ചന്ദ്രനില്‍ നിന്ന് ചന്ദ്രയാന്‍- 3 പകര്‍ത്തിയ ഭൂമിയുടെ മനോഹര ദൃശ്യമാണിത് എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്

ദില്ലി: ചാന്ദ്ര ഗവേഷണത്തില്‍ ഇന്ത്യയുടെ അഭിമാന പദ്ധതിയാണ് ചന്ദ്രയാന്‍- 3. ചന്ദ്രന്‍റെ സൗത്ത് പോളിനോട് ചേര്‍ന്ന് ഇന്ത്യയുടെ ഐഎസ്ആര്‍ഒ വിജയകരമായി വിക്രം ലാന്‍ഡര്‍ ഇറക്കി ചരിത്രം കുറിച്ചിരുന്നു. ചാന്ദ്രയാനുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങളും വീഡിയോകളുമാണ് സാമൂഹ്യമാധ്യമങ്ങളില്‍ അടുത്തിടെ പ്രചരിച്ചത്. ഇതിലൊന്ന്, ചാന്ദ്രയാന്‍ മൂന്ന് ചന്ദ്രന്‍റെ ഉപരിതലത്തില്‍ നിന്ന് പകര്‍ത്തിയ ഭൂമിയുടെ ദൃശ്യമായിരുന്നു. ഈ വീഡിയോ യഥാര്‍ഥമോ അല്ലയോ എന്ന സംശയം പങ്കുവെക്കുകയാണ് പലരും. അതിനാല്‍ തന്നെ ഇതിന്‍റെ വസ്‌തുത എന്തെന്ന് പരിശോധിക്കാം. 

പ്രചാരണം

ചന്ദ്രനില്‍ നിന്ന് ചന്ദ്രയാന്‍- 3 അയച്ച മനോഹരമായ ദൃശ്യമാണിത് എന്ന കുറിപ്പോടെയാണ് വസീം ആര്‍ ഖാന്‍ എന്ന എക്‌സ് (ട്വിറ്റര്‍) യൂസര്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 2023 ഓഗസ്റ്റ് 21ന് ട്വീറ്റ് ചെയ്ത വീഡിയോ ഇതിനകം രണ്ട് ലക്ഷത്തിലധികം പേര്‍ കണ്ടു. 11 സെക്കന്‍ഡാണ് വീഡിയോയുടെ ദൈര്‍ഘ്യം. വീഡിയോയില്‍ കാണുന്നത് ഇന്ത്യയുടെ ചന്ദ്രയാന്‍- 3 പകര്‍ത്തിയ ഭൂമിയുടെ ദൃശ്യങ്ങള്‍ തന്നെയോ?

Scroll to load tweet…

വസ്‌തുത

പ്രചരിക്കുന്ന വീഡിയോ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സുകള്‍ കൊണ്ട് നിര്‍മിച്ച ത്രീ-ഡി വീഡിയോ ആണെന്ന് പലരും ട്വീറ്റിനടിയില്‍ കമന്‍റ് ചെയ്‌തതായി കാണാം. ഇതിനാല്‍ വീഡിയോയുടെ യാഥാര്‍ഥ്യം വസ്‌തുതാ പരിശോധനയ്‌ക്ക് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ വിധേയമാക്കി. ഒറ്റനോട്ടത്തില്‍ തന്നെ വീഡിയോ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സാണ് എന്ന് വ്യക്തം. എങ്കിലും അത് ഉറപ്പിക്കാന്‍ വിശദമായ പരിശോധനകള്‍ നടത്തി. ചാന്ദ്രയാന്‍ പകര്‍ത്തിയത് എന്ന് അവകാശപ്പെടുന്ന വീഡിയോ യൂട്യൂബില്‍ ഷോര്‍ട് വീഡിയോ ആയി അപ്‌ലോഡ് ചെയ്തിട്ടുള്ളതായി റിവേഴ്‌സ് ഇമേജ് സെര്‍ച്ചിലൂടെ തെളിഞ്ഞു. ഇതിലൊരിടത്തും വീഡിയോ ചന്ദ്രയാന്‍ മൂന്ന് പകര്‍ത്തിയതാണ് എന്ന് പറയുന്നില്ല.

നിലവില്‍ പ്രചരിക്കുന്ന വീഡിയോ ഐഎസ്‌ആര്‍ഒയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളില്‍ എവിടെയും കാണാനും കഴിഞ്ഞില്ല. ചന്ദ്രയാന്‍- 3 ചന്ദ്രനില്‍ കാല്‍കുത്തിയ ശേഷം ഇത്തരമൊരു വീഡിയോയും ഐഎസ്‌ആര്‍ഒ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടില്ല എന്നതും വീഡിയോ യഥാര്‍ഥമല്ല എന്നതിന്‍റെ തെളിവാണ്. 

ഷോര്‍ട് വീഡിയോയുടെ സ്ക്രീന്‍ഷോട്ട്

മറ്റൊരു തെളിവുകൂടി

മാത്രമല്ല, കമ്പ്യൂട്ടര്‍ ജനറേറ്റഡ് ത്രീ-ഡി വീഡിയോ ആണിത് എന്ന് ഫാക്ട് ചെക്ക് സംഘമായ ഡി-ഇന്‍റന്‍റ് ഡാറ്റ ഓഗസ്റ്റ് 23ന് ട്വീറ്റ് ചെയ്‌തതും വസ്‌തുതാ പരിശോധനയില്‍ കണ്ടെത്താനായി. പ്രചരിക്കുന്ന വീഡിയോ ചന്ദ്രയാന്‍ പകര്‍ത്തിയത് അല്ലെന്നും ഗ്രാഫിക്‌സാണെന്നും ഇക്കാരണങ്ങള്‍ കൊണ്ട് ഉറപ്പിക്കാം. 

Read more: 'ഇതാണ് പുതിയ ഇന്ത്യ, ചന്ദ്രയാന്‍ പകര്‍ത്തിയ വീഡിയോ കാണൂ'; പക്ഷേ ഒരു പ്രശ്‌നമുണ്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം