ദില്ലി: രാജ്യത്ത് കൊവിഡ് കാലത്ത് നൂറുകണക്കിന് വ്യാജ സന്ദേശങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത്. സത്യമേത്, വ്യാജമേത് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത രീതിയിലാണ് വൈറല്‍ സന്ദേശങ്ങളുടെ പ്രളയം. കൊവിഡ് തുടരുന്ന സാഹചര്യത്തില്‍ ഡിസംബര്‍ ഒന്നിന് ശേഷം സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഉള്‍പ്പടെ എല്ലാ സര്‍വീസുകളും ഇന്ത്യന്‍ റെയില്‍വേ അവസാനിപ്പിക്കും എന്നാണ് പുതിയ സന്ദേശം. എന്താണ് ഇതിന്‍റെ വസ്‌തുത?

പ്രചാരണം ഇങ്ങനെ

'ഇന്ത്യന്‍ റെയില്‍വേ കൊവിഡ് സ്‌പെഷ്യലുകള്‍ ഉള്‍പ്പടെ എല്ലാ ട്രെയിന്‍ സര്‍വീസുകളും ഡിസംബര്‍ 1ന് ശേഷം നിര്‍ത്തിവെക്കും' എന്നാണ് വാട്‌സ്‌ആപ്പില്‍ പ്രചരിക്കുന്ന സന്ദേശത്തിലുള്ളത്. യാത്രക്കായി മുന്‍കൂട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് കാത്തിരിക്കുന്നവരുള്‍പ്പടെ നിരവധിയാളുകള്‍ ഇതോടെ ആശങ്കയിലായി. സന്ദേശം സത്യമാണോ എന്ന് തിരക്കി നിരവധി പേര്‍ രംഗത്തെത്തി. 

വസ്‌തുത

ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നതുമായി ബന്ധപ്പെട്ടുള്ള വാട്‌സ്‌ആപ്പ് സന്ദേശത്തില്‍ ആരും ഭയപ്പെടേണ്ടതില്ല. പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയ്‌ക്ക് കീഴിലുള്ള പിഐബി ഫാക്‌ട് ചെക്ക് വിഭാഗം അറിയിച്ചു. ഡിസംബര്‍ ഒന്നിന് ശേഷം ട്രെയിനുകള്‍ നിര്‍ത്തിവെക്കാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചിട്ടില്ല എന്നും പിഐബിയുടെ മറുപടിയില്‍ പറയുന്നു. 

 

നിഗമനം

ഡിസംബര്‍ ഒന്നിന് ശേഷം രാജ്യത്തെ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും നിശ്ചലമാകും എന്ന സന്ദേശം വ്യാജമാണ്.