ഹോളിവുഡ് സിനിമകളില്‍ വണ്ടർ വുമണായി വേഷമിട്ട പ്രശസ്‌ത ഇസ്രയേലി നടിയാണ് ഗാൽ ഗാഡോട്ട്

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം പശ്ചിമേഷ്യയെ വീണ്ടും ചോരക്കളമാക്കി തുടരുകയാണ്. ഹമാസിനെതിരെ ഗാസയില്‍ വലിയ സേനാ വിന്യാസമാണ് ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇസ്രയേല്‍ നടിയും സൂപ്പര്‍ മോഡലുമായ ഗാൽ ഗാഡോട്ട് സൈന്യത്തില്‍ ചേര്‍ന്നോ? ഗാലിന്‍റെ ചിത്രം സഹിതമാണ് നിലവിലെ യുദ്ധ സാഹചര്യത്തില്‍ അവര്‍ സൈന്യത്തില്‍ ചേര്‍ന്നതായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

പ്രചാരണം 

Scroll to load tweet…

ഹോളിവുഡ് സിനിമകളില്‍ അമാനുഷിക വനിതയായി വേഷമിട്ട പ്രശസ്‌ത ഇസ്രയേലി നടിയായ ഗാൽ ഗാഡോട്ട് സൈനിക സേവനത്തില്‍ ചേര്‍ന്നു എന്നുപറഞ്ഞാണ് അവരുടെ ഒരു ചിത്രം ട്വിറ്ററില്‍ പ്രചരിക്കുന്നത്. ഗാഡോട്ട് സല്യൂട്ട് ചെയ്യുന്ന ചിത്രം സഹിതമാണ് പ്രചാരണം. JIX5A എന്ന വെരിഫൈഡ് അക്കൗണ്ടില്‍ നിന്ന് 2023 നവംബര്‍ രണ്ടിന് വന്ന ട്വീറ്റ് ചുവടെ.

ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട്

ഇത്തരത്തില്‍ നിരവധി പേരാണ് നടിയുടെ ചിത്രം സഹിതം സമാന അവകാശവാദത്തോടെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ലിങ്ക് 1, 2, 3. ഈ സാഹചര്യത്തില്‍ പ്രചാരണത്തിന്‍റെ വസ്‌‌തുത എന്താണെന്ന് പരിശോധിക്കാം.

ട്വീറ്റുകളുടെ സ്ക്രീന്‍ഷോട്ടുകള്‍

വസ്‌തുതാ പരിശോധന

ഇസ്രയേല്‍ സൈന്യത്തിനൊപ്പം മുമ്പ് പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ഗാൽ ഗാഡോട്ട്. പതിനെട്ട് വയസ് പ്രായമുള്ളപ്പോള്‍ 2004ല്‍ അവര്‍ ആര്‍മി സേവനം ചെയ്‌തിരുന്നു. അന്നത്തെ ഗാഡോട്ടിന്‍റെ ചിത്രമാണ് ഇസ്രയേല്‍-ഹമാസ് നിലവിലെ സംഘര്‍ഷസമയത്തെ എന്ന പേരില്‍ പലരും പ്രചരിപ്പിക്കുന്നത്.

ഗാൽ ഗാഡോട്ടിന്‍റെതായി പ്രചരിക്കുന്ന ചിത്രത്തിന്‍റെ വസ്‌തുത പരിശോധിക്കാനായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം ഫോട്ടോ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കുകയാണ് ആദ്യം ചെയ്‌തത്. ഈ ചിത്രം ഫോട്ടോ ഷെയറിംഗ് സോഷ്യല്‍ മീഡിയയായ പിന്ററെസ്റ്റില്‍ ഏറെക്കാലം മുമ്പ് അപ്‌ലോഡ് ചെയ്‌തിട്ടുള്ളതായി കാണാനായി. '2004ല്‍ പതിനെട്ട് വയസുള്ളപ്പോള്‍ ആര്‍മി സേവനത്തിനെത്തിയ ഗാൽ ഗാഡോട്ടിന്‍റെ ആദ്യ ദിനം' എന്ന തലക്കെട്ടോടെയാണ് ചിത്രം പിന്ററെസ്റ്റില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഗാൽ ഗാഡോട്ടിന്‍റെതായി ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രം രണ്ട് പതിറ്റാണ്ടോളം പഴക്കമുള്ളതാണ് എന്ന് ഇതോടെ വ്യക്തമായി. 

പിന്ററെസ്റ്റ് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്

ഗാൽ ഗാഡോട്ടിന്‍റെ ഇപ്പോള്‍ വ്യാപകമായിരിക്കുന്ന ചിത്രം മുന്‍ വര്‍ഷങ്ങളില്‍ പലപ്പോഴായി ട്വീറ്റ് ചെയ്യപ്പെട്ടിട്ടുള്ളതാണ് എന്നും തുടര്‍ പരിശോധനകളില്‍ കണ്ടെത്താനായി. ഈ സൂചനയും ഫോട്ടോ പഴയതാണ് എന്നുറപ്പാക്കി. 

2020ലെ ഒരു ട്വീറ്റ്

നിഗമനം

ഇസ്രയേല്‍ നടിയും സൂപ്പര്‍ മോഡലുമായ ഗാൽ ഗാഡോട്ട് സമീപ ദിവസങ്ങളില്‍ സൈന്യത്തില്‍ ചേര്‍ന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രം ഏറെ വര്‍ഷങ്ങളുടെ പഴക്കമുള്ളതാണ്. മുമ്പ് രണ്ട് വര്‍ഷം ഇസ്രയേലില്‍ നിര്‍ബന്ധിത സൈനിക സേവനം ഗാഡോട്ട് ചെയ്‌തിരുന്നു. 

Read more: അണിനിരന്ന് 10 ലക്ഷത്തിലധികം പേര്‍; ഫ്രാന്‍സില്‍ പടുകൂറ്റന്‍ പലസ്‌തീന്‍ അനുകൂല റാലിയോ? Fact Check