്പെട്ട ഒരു ഫേസ്ബുക്ക് പോസ്റ്റ് അവകാശപ്പെടുന്നു. ജപ്പാനിലെ ഒരു ടെലിവിഷന്‍ ചാനലില്‍ വന്ന റിപ്പോർട്ട് എന്ന നിലയ്ക്കുള്ള ഒരു സ്ക്രീന്‍ഷോട്ടാണ് പ്രചരിച്ചത്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുടെ ചിത്രവും സ്ക്രീന്‍ഷോട്ടിലുണ്ട്. ഇതോടെ ഫേസ്ബുക്കിലും ട്വിറ്ററിലും ഈ സ്ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിക്കുകയായിരുന്നു. 

എന്നാല്‍ അവിഗാന്‍ ഒരു വാക്സിനല്ല എന്നതാണ് സത്യം. ആന്‍ഡി വൈറല്‍ ഡ്രഗ് മാത്രമാണ് അവിഗാന്‍. നോവല്‍ കൊറോണ വൈറസിനുള്ള മരുന്നായേക്കാവുന്ന അവിഗാന്‍റെ സാധ്യതകള്‍ പഠിക്കാനുള്ള നടപടിക്രമം ആരംഭിക്കുന്നതായി മാർച്ച് 28ന് ജപ്പാന്‍ അറിയിച്ചിരുന്നു. 100 രോഗികളില്‍ ജൂണ്‍ വരെ ഈ മരുന്ന് പരീക്ഷിക്കും. ഇതിന് ശേഷമാകും അനുമതിക്കായി അപേക്ഷിക്കാന്‍ കഴിയുക. 

ഫിലിപ്പീന്‍സ് 'പ്രൊഡക്സ് ബി' എന്ന മരുന്ന് കണ്ടെത്തി എന്നായിരുന്നു അടുത്ത പ്രചാരണം. എന്നാല്‍ ഇത് ഫിലിപ്പീന്‍സ് ആരോഗ്യമന്ത്രാലയം തള്ളിക്കളഞ്ഞു. അനുമതിയില്ലാത്ത ഇത്തരം മരുന്നുകള്‍ ഉപയോഗിക്കരുതെന്നും വലിയ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി. കൊവിഡിന് വാക്സിന്‍ കണ്ടെത്തിയതായി WHO ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Read more: 'കൊവിഡാണ്, കാബേജ് കഴിക്കരുത്'; നിർദേശം നല്‍കിയോ ലോകാരോഗ്യ സംഘടന

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക