കങ്കണ റണൌട്ടിന്‍റെ ബോളിവുഡിലെ ലഹരിയുപയോഗത്തിനെതിരായ ജയാ ബച്ചന്‍റെ പ്രതികരണത്തിന് പിന്നാലെ അവരെയും ഭര്‍ത്താവിനേയും ബഹിഷ്കരിക്കുന്നതായി നടന്‍ മുകേഷ് ഖന്ന പ്രഖ്യാപിച്ചെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങളിലെ വസ്തുതയെന്താണ്?

ജയ ബച്ചന്‍, അമിതാഭ് ബച്ചന്‍ എന്നിവരെ ബഹിഷ്കരിക്കണമെന്ന് ചലചിത്രതാരം മുകേഷ് ഖന്ന ആവശ്യപ്പെട്ടോ? കങ്കണ റണൌട്ടിന്‍റെ ബോളിവുഡിലെ ലഹരിയുപയോഗത്തിനെതിരായ ജയാ ബച്ചന്‍റെ പ്രതികരണത്തിന് പിന്നാലെ അവരെയും ഭര്‍ത്താവിനേയും ബഹിഷ്കരിക്കുന്നതായി നടന്‍ മുകേഷ് ഖന്ന പ്രഖ്യാപിച്ചെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങളിലെ വസ്തുതയെന്താണ്?

പ്രചാരണം


'ഞാന്‍ ജയാബച്ചനേയും അമിതാഭ് ബച്ചനേയും ബഹിഷ്കരിക്കുന്നു. തനിക്കൊപ്പം ആരുണ്ട്' എന്നാണ് മുകേഷ് ഖന്നയുടെ ട്വിറ്റര്‍ അക്കൌണ്ടില്‍ നിന്ന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. ശക്തിമാന്‍ സീരിയലിലെ മുഖ്യ കഥാപാത്രത്തിന്‍റെ ആവശ്യം നിരവധിപ്പേരാണ് ട്വീറ്റ് ചെയ്തതും, പിന്തുണച്ചതും. സെപ്തംബര്‍ 15 ഉച്ചയോടെ നടത്തിയ ട്വീറ്റ് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ വൈറലാവുകയുമായിരുന്നു

വസ്തുത


മുകേഷ് ഖന്നയുടെ ചിത്രം ഉപയോഗിച്ചുള്ള വ്യാജ പ്രൊഫൈലില്‍ നിന്നുമുളള ബഹിഷ്കരണ ആവശ്യമാണ് നിരവധിയാളുകള്‍ ഏറ്റെടുത്തത്. അഭിനേത്രിയും എംപിയുമായ ജയാ ബച്ചനേയോ മുതിര്‍ന്ന നടനായ അമിതാഭ് ബച്ചനേയോ ബഹിഷ്കരിക്കാന്‍ ശക്തിമാന്‍ താരം ആഹ്വാനം ചെയ്തിട്ടില്ല. 

വസ്തുതാ പരിശോധനാ രീതി

വ്യാജ പ്രൊഫൈലില്‍ നിന്നാണ് മുകേഷ് ഖന്നയുടെ പേരില്‍ വൈറലാവുന്ന രീതിയില്‍ മറ്റാരോ ട്വീറ്റ് ചെയ്തതായാണ് ഇന്ത്യ ടുഡേയുടെ വസ്തുതാ പരിശോധക വിഭാഗം കണ്ടെത്തിയത്. മുകേഷ് ഖന്നയുടെ പേരില്‍ ഒന്നിലധികം വ്യാജ അക്കൌണ്ടുകളും കണ്ടെത്തി.

ഇതില്‍ മിക്കവയും കടുത്ത രാഷ്ട്രീയ നിലപാടുകള്‍ പ്രഖ്യാപിക്കുന്നവ കൂടിയാണ്.

പ്രമുഖര്‍ക്കെതിരെ നിലപാടുകള്‍ വ്യക്തമാക്കുന്ന തന്‍റെ അക്കൌണ്ടുകളെക്കൊണ്ട് ശക്തിമാന്‍ താരം പൊറുതിമുട്ടിയിരിക്കുകയാണ് എന്നാണ് മുകേഷ് ഖന്ന ഇന്ത്യ ടുഡേയോട് വ്യക്തമാക്കിയത്.

വ്യാജ അക്കൌണ്ടുകള്‍ക്കെതിരെ പൊലീസ് സഹായം തേടാനൊരുങ്ങുകയാണ് ശക്തിമാന്‍ സീരിയലിലൂടെ ഏറെ പ്രശസ്തനായ മുകേഷ് ഖന്ന. 2018 മുതല്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നുണ്ടെന്നും @actmukeshkhanna എന്നപേരിലാണ് ഇതെന്നും താരം വിശദമാക്കി.

വ്യാജ അക്കൌണ്ടുകളുംഉപയോഗിക്കുന്നത് ഖന്നയുടെ ചിത്രം തന്നെയാണ്. 2011, 2013, 2015, 2020 വര്‍ഷങ്ങളില്‍ സൃഷ്ടിച്ചിരിക്കുന്ന വ്യാജ അക്കൌണ്ടുകളില്‍ നിന്നാണ് തെറ്റിധരിപ്പികുന്ന നിലയിലുള്ള പല ട്വീറ്റുകളെന്നും താരം വിശദമാക്കുന്നു. 

നിഗമനം 

അമിതാഭ് ബച്ചനേയും ജയാ ബച്ചനേയും ബഹിഷകരിക്കാന്‍ ആവശ്യപ്പെട്ടുള്ള വൈറലായ ട്വീറ്റുകള്‍ മുകേഷ് ഖന്നയുടേതല്ല.