നൂറുകണക്കിനാളുകള്‍ തുറസായ സ്ഥലത്തുകൂടെ വലിയ ചാക്കുകെട്ടുകള്‍ ചുമലിലേറ്റി നടന്ന് നീങ്ങുന്നതാണ് ദൃശ്യത്തില്‍ കാണുന്നത്

ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം ശക്തമായി തുടരവെ വെള്ളവും ഭക്ഷണവുമില്ലാതെ ഗാസയിലെ ജനങ്ങള്‍ വീര്‍പ്പുമുട്ടുകയാണ് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഗാസയിലേക്കുള്ള വെള്ളവും വൈദ്യുതിയും അടക്കമുള്ള അടിസ്ഥാന സൗകര്യ വിതരണം ഇസ്രയേല്‍ ഹമാസിന്‍റെ ആക്രമണത്തിന് പിന്നാലെ നിര്‍ത്തിവച്ചിരുന്നു. ഇതിനിടെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോയില്‍ അവകാശപ്പെടുന്നത് ഗാസയുമായി അതിര്‍ത്തി പങ്കിടുന്ന ഈജിപ്‌തിലെ ജനങ്ങള്‍ അവിടേക്ക് ഭക്ഷണസാധനങ്ങള്‍ ചുമടായി എത്തിക്കുന്നു എന്നാണ്. സത്യമാണോ ഈ വീഡിയോ?

Scroll to load tweet…

പ്രചാരണം

ഈജിപ്‌തിലെ സാധാരണക്കാരായ ജനങ്ങള്‍ അതിര്‍ത്തി കടന്ന് വെള്ളവും ഭക്ഷണസാമഗ്രികളും പലസ്‌തീന് എത്തിക്കുന്നു എന്ന കുറിപ്പോടെയാണ് വീഡിയോ സാമൂഹ്യമാധ്യമായ എക്‌സില്‍ (പഴയ ട്വിറ്റര്‍) പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഇമ്രാന്‍ ഹമീദ് ഷെയ്‌ഖ് എന്ന യൂസഫാണ് വീഡിയോ 2023 ഒക്ടോബര്‍ 13-ാം തിയതി ട്വീറ്റ് ചെയ്‌തത്. ഈ വീഡിയോ ഇതിനകം മൂന്ന് ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. നൂറുകണക്കിനാളുകള്‍ തുറസായ സ്ഥലത്തുകൂടെ വലിയ ചാക്കുകെട്ടുകള്‍ ചുമലിലേറ്റി നടന്ന് നീങ്ങുന്നതാണ് ദൃശ്യത്തില്‍ കാണുന്നത്. 

ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട്

വസ്‌തുത

ഈ വീഡിയോ ഗാസ- ഈജിപ്‌ത് അതിര്‍ത്തിയില്‍ നിന്നുള്ളതാണോ എന്ന് ഉറപ്പിക്കാന്‍ ദൃശ്യത്തിന്‍റെ ഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കി. ഇതില്‍ നിന്ന് ബോധ്യപ്പെട്ടത് ഈ വീഡിയോ നിലവിലെ ഹമാസ്- ഇസ്രയേല്‍ പ്രശ്‌നം തുടങ്ങുന്നതിന് ഒരു മാസം മുമ്പേ ട്വിറ്ററില്‍ പ്രചരിക്കുന്നതാണ് എന്നാണ്. വിവിധ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്ന് സമാന വീഡിയോ 2023 സെപ്റ്റംബര്‍ 7, 8 തിയതികളില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത് വസ്‌തുതാ പരിശോധനയില്‍ കാണാനായി. ലിങ്ക് 1, 2, 3, 4. അതേസമയം ഹമാസ്- ഇസ്രയേല്‍ സംഘര്‍ഷം തുടങ്ങിയത് 2023 ഒക്ടോബര്‍ 7-ാം തിയതി മാത്രമാണ്. സെപ്റ്റംബര്‍ മാസത്തില്‍ ട്വീറ്റ് ചെയ്യപ്പെട്ട വീഡിയോകളുടെ തലക്കെട്ടുകളില്‍ പറയുന്നത് ഇത് ഈജിപ്‌ത്- ലിബിയ അതിര്‍ത്തിയില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് എന്നാണ്. 

സെപ്റ്റംബര്‍ മാസത്തിലെ ട്വീറ്റുകള്‍

നിഗമനം

ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് നിലവിലെ ഇസ്രയേല്‍- ഹമാസ് സംഘര്‍ഷങ്ങളുമായി യാതൊരു ബന്ധവുമില്ല. ഗാസയിലെ ജനങ്ങള്‍ക്ക് ഈജിപ്‌തില്‍ നിന്ന് വെള്ളവും ഭക്ഷണവും എത്തിക്കുന്ന ദൃശ്യങ്ങളല്ല ഇത്. പ്രചരിക്കുന്ന വീഡിയോ ലിബിയ- ഈജിപ്‌ത് അതിര്‍ത്തിയില്‍ നിന്നാണെന്നാണ് മനസിലാവുന്നത്. 

Read more: ചീട്ടുകൊട്ടാരം പോലെ തരിപ്പണമായി നിരവധി ബഹുനില കെട്ടിടങ്ങള്‍; വീഡിയോ ഗാസയില്‍ നിന്നോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം