ഹമാസിനെതിരായ യുദ്ധത്തിന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്‍റെ മകനെ അയച്ചിരിക്കുന്നതായി സാമൂഹ്യമാധ്യമായ എക്‌സിലാണ് പ്രചരിക്കുന്നത്

ഗാസ മുനമ്പില്‍ നിന്ന് ഇസ്രയേല്‍ അതിര്‍ത്തി നഗരങ്ങളിലേക്ക് ശക്തമായ ആക്രമണം അഴിച്ചുവിട്ട ഹമാസിനെ ഏത് വിധേയനയും തകര്‍ക്കും എന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതിന്‍റെ ഭാഗമായി സ്വന്തം മകനെ ഇസ്രയേല്‍ സേനയ്‌ക്കൊപ്പം അയച്ചിരിക്കുകയാണോ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു?

പ്രചാരണം

ഹമാസിനെതിരായ യുദ്ധത്തിന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്‍റെ മകനെ അയച്ചിരിക്കുന്നതായി സാമൂഹ്യമാധ്യമായ എക്‌സിലാണ് പ്രചരിക്കുന്നത്. നെതന്യാഹുവും ഇളയ മകനും നില്‍ക്കുന്ന ചിത്രം സഹിതമാണ് പ്രചാരണം. ചിത്രം ഷെയര്‍ ചെയ്‌തുകൊണ്ട് ഒരു യൂസര്‍ 2023 ഒക്ടോബര്‍ 11-ാം തിയതി ഇങ്ങനെ കുറിച്ചിരിക്കുന്നു. 'എന്തൊരു മഹാനായ നേതാവ്, ശരിയായ ദേശസ്നേഹം. ഹമാസിനെതിരായ യുദ്ധത്തില്‍ പങ്കെടുക്കാന്‍ ബെഞ്ചമിൻ നെതന്യാഹു തന്‍റെ മകനെ അയക്കുന്നു' എന്നുമാണ് ഇയാള്‍ ചിത്രത്തിനൊപ്പം ട്വീറ്റില്‍ കുറിച്ചിരിക്കുന്നത്. സത്യം തന്നെയോ ഇത് എന്ന് പരിശോധിക്കാം.

Scroll to load tweet…

ഇതേ ചിത്രം സമാന അവകാശവാദത്തോടെ ഫേസ്‌ബുക്കിലും പ്രചരിക്കുന്നുണ്ട്- സ്ക്രീന്‍ഷോട്ട്

വസ്‌തുത

എന്നാല്‍ ഇപ്പോള്‍ ഹമാസിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ഇസ്രയേലിന്‍റെ സൈനിക നടപടിയുടെ ഭാഗമാകാന്‍ തന്‍റെ മകനെ ബെഞ്ചമിൻ നെതന്യാഹു അയക്കുന്നതിന്‍റെ ചിത്രമല്ലിത്. 2014ലെ ചിത്രമാണ് ഇപ്പോഴത്തേത് എന്ന അവകാശവാദങ്ങളോടെ പ്രചരിപ്പിക്കുന്നത്. ഇപ്പോള്‍ വൈറലായിരിക്കുന്ന ചിത്രം റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോഴാണ് ഈ വിവരം ലഭിച്ചത്. നെതന്യാഹു കുടുംബസമേതം എത്തി ഇളയ മകന്‍ അവ്‌നെറിനെ സേനയില്‍ ചേരാനായി അയക്കുന്നതിന്‍റെ ഇതേ ചിത്രം സഹിതം ടൈംസ് ഓഫ് ഇസ്രയേല്‍ എന്ന മാധ്യമം 2014 ഡിസംബര്‍ 1ന് വാര്‍ത്ത നല്‍കിയിരുന്നു. ഇതിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ. 

നിഗമനം

ഹമാസിനെ നേരിടാന്‍ ഗാസയിലേക്ക് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്‍റെ മകനെ അയക്കുന്നു എന്ന തലക്കെട്ടോടെയുള്ള ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഐഡിഎഫിലേക്ക് ഇളയ മകനെ നെതന്യാഹു യാത്രയാക്കുന്നതിന്‍റെ 2014ലെ ചിത്രമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളുടെത് എന്ന കുറിപ്പുകളോടെ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യപ്പെടുന്നത്. 

Read more: ഗാസയിൽ ഇസ്രയേല്‍ യുദ്ധ ഹെലികോപ്റ്റര്‍ ഹമാസ് വെടിവച്ചിട്ടോ; വീഡിയോ പ്രചരിക്കുന്നു- Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം