ദില്ലി: സാമൂഹ്യമാധ്യമമായ ട്വിറ്ററില്‍ ഒരു പശുവും പുള്ളിപ്പുലിയുമായാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. പശു അരുകിലിരിക്കുന്ന പുള്ളിപ്പുലിയെ സ്വന്തം കിടാവിനെ പോലെ താലോലിക്കുന്നതാണ് ചിത്രങ്ങള്‍. ചിത്രങ്ങള്‍ക്ക് ഒപ്പമുള്ള കുറിപ്പ് ഏവരെയും ആശ്ചര്യത്തിലാക്കുകയും ചെയ്തു. അസമില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍ എന്നായിരുന്നു പ്രചരിച്ചിരുന്നത്. എന്നാല്‍ ഈ ചിത്രങ്ങള്‍ക്ക് പിന്നില്‍ ആരും പ്രതീക്ഷിക്കാത്ത ഒരു ട്വിറ്റ് സംഭവിച്ചിരിക്കുന്നു. 

വൈറലായ പ്രചാരണം 

'അസമില്‍ ഒരാള്‍ പശുവിനെ വാങ്ങി. രാത്രിയില്‍ നായ്‌ക്കള്‍ സ്ഥിരമായി കുരയ്‌ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടമ വീട്ടില്‍ സിസിടിവി സ്ഥാപിച്ചു. ഒരു പുള്ളിപ്പുലി എല്ലാ രാത്രിയിലും അവിടെ സന്ദര്‍ശിക്കുന്നതും പശുവിന്‍റെയടുത്ത് ഇരിക്കുന്നതും കണ്ട് അയാള്‍ അമ്പരന്നു. ഈ പുള്ളിപ്പുലിക്ക് 20 ദിവസം മാത്രം പ്രായമുള്ളപ്പോള്‍ അമ്മ കൊല്ലപ്പെട്ടു എന്ന് പശുവിന്‍റെ മുന്‍ ഉടമയോട് അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞു. പശു അവന് പാല് നല്‍കി ജീവന്‍ രക്ഷിച്ചു. വളര്‍ന്നപ്പോള്‍ പുള്ളിപ്പുലിയെ കാട്ടില്‍ ഉപേക്ഷിച്ചു. പൂര്‍ണ വളര്‍ച്ചയെത്തിയതു മുതല്‍ പുള്ളിപ്പുലി എല്ലാ രാത്രിയിലും വളര്‍ത്തമ്മയായ പശുവിന്‍റെ അടുത്തെത്തുന്നു'- ഇതാണ് ചിത്രങ്ങള്‍ക്കൊപ്പം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ കുറിപ്പ്

 

നിരവധി പേരാണ് ഈ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. ഫേസ്‌ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലും ഇത് പ്രത്യക്ഷപ്പെട്ടു. ജമ്മു കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ളയാണ് ഈ ചിത്രം റീ-ട്വീറ്റ് ചെയ്ത പ്രമുഖരില്‍ ഒരാള്‍. 

 

സംഭവം സത്യമോ? വസ്‌തുത

എന്നാല്‍ ഈ സംഭവം അസമില്‍ നിന്നുള്ളതല്ല എന്ന് തെളിഞ്ഞിരിക്കുന്നു. 2002ല്‍ ഗുജറാത്തിലെ വഡോദര ജില്ലയിലുള്ള അന്തോളി ഗ്രാമത്തില്‍ നിന്നുള്ളതാണ് ഈ ചിത്രങ്ങളെന്നാണ് വ്യക്തമായിരിക്കുന്നത്. 

വസ്‌തുതാ പരിശോധനാ രീതി

  • പുള്ളിപ്പുലിയുടെയും പശുവിന്റെയും സ്‌നേഹകഥ The love story of a leopard and a cow എന്ന പേരില്‍ ടൈംസ് ഓഫ് ഇന്ത്യ 2002 ഒക്‌ടോബര്‍ 25ന് പ്രസിദ്ധീകരിച്ചിരുന്നു. ചിലപ്പോള്‍ വന്യമൃഗങ്ങളുടെ സ്വഭാവത്തില്‍ മാറ്റമുണ്ടായേക്കാം. വനാന്തരങ്ങള്‍ വിട്ട് ഗ്രാമാന്തരീക്ഷത്തില്‍ വളര്‍ന്നതിനാലാവാം പുള്ളിപ്പുലി ഇത്രയേറെ ഇണങ്ങുന്നത് എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പറയുന്നു. ഈ സംഭവമാണ് അസമില്‍ നിന്നുള്ള അപൂര്‍വ സ്‌നേഹ കഥ എന്ന പേരില്‍ രണ്ട് പതിറ്റാണ്ടോളം ഇടവേളയ്‌ക്ക് ശേഷം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

 

  • പതിനെട്ട് വര്‍ഷം മുമ്പ് പകര്‍ത്തിയ ചിത്രമാണ് ഇതെന്ന് റിവേഴ്‌സ് ഇമേജ് സെര്‍ച്ചിലും തെളിഞ്ഞു. onforest.com എന്ന വെബ്‌സൈറ്റില്‍ ഈ ചിത്രങ്ങള്‍ സഹിതമുള്ള ഒരു കുറിപ്പ് കണ്ടെത്താനായി. 2014 ഏപ്രില്‍ ആറിനാണ് ഈ ഫീച്ചര്‍ പ്രസിദ്ധീകരിച്ചത്. ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കഥകളല്ല ആ വിവരണത്തില്‍ നല്‍കിയിട്ടുള്ളത്. 

 

നിഗമനം

പുള്ളിപ്പുലിയുടേയും പശുവിന്‍റേയും അപൂര്‍വ സ്‌നേഹത്തിന്‍റെ ചിത്രം അസമില്‍ നിന്നുള്ളതല്ല. 2002ല്‍ ഗുജറാത്തില്‍ നിന്ന് പകര്‍ത്തിയതാണ് ഈ ചിത്രം. ഇപ്പോള്‍ പ്രചരിക്കുന്ന വൈറല്‍ കുറിപ്പുമല്ല ചിത്രങ്ങള്‍ക്ക് പിന്നിലെ യഥാര്‍ഥ സംഭവം എന്നും ഉറപ്പിക്കാം. 

മദ്യം കൊറോണയെ പ്രതിരോധിക്കുമെന്ന് വീണ്ടും പ്രചാരണം; സ്‌ക്രീന്‍ഷോട്ട് വിശ്വസനീയമോ?

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​