കൊവിഡ് 19 വാക്സിന്‍ പരീക്ഷണത്തിന് വിധേയരായ രണ്ട് കുട്ടികള്‍ മരിച്ചുവെന്ന വാദവുമായി പ്രചരിക്കുന്ന വീഡിയോ വ്യാജം. ആഫ്രിക്കന്‍ രാജ്യമായ ഗിനിയയില്‍ നടത്തിയ വാക്സിന്‍ പരീക്ഷണത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചുവെന്നാണ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ സഹിതം പ്രചരിച്ചത്. 2019 മാര്‍ച്ചില്‍ ആന്‍റി പാരസൈറ്റിക് മരുന്ന് കഴിച്ച് അവശരായ കുട്ടികളുടെ വീഡിയോ ഉപയോഗിച്ചാണ് വ്യാജ പ്രചാരണം നടത്തിയതെന്ന് അന്തര്‍ ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയുടെ വസ്തുതാ പരിശോധക വിഭാഗം വ്യക്തമാക്കുന്നു. 

നിലവില്‍ കൊവിഡ് 19 വാക്സിന്‍ കണ്ടെത്തിയിട്ടില്ലെന്നും എഎഫ്പി വിശദമാക്കുന്നു. ഏപ്രില്‍ 10നാണ് വ്യാജ പ്രചാരണവുമായി വീഡിയോ യുട്യൂബില്‍ പോസ്റ്റ് ചെയ്യുന്നത്. നിരവധിപ്പേരാണ് ഈ വീഡിയോ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തിരിക്കുന്നത്. ഈ വീഡിയോയില്‍ നിന്നുള്ള വിവിധ ഭാഗങ്ങള്‍ ആയിരക്കണക്കിന് തവണയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. 

 

പശ്ചിമ ഗിനിയയില്‍ നടത്തിയ കൊവിഡ് വാക്സിന്‍ പരീക്ഷണത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചുവെന്നാണ് വീഡിയോയില്‍ രണ്ട് അവതാരകര്‍ സംസാരിക്കുന്നത്. ഇവരുടെ വാദം സാധൂകരിക്കാന്‍ ടിവി ദൃശ്യങ്ങളും ഇവര്‍ ഉപയോഗിക്കുന്നുണ്ട്. എലികളിലോ ഗിനിപ്പന്നികളിലോ പരീക്ഷിക്കണ്ട വാക്സിന്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ നമ്മുടെ കുട്ടികളിലും അമ്മമാരിലും പരീക്ഷിക്കുന്നതെന്നാണ് അവതാരകര്‍ ചോദിക്കുന്നത്. ആഫ്രിക്കയില്‍ വാക്സിന്‍ പരീക്ഷണത്തേക്കുറിച്ച് സംസാരിച്ച വന്‍ വിവാദങ്ങളില്‍ കുടുങ്ങിയ ഫ്രഞ്ച് ഗവേഷകരുടെ ടെലിവിഷന്‍ സംഭാഷണവും വാദം സാധൂകരിക്കാനായി ഉപയോഗിക്കുന്നുണ്ട്. ഗിനിയയിലെ ടിവി ചാനലായ ഗംഗന്‍ ആര്‍ടിവി 2019 മാര്‍ച്ച് 18ന് ഉപയോഗിച്ച ദൃശ്യങ്ങളാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. 

സ്കൂളില്‍ വച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കിയ ആന്‍റി പാരസൈറ്റിക് മരുന്ന് കഴിച്ച് കുട്ടികള്‍ അവശരായതിനെ തുടര്‍ന്ന് വലിയ പ്രതിഷേധങ്ങള്‍ ഗിനിയയിലുണ്ടായിരുന്നു. ഈ സംഭവത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചെന്ന് നാട്ടുകാരം ആരും മരിച്ചില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദവും. ഈ ദൃശ്യങ്ങളുപയോഗിച്ചാണ് കൊറോണ വൈറസ് വാക്സിന്‍ പരീക്ഷണമെന്ന് പ്രചരിപ്പിക്കുന്നത്.