ശുഭ്‌മാന്‍ ഗില്ലും സാറ ടെന്‍ഡുല്‍ക്കറും മഹാകുംഭമേളയില്‍ ഒന്നിച്ച് പങ്കെടുത്തതായി ഫോട്ടോ സഹിതം സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റര്‍ ശുഭ്‌മാന്‍ ഗില്ലും സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറ ടെന്‍ഡുല്‍ക്കറും പ്രണയത്തിലാണെന്ന് കിംവദന്തികള്‍ മുമ്പ് പരന്നിരുന്നു. ഇതിന്‍റെ ചുവടുപിടിച്ച് മറ്റൊരു പ്രചാരണം ഇരുവരെയും ചുറ്റിപ്പറ്റി ഇപ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സജീവമായിരിക്കുകയാണ്. ശുഭ്‌മാന്‍ ഗില്ലും സാറ ടെന്‍ഡുല്‍ക്കറും മഹാകുംഭമേളയില്‍ ഒന്നിച്ച് പങ്കെടുത്തതായാണ് ഒരു ഫോട്ടോ സഹിതം സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍. ഈ ചിത്രത്തിന്‍റെ യാഥാര്‍ഥ്യം പരിശോധിക്കാം.
പ്രചാരണം
'ശുഭ്‌മാന്‍ ഗില്ലും സാറ ടെന്‍ഡുല്‍ക്കറും മഹാകുംഭമേള 2025ല്‍'- എന്ന കുറിപ്പോടെയാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം Hakmaji Thakor എന്ന ഫേസ്ബുക്ക് യൂസര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. #couplegoals #mahakumbh2025 എന്നീ ഹാഷ്‌ടാഗുകളും എഫ്‌ബി പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. സമാന ചിത്രം ഇതേ അവകാശവാദത്തോടെ എക്‌സിലും (പഴയ ട്വിറ്റര്‍) കാണാം.

വസ്‌തുതാ പരിശോധന
ഒറ്റ നോട്ടത്തില്‍ തന്നെ ഫോട്ടോയിലെ സാറ ടെന്‍ഡുല്‍ക്കര്‍ക്കും ശുഭ്‌മാന്‍ ഗില്ലിനും ഭാവവ്യത്യാസം കാണാം. ഇരുവരുടെയും യഥാര്‍ഥ രൂപത്തില്‍ നിന്ന് ഏറെ വ്യത്യസ്തമായ മുഖഭാവമാണ് ഫോട്ടോയില്‍ കാണുന്നത്. ഗില്ലിന്‍റെ ഹെയര്‍സ്റ്റൈലിലും ഈ വ്യത്യസമുണ്ടെങ്കില്‍, സാറയ്ക്ക് ചിത്രത്തില്‍ ഉയരം കൂടുതല്‍ തോന്നിക്കുന്നു. മാത്രമല്ല, ഫോട്ടോയ്ക്ക് അമിതമായ മിനുസവും പ്രകടം. ഈ സംശയങ്ങള്‍ ഫോട്ടോ എഐ നിര്‍മിതമാകാം എന്ന സൂചന നല്‍കി. ഇതേത്തുടര്‍ന്ന്, എഐ ഫോട്ടോകള്‍ കണ്ടെത്താനുള്ള ഓണ്‍ലൈന്‍ ടൂളുകള്‍ ഉപയോഗിച്ച് ചിത്രം പരിശോധനയ്ക്ക് വിധേയമാക്കി.
എഐ ഫോട്ടോ ഡിറ്റക്ഷന്‍ വെബ്‌സൈറ്റായ ഹൈവ് മോഡറേഷന്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഈ ചിത്രം എഐ നിര്‍മിതമോ, ഡീപ്‌ഫേക്കോ ആണെന്ന് 99.4 ശതമാനം ഫലം ലഭിച്ചു. മാത്രമല്ല, ഗില്ലും സാറയും ഒന്നിച്ച് കുംഭമേളയ്ക്ക് എത്തിയതായി സ്ഥിരീകരിക്കുന്ന ഒരു വിവരവും പരിശോധനയില്‍ കണ്ടെത്താനുമായില്ല.

നിഗമനം
ശുഭ്‌മാന്‍ ഗില്ലിനൊപ്പം സാറ ടെന്‍ഡുല്‍ക്കര്‍ മഹാകുംഭമേളയ്ക്ക് എത്തിയതായുള്ള പ്രചാരണം നടക്കുന്നത് എഐ നിര്‍മിത ഫോട്ടോ ഉപയോഗിച്ചാണ്.
Read more: ഗുജറാത്തില്‍ ട്രെയിന്‍ അപകടത്തില്‍ 350 മരണം എന്ന് വ്യാജ പ്രചാരണം, വീഡിയോ വിശ്വസിക്കരുത്- Fact Check
