ബിജെപി ഫ്രീ റീച്ചാര്‍ജ് യോജന എന്ന തലക്കെട്ടില്‍ ഒരു വെബ്‌സൈറ്റിന്‍റെ ലിങ്ക് സഹിതമാണ് വാട്‌സ്ആപ്പില്‍ സന്ദേശം വൈറലായിരിക്കുന്നത്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ ഇന്ത്യന്‍ മൊബൈല്‍ ഉപഭോക്‌താക്കള്‍ക്കും മൂന്ന് മാസത്തെ സൗജന്യ റീച്ചാര്‍ജ് നല്‍കുന്നതായി 2023ല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ അതൊരു വ്യാജ പ്രചാരണമായിരുന്നു. മോദി ഇന്ത്യക്കാര്‍ക്ക് പുതുവല്‍സര സമ്മാനമായി മൂന്ന് മാസത്തെ ഫ്രീ മൊബൈല്‍ റീച്ചാര്‍ജ് നല്‍കുന്നു എന്നാണ് ഇപ്പോഴത്തെ പ്രചാരണം. പ്രധാനമായും വാട്‌സ്ആപ്പിലാണ് റീച്ചാര്‍ജ് ചെയ്യാന്‍ എന്നവകാശപ്പെടുന്ന ലിങ്ക് സഹിതം സന്ദേശം സജീവമായിരിക്കുന്നത്. 

പ്രചാരണം

ബിജെപി ഫ്രീ റീച്ചാര്‍ജ് യോജന എന്ന തലക്കെട്ടില്‍ ഒരു വെബ്‌സൈറ്റിന്‍റെ ലിങ്ക് സഹിതമാണ് വാട്‌സ്ആപ്പില്‍ സന്ദേശം വൈറലായിരിക്കുന്നത്. എല്ലാ ഇന്ത്യന്‍ മൊബൈല്‍ യൂസര്‍മാര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് മാസത്തെ സൗജന്യ മൊബൈല്‍ റീച്ചാര്‍ജ് നല്‍കുന്നു. പുതുവല്‍സര ആഘോഷങ്ങളുടെ ഭാഗമായാണ് ഇത്. ഇങ്ങനെ റീച്ചാര്‍ജ് ചെയ്യുന്നതിലൂടെ കൂടുതല്‍ പേര്‍ക്ക് ബിജെപിക്ക് വോട്ട് ചെയ്യാനാവുകയും 2024 പൊതുതെരഞ്ഞെടുപ്പിലും എന്‍ഡിഎ സര്‍ക്കാരിന് അധികാരത്തിലെത്താന്‍ കഴിയുമെന്നും സന്ദേശത്തില്‍ പറയുന്നു. മൂന്ന് മാസത്തെ സൗജന്യ റീച്ചാര്‍ജ് സൗകര്യം ലഭിക്കാന്‍ ചുവടെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ സന്ദേശത്തില്‍ ആവശ്യപ്പെടുന്നു. 

വസ്‌തുത

എന്നാല്‍ പുതുവത്സരം പ്രമാണിച്ച് മൂന്ന് മാസത്തെ സൗജന്യ മൊബൈല്‍ റീച്ചാര്‍ജ് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കുന്നതായുള്ള സോഷ്യല്‍ മീഡിയയിലെ പ്രചാരണം വ്യാജമാണ്. ഇത്തരത്തിലൊരു സൗജന്യ മൊബൈല്‍ റീച്ചാര്‍ജ് പദ്ധതി ഇന്ത്യന്‍ സര്‍ക്കാരിനില്ലെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. വ്യാജ സന്ദേശമാണ് പ്രചരിക്കുന്നത് ഇതില്‍ ആരും ക്ലിക്ക് ചെയ്ത് വഞ്ചിതരാവരുത് എന്ന് പിഐബി സാമൂഹ്യമാധ്യമങ്ങളില്‍ സന്ദേശത്തിന്‍റെ വസ്‌തുത വ്യക്തമാക്കി പങ്കുവെച്ച കുറിപ്പിലുണ്ട്. വാട്‌സ്ആപ്പ് സന്ദേശത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വ്യക്തിവിവരങ്ങള്‍ ആരും കൈമാറാതിരിക്കാന്‍ ശ്രദ്ധിക്കുക. 

Scroll to load tweet…

Read more: 'പ്രധാനമന്ത്രിയുടെ വക മൂന്ന് മാസത്തെ സൗജന്യ മൊബൈല്‍ റീച്ചാര്‍ജ്'! സന്ദേശം വൈറല്‍, അപേക്ഷിക്കേണ്ടതുണ്ടോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം