Asianet News MalayalamAsianet News Malayalam

സൈനികനെ മര്‍ദിച്ച് മുതുകില്‍ പിഎഫ്‌ഐ ചാപ്പകുത്തിയെന്ന് പരാതി; സംഭവത്തില്‍ വന്‍ ട്വിസ്റ്റ്! തിരക്കഥ കീറി പൊലീസ്

ഒരൊറ്റ ദിവസം കൊണ്ട് ഈ സംഭവത്തിന്‍റെ വസ്‌തുത പൊലീസ് പുറത്തുവിട്ടിരിക്കുകയാണ്

Army Jawan attacked in Kerala and PFI painted on his back reported but complaint is fake Fact Check jje
Author
First Published Sep 26, 2023, 3:02 PM IST

തിരുവനന്തപുരം: കൊല്ലം കടയ്ക്കലിൽ സൈനികനെ മർദിച്ചവശനാക്കിയ ശേഷം നിരോധിത സംഘടനയായ പിഎഫ്ഐയുടെ പേര് ശരീരത്തിൽ ചാപ്പകുത്തിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം വലിയ കോളിളക്കമാണ് സൃഷ്‌ടിച്ചത്. മാധ്യമവാര്‍ത്തകള്‍ക്ക് പുറമെ നിരവധി സോഷ്യല്‍ മീഡിയ പോസ്റ്റുകളും ഇത് സംബന്ധിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. സൈനികനായ ഷൈൻ കുമാറിന്‍റെ ശരീരത്തിലാണ് ഒരു സംഘം ആളുകള്‍ പിഎഫ്‌ഐ എന്ന് എഴുതിയത് എന്നായിരുന്നു പോസ്റ്റുകള്‍. എന്നാല്‍ ഒരൊറ്റ ദിവസം കൊണ്ട് ഈ സംഭവത്തിന്‍റെ വസ്‌തുത പൊലീസ് പുറത്തുവിട്ടിരിക്കുകയാണ്. 

Army Jawan attacked in Kerala and PFI painted on his back reported but complaint is fake Fact Check jje

സൈനികന്‍റെ പരാതി ഇങ്ങനെ

'ഓണാഘോഷത്തില്‍ പങ്കെടുത്ത് സുഹൃത്തിന്‍റെ വീട്ടിൽ പോയി മടങ്ങുംവഴി ആക്രമിച്ചു. മുക്കട ചാണപ്പാറ റോഡിന് സമീപം റബ്ബർ തോട്ടത്തിൽ എത്തിയപ്പോൾ സുഹൃത്ത് മദ്യപിച്ച്  അബോധാവസ്ഥയില്‍ കിടക്കുന്നുവെന്ന് പറഞ്ഞ് രണ്ടുപേര്‍ തടഞ്ഞുനിര്‍ത്തി. നോക്കാൻ പോയപ്പോൾ ഇതിൽ ഒരാൾ പിന്നിൽ നിന്ന് ചവിട്ടി വീഴ്ത്തി. കൈകളും വായയും പായ്ക്കിംഗ് ടേപ്പ് ഉപയോഗിച്ച് ബന്ധിച്ച് ടീ ഷര്‍ട്ട് കീറി. മുതുകില്‍ പിഎഫ്ഐയുടെ പേര് പച്ച പെയിന്‍റ് ഉപയോഗിച്ച് എഴുതി. ആറംഗസംഘം ആക്രമണത്തിന് ശേഷം കടന്നുകളഞ്ഞു'- ഇത്രയുമായിരുന്നു സൈനികന്‍ ഷൈന്‍ കുമാറിന്‍റെ പരാതിയിലുണ്ടായിരുന്നത്. 

സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം

കേരളത്തില്‍ ഒരു സൈനികനെ മര്‍ദിച്ചതായും മുതുകില്‍ നിരോധിത സംഘടനയായ പിഎഫ്ഐയുടെ പേര് എഴുതിയെന്നതും ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പടെ വലിയ വാര്‍ത്തയാക്കിയിരുന്നു. എന്‍ഡിടിവി നല്‍കിയ വാര്‍ത്ത ലിങ്കില്‍ വായിക്കാം. ഇതോടൊപ്പം നിരവധി ഫേസ്‌ബുക്ക് പോസ്റ്റുകളും സൈനികനെതിരായ ആക്രമണത്തെ അപലപിച്ച് പ്രത്യക്ഷപ്പെട്ടു. സൈനികനെ ആക്രമിച്ച് പിഎഫ്ഐ എന്ന് മുതുകില്‍ പച്ചകുത്തിയത് സംബന്ധിച്ച് ബി.ജെ.പി ശ്രീനാരയണപുരം ഒറ്റൂർ എന്ന ഫേസ്‌ബുക്ക് പേജില്‍ വന്ന പോസ്റ്റ് ചുവടെ. 

Army Jawan attacked in Kerala and PFI painted on his back reported but complaint is fake Fact Check jje

ഇത്തരത്തിലുള്ള നിരവധി പോസ്റ്റുകള്‍ ഫേസ്‌ബുക്കില്‍ കാണാം. വായിക്കാന്‍ ലിങ്ക് 1, ലിങ്ക് 2, ലിങ്ക് 3, ലിങ്ക് 4 ക്ലിക്ക് ചെയ്യുക. 

വസ്‌തുത- പൊലീസ് ഭാഷ്യം

ഇന്നലെ മുതല്‍ വലിയ കോളിളക്കം സൃഷ്ടിച്ച വാര്‍ത്തയുടെയും പ്രചാരണത്തിന്‍റേയും വസ്‌തുത മറ്റൊന്നാണ് എന്നാണ് പുതിയ വിവരങ്ങള്‍. തന്നെ മര്‍ദിച്ച ശേഷം നിരോധിത സംഘടനയായ പിഎഫ്ഐയുടെ പേര് ശരീരത്തില്‍ ചാപ്പക്കുത്തിയെന്നായിരുന്നു കടയ്ക്കല്‍ സ്വദേശിയായ സൈനികന്‍ ഷൈന്‍ കുമാർ പൊലീസിൽ നൽകിയ പരാതി. എന്നാല്‍ ഈ പരാതി വ്യാജമാണ് എന്നാണ് പൊലീസ് കണ്ടെത്തല്‍. കള്ളപ്പരാതി ചമച്ചതിന് സൈനികനെയും സുഹൃത്ത് ജോഷിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ശരീരത്തിൽ പിഎഫ്ഐയെന്ന് എഴുതാൻ ഉപയോഗിച്ച പെയിന്‍റും ബ്രഷും കണ്ടെടുത്തിട്ടുണ്ട് എന്നും പൊലീസ് വ്യക്തമാക്കുന്നു. കൂടുതൽ വിവരങ്ങൾ ഇരുവരിൽ നിന്നും തേടുകയാണെന്നും പൊലീസ് അറിയിച്ചു.

സൈനികന്‍റെ പരാതി വ്യാജമാണെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞതോടെ ഒരു വ്യാജ പ്രചാരണത്തിന്‍റെ കൂടി മുനയാണൊടിഞ്ഞത്. സംഭവം വിശദമായി പൊലീസ് അന്വേഷിച്ചുവരികയാണ്. 

വിശദമായി വായിക്കാം: കൊല്ലത്ത് സൈനികനെ പിഎഫ്ഐ എന്ന് ചാപ്പ കുത്തിയെന്ന പരാതി വ്യാജമെന്ന് പൊലീസ്, നിർണായകമായത് സുഹൃത്തിന്റെ മൊഴി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios