ഫോര്‍ഡോ ആണവ നിലയത്തില്‍ ജിബിയു-57 ബങ്കര്‍ ബസ്റ്റര്‍ ബോംബിട്ട ബി-2 ബോംബര്‍ ഇറാന്‍ തകര്‍ത്തുവെന്നാണ് ചിത്രം ഷെയര്‍ ചെയ്യുന്നവര്‍ അവകാശപ്പെടുന്നത്

നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും ആശങ്കകള്‍ക്കുമൊടുവില്‍ ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം വെടിനിര്‍ത്തലിന് വഴിമാറിയിരിക്കുകയാണ്. ഇറാനിലെ ആണവ സമ്പുഷ്‌ടീകരണ നിലയങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇസ്രയേല്‍ ആക്രമണത്തിന്‍റെ രണ്ടാംഘട്ടത്തില്‍ അമേരിക്ക ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ വഹിച്ചുകൊണ്ടുള്ള ബി-2 ബോബര്‍ (B-2 Bomber) വിമാനങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇറാനിലെ ഏറ്റവും രഹസ്യ സ്വഭാവത്തിലുള്ള ഫോര്‍ഡോ ന്യൂക്ലിയര്‍ കേന്ദ്രത്തില്‍ ബി-2 ബോബറുകള്‍ ജിബിയു-57 എന്ന് പേരുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഇടുകയും ചെയ്തു. ഇതിന് പിന്നാലെ യുഎസിന്‍റെ ബി-2 വിമാനം ഇറാന്‍ വെടിവച്ചിട്ടിരുന്നോ?

പ്രചാരണം

ഇറാനിലെ ആണവ സമ്പുഷ്‌ടീകരണ നിലയങ്ങളില്‍ ആക്രമണം നടത്തിയ യുഎസ് ബി-2 ബോബര്‍ ഇറാന്‍ വെടിവച്ചിട്ടു എന്നാണ് എക്സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ചിത്രം സഹിതമുള്ള പ്രചാരണം. കാഴ്‌ചയില്‍ വവ്വാലിനെ പോലെ തോന്നുന്ന ബി-2 വിമാനം തകര്‍ന്നതിന്‍റെ ചിത്രമാണ് ഷെയര്‍ ചെയ്യപ്പെടുന്നത്. #B2BomberDown പോലുള്ള ഹാഷ്‌ടാഗുകളും ഇതിനൊപ്പം കാണാം. ഈ ചിത്രം സത്യം തന്നെയോ എന്ന് പരിശോധിക്കാം.

വസ്‌തുതാ പരിശോധന

ഫോര്‍ഡോ ആണവ നിലയത്തില്‍ ജിബിയു-57 ബങ്കര്‍ ബസ്റ്റര്‍ ബോംബുകളിട്ട യുഎസിന്‍റെ ബി-2 വിമാനങ്ങള്‍ ദൗത്യം പൂര്‍ത്തിയാക്കി ഇറാന്‍ വ്യോമമേഖലയില്‍ നിന്ന് സുരക്ഷിതമായി തിരിച്ചിറങ്ങിയതായി നേരത്തെ യുഎസ് സ്ഥിരീകരിച്ചതാണ്. മാത്രമല്ല, വിമാനങ്ങള്‍ മിസോറിയിലെ വൈറ്റ്‌മാന്‍ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ തിരിച്ചെത്തുന്ന ദൃശ്യങ്ങള്‍ വൈറ്റ് ഹൗസ് ഔദ്യോഗിക എക്സ് ഹാന്‍ഡിലില്‍ പങ്കിടുകയും ചെയ്തു. ദൗത്യത്തിലുണ്ടായിരുന്ന ഒരു ബി-2 വിമാനം പോലും ഇറാന്‍ ആക്രമിക്കുകയോ, അല്ലെങ്കില്‍ തകര്‍ന്നുവീഴുകയോ ചെയ്തതായി അമേരിക്ക ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതിനാല്‍ തന്നെ ബി-2 വിമാനം ഇറാന്‍ തകര്‍ത്തതായുള്ള സോഷ്യല്‍ മീഡിയ പ്രചാരണം സംശയാസ്‌പദമായി. ഈ ചിത്രം എഐ ടൂളുകളുടെ സഹായത്തോടെ നിര്‍മ്മിക്കപ്പെട്ടതാണ് എന്ന സംശയം ഇതോടെ ഉയര്‍ന്നു.

ഇതേത്തുടര്‍ന്ന് എഐ ഫോട്ടോ ഡിറ്റക്ഷന്‍ ടൂളുകളുടെ സഹായത്തോടെ ചിത്രം വിശദമായി പരിശോധിച്ചു. ഈ പരിശോധനയില്‍ ലഭിച്ച ഫലങ്ങളെല്ലാം പറയുന്നത് വൈറല്‍ ചിത്രം എഐ നിര്‍മ്മിതമാണ് എന്നാണ്.

നിഗമനം

ഇറാന്‍ അമേരിക്കയുടെ ബി-2 ബോംബര്‍ വിമാനം വെടിവച്ചിട്ടതായി ഫോട്ടോ സഹിതമുള്ള പ്രചാരണം വ്യാജമാണ്. എഐ നിര്‍മ്മിത ഫോട്ടോയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇറാന്‍ ബി-2 ബോംബര്‍ വിമാനം വെടിവച്ചിട്ടെന്ന അവകാശവാദം സത്യമല്ല.

Asianet News Live | Iran Israel Conflict | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Breaking News