Asianet News MalayalamAsianet News Malayalam

'ഉള്ളി അധികം കഴിക്കാറില്ല; അതിനാല്‍ എന്നെ ബാധിക്കില്ല'; നിര്‍മല സീതാരാമന്‍ വിവാദത്തില്‍ സംഭവിച്ചതിതാണ്

നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ മറുപടി പറയുന്ന 20 സെക്കന്‍റുള്ള ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്

Why Nirmala Sitharaman says i dont eat Onions
Author
Delhi, First Published Dec 5, 2019, 12:17 PM IST

ദില്ലി: "ഞാന്‍ അധികം ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കാറില്ല, ഉള്ളിക്ക് ഭക്ഷണത്തില്‍ അധികം പ്രാധാന്യം കൊടുക്കാത്ത ഒരു കുടുംബത്തില്‍ നിന്നാണ് വരുന്നത്". രാജ്യത്ത് ഉള്ളിവില 100 രൂപയും കടന്ന് കുതിക്കുമ്പോള്‍ വിലക്കയറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചക്കിടെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ പറഞ്ഞ മറുപടിയാണിത്. നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ മറുപടി പറയുന്ന 20 സെക്കന്‍റുള്ള ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. 

ഉള്ളി വിലവര്‍ദ്ധനവില്‍ ആകുലപ്പെടുന്ന സാധാരണക്കാരെ അപമാനിക്കുകയാണ് ധനമന്ത്രി പാര്‍ലമെന്‍റില്‍ ചെയ്തത് എന്ന കടുത്ത വിമര്‍ശനം ശക്തമാണ്. രാജ്യത്തെ പ്രധാനപ്പെട്ട മാധ്യമങ്ങളെല്ലാം ധനമന്ത്രിയുടെ ലോക്‌സഭയിലെ പ്രതികരണം വലിയ പ്രധാന്യത്തോടെ വാര്‍ത്തയാക്കി. ധനമന്ത്രിയുടെ പ്രതികരണം ജനവിരുദ്ധവും നിര്‍വികാരമായ സര്‍ക്കാരിന്‍റെതുമാണ് എന്നായിരുന്നു രാഷ്‌ട്രീയ വിമര്‍ശകന്‍ ഗൗരവ് പാന്ദിയുടെ ട്വീറ്റ്. ഇത്തരത്തില്‍ കടുത്ത വിമര്‍ശനങ്ങളാണ് നിര്‍മല സീതാരാമനെതിരെ ഉയരുന്നത്. 

നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ പറഞ്ഞത് ഇങ്ങനെ...

എന്‍സിപി എംപി സുപ്രിയ സുലെയുടെ ചോദ്യത്തിന് ലോക്‌സഭയില്‍ മറുപടി പറയുകയായിരുന്നു നിര്‍മല സീതാരാമന്‍. 'രാജ്യത്ത് എന്തുകൊണ്ട് ഉള്ളി ഉല്‍പാദനം കുറഞ്ഞു. ഈജിപ്‌തില്‍ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യുന്നതില്‍ സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. എന്നാല്‍ ഈജിപ്ഷ്യന്‍ ഉള്ളി കഴിക്കാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല. എന്തിന് ഇന്ത്യക്കാര്‍ ഇറക്കുമതി ചെയ്യുന്ന ഉള്ളി കഴിക്കണം. അരിയും പാലും ഉള്‍പ്പെടെയുള്ളവ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഉള്ളിയുടെ ഉല്‍പാദനം കുറഞ്ഞതിന്‍റെ കാരണവും ഉള്ളിവില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും വിശദീകരിക്കണം' എന്നായിരുന്നു ധനമന്ത്രിയോട് സുപ്രിയയുടെ ചോദ്യം. 

എന്നാല്‍ സുപ്രിയ സുലേക്ക് മറുപടി നല്‍കും മുന്‍പ് നിര്‍മല സീതാരാമന് നേര്‍ക്ക് ചോദ്യവുമായി മറ്റൊരു അംഗം എഴുന്നേറ്റു. 'നിങ്ങള്‍ ഈജിപ്ഷ്യന്‍ ഉള്ളി കഴിക്കുന്നതുകൊണ്ടാണോ ആഭ്യന്തര വിതരണവും വിലയും നിയന്ത്രിക്കുന്നതിനായി ഈജിപ്‌തില്‍ നിന്ന് ഇറക്കുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്?'. ഇതായിരുന്നു പാര്‍ലമെന്‍റ് അംഗത്തിന് അറിയേണ്ടിയിരുന്നത്. ഈ ചോദ്യത്തിനും ധനമന്ത്രി മറുപടി പറഞ്ഞു. "ഞാന്‍ അധികം ഉള്ളിയോ വെളുത്തുള്ളിയെ കഴിക്കാറില്ല. ഉള്ളിക്ക് ഭക്ഷണത്തില്‍ അധികം പ്രാധാന്യം കൊടുക്കാത്ത ഒരു കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്"- ഈ മറുപടിയാണ് വിവാദത്തിലായിരിക്കുന്നത്. 

ഉള്ളി വില വര്‍ദ്ധനവിനെ കുറിച്ച് താന്‍ ഭയക്കുന്നില്ല എന്ന് നിര്‍മല പറഞ്ഞതായി വ്യാഖ്യാനിക്കപ്പെട്ടതും 20 സെക്കന്‍റ് ദൈര്‍ഘ്യമുള്ള ഈ മറുപടിയാണ്. ഉള്ളിവില നിയന്ത്രിക്കാന്‍ കൈക്കൊണ്ട നടപടികള്‍ ധനമന്ത്രി പാര്‍ലമെന്‍റില്‍ വിവരിച്ചിരുന്നു. കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി, സ്റ്റോക്ക് പരിധി നടപ്പാക്കി, വിദേശത്തു നിന്നും ഉള്ളി ഇറക്കുമതി ചെയ്തു, ഉള്ളി അധികമുള്ള പ്രദേശങ്ങളില്‍ നിന്നും ഉള്ളി ക്ഷാമം നേരിടുന്ന സ്ഥലങ്ങളിലേക്ക് വിതരണം ചെയ്തു എന്നിങ്ങനെ വില വര്‍ധനവ് തടയാന്‍ നിരവധി മാര്‍ഗങ്ങള്‍ സ്വീകരിച്ചു. ഇടപാടുകളില്‍ നിന്ന് ഇടനിലക്കാരെ പൂര്‍ണമായും ഒഴിവാക്കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ധനമന്ത്രിയുടെ ലോക്‌സഭയിലെ പ്രതികരണം കാണാം...(7.59.24 ഭാഗം കാണുക)

Follow Us:
Download App:
  • android
  • ios