ഇന്നലെ എയിംസിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട ഇന്ത്യന്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്‍റെ അവസാന ചിത്രം എന്ന കുറിപ്പോടെയാണ് ഫോട്ടോ ട്വീറ്റ് ചെയ്‌തിരിക്കുന്നത് 

രാജ്യത്തിന്‍റെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ഇന്നലെ (2024 ഡിസംബര്‍ 26) അന്തരിച്ചിരുന്നു. ദില്ലിയിലെ എയിംസില്‍ വച്ചാണ് അദേഹത്തിന്‍റെ മരണം സ്ഥിരീകരിച്ചത്. പ്രധാനമന്ത്രി, ധനമന്ത്രി, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, അധ്യാപകന്‍ എന്നിങ്ങനെ വിവിധ പദവികളില്‍ ശ്രദ്ധേയനായ മന്‍മോഹന്‍ സിങിന് സോഷ്യല്‍ മീഡിയയില്‍ അന്ത്യാഞ്ജലികള്‍ നിറയവേ അദേഹത്തിന്‍റെ അവസാന ചിത്രം എന്ന പേരിലൊരു ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെടുകയാണ്. എന്താണ് ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ എന്ന് നോക്കാം. 

പ്രചാരണം

'മന്‍മോഹന്‍ സിങിന്‍റെ അവസാന ചിത്രം, രാജ്യത്തിന്‍റെ സാമ്പത്തിക രംഗം ഉയരങ്ങളിലെത്തിച്ച അദേഹത്തിന് സല്യൂട്ടുകള്‍'- എന്നുമാണ് ആശുപത്രിക്കിടക്കയില്‍ ഒരാള്‍ കിടക്കുന്ന ചിത്രം സഹിതമുള്ള ട്വീറ്റ്. രാജ്യത്തിന്‍റെ മുന്‍ പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിങിന്‍റെ അവസാന ഫോട്ടോയാണിത് എന്നാണ് സോഷ്യല്‍ മീഡിയ പ്രചാരണം. 

വസ്‌തുതാ പരിശോധന

ഫോട്ടോയുടെ വസ്‌തുത അറിയാന്‍ ചിത്രം റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കുകയാണ് ചെയ്‌തത്. ഈ പരിശോധനയില്‍ 2021 ഒക്ടോബര്‍ 14ന് With RG എന്ന ഫേസ്‌ബുക്ക് അക്കൗണ്ടില്‍ സമാന ചിത്രത്തിന്‍റെ വലിയ രൂപം പോസ്റ്റ് ചെയ്‌തിട്ടുള്ളത് കാണാനായി. ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെടുന്ന ചിത്രം പഴയതാണെന്നും മന്‍മോഹന്‍ സിങിന്‍റെ അവസാന ഫോട്ടോയല്ല എന്നും ഇതില്‍ നിന്ന് വ്യക്തമായി.

മാത്രമല്ല, ഫോട്ടോയുടെ ഒറിജിനലും മറ്റൊരു ചിത്രവും നവഭാരത് ടൈംസ് 2021 ഒക്ടോബര്‍ 14ന് ട്വീറ്റ് ചെയ്‌തതുമാണ്. 2021ല്‍ മന്‍മോഹന്‍ സിങിനെ എയിംസില്‍ അന്നത്തെ കേന്ദ്ര ആരോഗ്യമന്ത്രി സന്ദര്‍ശിക്കുന്ന ചിത്രം പുറത്തുവന്നത് വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. 

നിഗമനം

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്‍റെ മരണത്തിന് മുമ്പുള്ള അവസാന ചിത്രം എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഫോട്ടോ 2021ലേതാണ്. 

Read more: മൻമോഹൻ സിങ്ങിന് വിട നൽകാൻ രാജ്യം, ആദരാഞ്ജലി നേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും; സംസ്കാരം നാളെ രാവിലെ 11ന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം