മുദ്ര ലോണ്‍ സംബന്ധിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന്‍റെയും ലിങ്കിന്‍റെയും വസ്തുത 

തിരുവനന്തപുരം: മുദ്ര ലോണിനെ കുറിച്ച് ഏറെ വ്യാജ പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ മുമ്പ് നടന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒരു പുത്തന്‍ സോഷ്യല്‍ മീഡിയ പ്രചാരണത്തിന്‍റെ വസ്‌തുത പരിശോധിക്കാം.

പ്രചാരണം 

'മുദ്ര ലോണ്‍ തല്‍ക്ഷണം നേടൂ, സിബില്‍ ആവശ്യമില്ല, ഓണ്‍ലൈന്‍ പ്രക്രിയ പൂര്‍ത്തിയാക്കൂ'- എന്നുമാണ് തല്‍ക്ഷണ വായ്പ എന്ന ഫേസ്ബുക്ക് പേജില്‍ നല്‍കിയിരിക്കുന്നത്. ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫോട്ടോയും സമര്‍പ്പിച്ചാല്‍ മൂന്ന് ലക്ഷം രൂപ വരെ ലോണ്‍ ലഭിക്കുമെന്ന് പോസ്റ്റില്‍ പറയുന്നു. മറഞ്ഞിരിക്കുന്ന നിരക്കുകളൊന്നും ഇല്ലായെന്നും 24 മണിക്കൂറിനുള്ളില്‍ ഓണ്‍ലൈനായി ഈ പ്രക്രിയ പൂര്‍ത്തിയാക്കാമെന്നും അവകാശവാദമുണ്ട്. 

വസ്‌തുതാ പരിശോധന

എഫ്ബി പോസ്റ്റില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ keralamudraloan.in എന്ന വെബ്‌സൈറ്റിലേക്കാണ് എത്തുക. ഫേസ്ബുക്ക് പോസ്റ്റിലെ വിവരങ്ങളും അതില്‍ ചേര്‍ത്തിരിക്കുന്ന ലിങ്കും ഒറ്റ നോട്ടത്തില്‍ തന്നെ സംശയാസ്‌പദമാണ്. പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്ന തല്‍ക്ഷണ വായ്പ എന്ന എഫ്‌ബി പേജ് 2025 ജനുവരിയില്‍ മാത്രം ആരംഭിച്ചതാണ്. ഇതൊരു വെരിഫൈഡ് പേജുമല്ല. മാത്രമല്ല, keralamudraloan.in ഡൊമൈന്‍ വിലാസം കണ്ടാലറിയാം, അത് സര്‍ക്കാരിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെന്ന്. ഇതില്‍ നിന്ന് ഈ പോസ്റ്റിന്‍റെ വസ്തുത മനസിലാക്കാവുന്നതേയുള്ളൂ.

മാത്രമല്ല, മുദ്ര ലോണ്‍ പദ്ധതി പ്രകാരം വ്യക്തികള്‍ക്ക് നേരിട്ട് വായ്പ നല്‍കില്ലെന്ന് പിഐബി ഫാക്ട് ചെക്ക് ഉള്‍പ്പടെ മുമ്പ് വ്യക്തമാക്കിയതുമാണ്.

Scroll to load tweet…

നിഗമനം

സിബില്‍ സ്കോര്‍ ആവശ്യമില്ല, മൂന്ന് ലക്ഷം വരെ മുദ്ര ലോണ്‍ നേടൂ എന്ന തരത്തില്‍ ഫേസ്ബുക്കിലുള്ള പ്രചാരണം വ്യാജമാണ്. ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആരും വഞ്ചിതരാവരുത്. 

Read more: നക്ഷത്ര ചിഹ്നമുള്ള 500 രൂപ കറന്‍സികള്‍ വ്യാജമോ? സത്യമിത്- Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം