ചെന്നൈയില്‍ നിന്നുള്ളത് എന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെയ്‌ക്കപ്പെടുന്ന വീഡിയോ വ്യാജം

ചെന്നൈ: തമിഴ്‌നാട്-ആന്ധ്രാപ്രദേശ് തീരങ്ങള്‍ക്ക് കനത്ത ഭീഷണിയായിരിക്കുകയാണ് മിഗ്ജൗമ് ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിന് മുന്നോടിയായി ആരംഭിച്ച കനത്ത മഴ ചെന്നൈ നഗരത്തെ പ്രളയത്തില്‍ മുക്കി. ഇതോടെ നിരവധി വീഡിയോകളും ചിത്രങ്ങളുമാണ് ചെന്നൈ നഗരത്തില്‍ നിന്നായി പുറത്തുവന്നത്. ഒഴുകിപ്പോകുന്ന കാറുകളും റോഡ് ക്രോസ് ചെയ്യുന്ന മുതലയുമെല്ലാം ഈ വീഡിയോ ദൃശ്യങ്ങളിലുണ്ടായിരുന്നു. എന്നാല്‍ ചെന്നൈയില്‍ നിന്നുള്ളത് എന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെയ്‌ക്കപ്പെടുന്ന വീഡിയോകളിലൊന്ന് വ്യാജവും പഴയതുമായിരുന്നു എന്നതാണ് യാഥാര്‍ഥ്യം. പ്രചാരണവും വസ്‌തുതയും വിശദമായി പരിശോധിക്കാം.

പ്രചാരണം

ഫിലിപ്പീന്‍സിലെ അതിശക്തമായ ഭൂകമ്പത്തിന് ശേഷം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് എന്ന കുറിപ്പോടെയാണ് വീഡിയോ ഗൗതം വര്‍മ്മ എന്ന യൂസര്‍ 2023 ഡിസംബര്‍ 3ന് ട്വീറ്റ് ചെയ്‌തത്. ഈ വീഡിയോ ഇതിനകം ഒരു ലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു. വീടുകളും കെട്ടിടങ്ങളുമുള്ള പ്രദേശത്ത് ശക്തമായി കാറ്റ് വീശുന്നതും മഴ പെയ്യുന്നതുമാണ് വീഡിയോയില്‍. വലിയ വെള്ളപ്പൊക്കവും ആടിയുലയുന്ന മരങ്ങളും വീടുകളുടെ ഭാഗങ്ങള്‍ തകരുന്നതുമെല്ലാം 21 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളില്‍ കാണാം.

Scroll to load tweet…

വസ്‌തുതാ പരിശോധന

എന്നാല്‍ വീഡിയോ തമിഴ്‌നാട്ടില്‍ നിന്നുള്ളതല്ല. 2023 മെയ് 14ന് വിവിധ വാര്‍ത്താ മാധ്യമങ്ങള്‍ ഈ വീഡിയോ സഹിതം റിപ്പോര്‍ട്ടുകള്‍ നല്‍കിയിരിക്കുന്നതായി മനസിലാക്കിയതില്‍ നിന്നാണ് ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. തമിഴ്‌നാട്ടില്‍ നിന്നെന്ന പേരില്‍ ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയുടെ ഫ്രെയിമുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കി. ഇതില്‍ ലഭിച്ച ഫലങ്ങളിലൊന്ന് വാര്‍ത്ത മാധ്യമമായ WIONന്‍റെതായിരുന്നു. 2023 മെയ് 14ന് മോഖ ചുഴലിക്കാറ്റ് ബംഗ്ലാദേശ്-മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ കരതൊട്ടു എന്ന വിവരണത്തോടെയാണ് വീഡിയോ ഫേസ്‌ബുക്കില്‍ വെരിഫൈഡ് പേജില്‍ നിന്ന് WION പോസ്റ്റ് ചെയ്‌തിരിക്കുന്നത്. വീഡിയോ പഴയതാണ് എന്ന് ഈ തെളിവില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നതാണ്. 

ഇതേ മെയ് 14ന് സമാന വീഡിയോ ആന്ധ്രാപ്രദേശ് വെതര്‍മാന്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വീഡിയോയുടെ വിവരണത്തിലും പറയുന്നത് മോഖ ചുഴലിക്കാറ്റിന്‍റെ ദൃശ്യങ്ങളാണിത് എന്നാണ്. ഇതും വീഡിയോ ബംഗ്ലാദേശ്-മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ നിന്നുള്ളതാണ് എന്ന് സൂചിപ്പിക്കുന്നു. എന്തായാലും വീഡിയോ പഴയതാണ് എന്നും മിഗ്ജൗമ് ചുഴലിക്കാറ്റിന്‍റെത് അല്ല എന്നും ഇക്കാരണങ്ങള്‍ കൊണ്ട് ഉറപ്പിക്കാം. 

നിഗമനം 

തമിഴ്‌നാട്-ആന്ധ്രാ തീരത്തിന് ഭീഷണിയായ മിഗ്ജൗമ് ചുഴലിക്കാറ്റിന്‍റെ ദൃശ്യങ്ങള്‍ എന്ന അവകാശവാദത്തോടെയുള്ള വീഡിയോ 2023 മെയ് മാസത്തില്‍ ബംഗ്ലാദേശ്-മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ വീശിയടിച്ച മോഖ ചുഴലിക്കാറ്റിന്‍റെതാണ് എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീമിന്‍റെ പരിശോധനയില്‍ തെളിഞ്ഞു. 

Read more: 'കേരളത്തിലെ റോഡിലുള്ള കുഴിയില്‍ ചിത്രം വരച്ച് പ്രതിഷേധം, കേസ് എടുക്കുമോ പിണറായി പൊലീസ്'; പോസ്റ്റിന്‍റെ സത്യം