ഈ തുർക്കി സംഘമാണ് തകർന്ന ഹെലികോപ്റ്റർ രാത്രിയിൽ തന്നെ കണ്ടെത്തിയത് എന്നാണ് അവകാശവാദം

ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടിരുന്നു. റെയ്‌സിക്കൊപ്പം ഇറാന്‍ വിദേശകാര്യ മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും അപകടത്തില്‍ ജീവന്‍ നഷ്ടമായി. അസര്‍ബൈജാന്‍ അതിര്‍ത്തിയില്‍ നിന്ന് ഏറെ പണിപ്പെട്ടാണ് ഹെലി‌കോപ്റ്റര്‍ കണ്ടെടുത്തത്. ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ കണ്ടെത്താന്‍ സഹായിച്ച തുര്‍ക്കി നൈറ്റ് വിഷന്‍ ഹെലികോപ്റ്ററിന്‍റെത് എന്ന പേരിലൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഈ ദൃശ്യങ്ങളുടെ വസ്‌തുത പക്ഷേ മറ്റൊന്നാണ്.

പ്രചാരണം

'തകർന്ന ഇറാൻ പ്രസിഡന്റിന്റെ ഹെലികോപ്റ്റർ കണ്ടെത്താൻ നൈറ്റ് വിഷൻ ഹെലികോപ്റ്ററുകൾ അയച്ച് തുർക്കി! ഈ തുർക്കി സംഘമാണ് തകർന്ന ഹെലികോപ്റ്റർ രാത്രിയിൽ തന്നെ കണ്ടെത്തിയത്'- എന്ന കുറിപ്പോടെയാണ് വീഡിയോ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. 33 സെക്കന്‍ഡാണ് വീഡിയോയുടെ ദൈര്‍ഘ്യം. 

വസ്‌തുത

ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയെ കണ്ടെത്താന്‍ തുര്‍ക്കി അയച്ച ഹെലികോപ്റ്ററിന്‍റെ ദൃശ്യങ്ങളല്ല ഇത് എന്നതാണ് യാഥാര്‍ഥ്യം. സമാന വീഡിയോയുടെ പൂര്‍ണ രൂപം 2013 മാര്‍ച്ച് 20ന് AiirSource Military എന്ന യൂട്യൂബ് അക്കൗണ്ടില്‍ അപ്‌ലോഡ് ചെയ്‌തിട്ടുള്ളതാണ്. വീഡിയോയുടെ കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിലാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. 

അമേരിക്കന്‍ നാവികസേനയുടെ ഭാഗമായ 82nd Combat Aviation Brigade 2012 ഏപ്രില്‍ 13ന് അഫ്ഗാനിസ്ഥാന്‍ പ്രവിശ്യയില്‍ നടത്തിയ രാത്രികാല പരിശീലനത്തിന്‍റെ ദ‍ൃശ്യങ്ങളാണിത് ഇതെന്നാണ് ലഭ്യമായ വിവരങ്ങളില്‍ നിന്ന് മനസിലാവുന്നത്.

അതായത്, ഒരു പതിറ്റാണ്ടിലേറെ പഴക്കമുള്ള വീഡിയോയാണ് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയെ കണ്ടെത്താന്‍ തുര്‍ക്കി അയച്ച പ്രത്യേക ഹെലികോപ്റ്ററിന്‍റെ ദൃശ്യങ്ങള്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അതേസമയം, റെയ്‌സിയെ കണ്ടെത്താന്‍ തുര്‍ക്കി അയച്ചത് ഹെലികോപ്റ്റര്‍ അല്ല, ആളില്ലാ വിമാനമാണ് എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. 

Read more: വീടിന് മുന്നില്‍ നിര്‍ത്താത്തതിന് കര്‍ണാടകയില്‍ ബസ് അടിച്ചുതകര്‍ത്തോ? വീഡ‍ിയോയും സത്യവും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം